Ongoing News
പ്രവാസികളുടെ കാര്യക്ഷമതയാണ് യു എ ഇ ഭരണാധികാരികളുടെ സ്‌നേഹത്തിന് കാരണം: മുഖ്യമന്ത്രി
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
അബൂദബി|യു എ ഇ ഭരണാധികാരികൾ “കേരളം ഞങ്ങളുടെ ഹൃദയത്തിലാണ്’ എന്ന് ആവർത്തിച്ച് പറയുന്നത്, ഇവിടെ പ്രവാസികളായ മലയാളികൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദബിയിൽ നടന്ന മലയാളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇന്ന് കാണുന്ന വികസനത്തിന് ഇടയാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് പ്രവാസികൾ നൽകിയ പിന്തുണയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ആരംഭിച്ച കാലം മുതൽ ഈ പിന്തുണ ലഭ്യമായിരുന്നു. വലിയതോതിൽ നാടിന്റെ അഭിവൃദ്ധിക്ക് ഇത് ഇടയാക്കി.
2018-ലെ നൂറ്റാണ്ടിലെ മഹാപ്രളയം കേരളത്തെ തകർത്ത ഘട്ടത്തിൽ യു എ ഇ ഭരണാധികാരികൾ കാണിച്ച സഹായസന്നദ്ധത ഒരിക്കലും മറക്കാനാവാത്തതാണ്- അദ്ദേഹം പറഞ്ഞു. ഭ്രാന്താലയത്തിൽ നിന്ന് മാനവാലയത്തിലേക്ക്
പണ്ട് സ്വാമി വിവേകാനന്ദൻ “ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ച കേരളത്തിൽ, വിദ്യ നിഷേധിച്ചതും അന്തസ്സോടെ ജീവിക്കാൻ പറ്റാത്തതുമായ ഒരു കാലമുണ്ടായിരുന്നു. നവോത്ഥാന നായകരുടെ ദീർഘമായ പ്രവർത്തനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പരിശ്രമത്തിലൂടെ ജാതിഭേദവും സാമ്പത്തികമായ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു. സാർവത്രിക വിദ്യാഭ്യാസം, സൗജന്യ വിദ്യാഭ്യാസം, ഭൂപരിഷ്‌കരണ നടപടി എന്നിവയെല്ലാം കേരളത്തിൽ വലിയ മാറ്റത്തിന് ഇടയാക്കി.
ഈ മാറ്റം വന്നതോടെയാണ് ഇന്ന് വലിയ അക്കാദമിക് മികവുള്ള പ്രവാസികൾ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ മാനേജ്‌മെന്റ്‌വൈദഗ്ദ്ധ്യ തലങ്ങളിൽ പ്രവർത്തിക്കുന്നത്.
പത്ത് വർഷത്തെ വികസനം
ഒരു ഘട്ടം എത്തിയപ്പോൾ കേരളത്തിന്റെ വികസനം സ്തംഭിച്ചു. നടക്കേണ്ട കാര്യങ്ങൾ സമയത്തിന് നടക്കുന്നില്ല. ദേശീയപാത വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കില്ല എന്ന ചിന്തയായിരുന്നു ആളുകൾക്ക്. 2016-ൽ അധികാരത്തിൽ വന്ന ഗവൺമെന്റ്ഈ ചിന്തക്ക് മാറ്റം വരുത്തി. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന വിലയുടെ 25 ശതമാനം സംസ്ഥാനം നൽകണമെന്ന ധാരണയിൽ ഗതാഗത അതോറിറ്റിക്ക് 5,600 കോടി രൂപ നൽകി. നടക്കില്ല എന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കി. ഇപ്പോൾ ഗ്യാസ് ഫാക്ടറികളിലും അടുക്കളയിലും എത്തുകയാണ്.
തടസ്സപ്പെട്ട കൊച്ചി പവർ ഹൈവേ ലൈൻ പൂർത്തിയാക്കി, ഇപ്പോൾ വൈദ്യുതി പ്രവഹിക്കുകയാണ്. 150-ാമത്തെ പാലം ഉദ്ഘാടനം ചെയ്തു. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവക്കായി പതിനായിരം കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ഒരു സർക്കാരിന്റെ പ്രാഥമിക ബാധ്യത നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ച് പദ്ധതി പൂർത്തീകരിക്കുന്നതിനാണെന്നും കഴിഞ്ഞ പത്ത് വർഷത്തെ മാറ്റങ്ങൾ ഭരണമികവിനുള്ള നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2016-ന് മുമ്പ് ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട ലിസ്റ്റിൽ ഉണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്ന് അഞ്ച് ലക്ഷത്തോളം കുട്ടികൾ കൊഴിഞ്ഞുപോയിരുന്നു. എന്നാൽ ഇപ്പോൾ പത്ത് ലക്ഷം കുട്ടികൾ പുതുതായി വന്നുചേർന്നു. 5,000 കോടിയോളം രൂപ ചെലവഴിച്ച് 2,000-ത്തോളം സ്‌കൂളുകൾ സ്മാർട്ടാക്കി. പാഠപുസ്തകം കിട്ടാതെ അധ്യാപകർ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തിരുന്ന അവസ്ഥ മാറി, ഇപ്പോൾ സ്‌കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പാഠപുസ്തകം കുട്ടിയുടെ കയ്യിൽ കിട്ടുകയാണ്.
പത്ത് വർഷം മുമ്പ് തകർച്ചയിലായിരുന്ന ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ ആർദ്രം മിഷൻ പോലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി. നീതി ആയോഗ് തന്നെ സാക്ഷ്യപ്പെടുത്തുന്നതുപോലെ, ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന പൊതുവിദ്യാഭ്യാസ രംഗം കേരളത്തിലേതാണ്.
കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തര നിലവാരം കൈവരിച്ചു. അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആയിരിക്കുമ്പോൾ കേരളത്തിൽ അത് അഞ്ചാണ്.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം കുറവാണ് എന്ന പഴയ പരാതി പൂർണമായി മാറി. 2016-ൽ കേന്ദ്രസർക്കാർ പട്ടികയിൽ വളരെ പുറകിലായിരുന്ന കേരളം, ഇപ്പോൾ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. നിശ്ചിത സമയത്തിനകം അപേക്ഷകളിൽ അനുമതി നൽകണം, അല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭം തുടങ്ങാം എന്ന നിയമപരമായ മാറ്റമാണ് ഇതിന് പ്രധാന കാരണം.
നിക്ഷേപം
കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. ജി സി സി പര്യടനങ്ങളിലൂടെ ഫിഷറീസ്, ഡാറ്റാ സെന്റർ അടക്കമുള്ള മേഖലകളിൽ നിക്ഷേപം ഉറപ്പിച്ചു.
പ്രവാസി ക്ഷേമം: നോർക്ക പദ്ധതികൾ
പ്രവാസി ഐ ഡി കാർഡ് എടുക്കുന്ന കാര്യത്തിൽ സംഘടനകൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉണർത്തി. നിലവിൽ 7,53,310 പ്രവാസികൾക്കാണ് തിരിച്ചറിയൽ കാർഡ് നൽകാനായിട്ടുള്ളത്. ധാരാളം പേർ ഇപ്പോഴും ഇതിന് പുറത്തു നിൽക്കുന്നുണ്ട്.
പ്രവാസി രക്ഷാ ഇൻഷ്വറൻസ് പോളിസി വഴി 47,749 പ്രവാസികൾക്ക് ഇൻഷ്വറൻസ് നൽകി. 16 പേർക്ക് 17 ലക്ഷം രൂപ ഇൻഷുറൻസ് തുകയായി അനുവദിച്ചു കഴിഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നോർക്ക ഡയറക്ടർ സ്കോളർഷിപ്പ് വഴി 2.91 കോടിയിലധികം രൂപയുടെ ധനസഹായം അനുവദിച്ചു- അദ്ദേഹം പറഞ്ഞു.


