Kerala
കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ വധം; ശിക്ഷാവിധി നാളെ
യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസില്‍ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
പത്തനംതിട്ട | മല്ലപ്പള്ളി കോട്ടാങ്ങലില്‍ യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും (ജനുവരി 31, ശനി). കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീര്‍ (നെയ്മോന്‍-44) നെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) 2019 ഡിസംബര്‍ 15നാണ് വീടിനകത്ത് കൊല്ലപ്പെട്ടത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജി പി ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിന്‍ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടില്‍. ഈ സമയം എത്തിയ നസീര്‍ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മൃതദേഹം മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ കെട്ടിത്തൂക്കി നസീര്‍ കടന്നുകളയുകയായിരുന്നു.
അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയും നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ സി പിയുമായ ആര്‍ പ്രതാപന്‍ നായര്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്. നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് ടിജിനെ കുറ്റാരോപിതനാക്കിയാണ് മുന്നോട്ടുപോയത്. കേസന്വേഷണത്തിന്റെ ഭാഗമായി ടിജിന് ഏറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ടിജിന്റെ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം എത്തിച്ചത്. ക്രൂരമായ ലൈംഗികാതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘം പരിശോധനയില്‍ കണ്ടെത്തി. സംഭവദിവസം വീടിന് സമീപത്ത് സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി ചോദ്യംചെയ്തു. ഇതില്‍ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ടിഞ്ചുവിന്റെ മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കെട്ടിത്തൂക്കാനായി ഉപയോഗിച്ച കെട്ടിന്റെ ശൈലി തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം വേഗത്തിലെത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി.



