Connect with us

Uae

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന് ഇറാനിലേക്ക് ക്ഷണം

ഇറാന്‍ നേതാവ് ഇബ്രാഹിം റൈസിയാണ് ക്ഷണിച്ചത്.

Published

|

Last Updated

അബൂദബി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറാനിലേക്ക് ക്ഷണം. ഇറാന്‍ നേതാവ് ഇബ്രാഹിം റൈസിയാണ് ക്ഷണിച്ചത്. അബൂദബിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇറാന്‍ പ്രസിഡന്റിന് വേണ്ടി യു എ ഇ അംബാസഡര്‍ റെസ അമീരി മന്ത്രി ഖലീഫ അല്‍ മാരാര്‍ക്ക് ക്ഷണക്കത്ത് കൈമാറി.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുല്ലാഹിയാനുമായി ജൂണില്‍ അബൂദബിയില്‍ ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തിയിരുന്നു. അല്‍ ഷാതി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയില്‍ സ്ഥിരതയും സമൃദ്ധിയും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അബൂദബി സന്ദര്‍ശനത്തിനെത്തിയ അമിറാബ്ദുല്ലാഹിയാന്‍, ശൈഖ് മുഹമ്മദിന് റെയ്സിയുടെ ആശംസകള്‍ അറിയിക്കുകയും യു എ ഇയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബൂദബി ഉപ ഭരണാധികാരിയുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ്, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Latest