UAE
കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം: മന്ത്രാലയം
അടിയന്തര തീരുമാനമെടുക്കാൻ സമ്മർദം ചെലുത്തുന്നത് തട്ടിപ്പിന്റെ ലക്ഷണം
അബൂദബി| കുറഞ്ഞ കാലയളവിനുള്ളിൽ ഉയർന്നതും സുരക്ഷിതവുമായ ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ കെണിയിൽ വീഴ്ത്തുന്ന ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം. അതിവേഗം പണം സമ്പാദിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെ ചൂഷണം ചെയ്ത് സോഷ്യൽ മീഡിയയും വ്യാജ വെബ്സൈറ്റുകളും വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. വിപണി നിരക്കുകളേക്കാൾ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നത് ഇത്തരം തട്ടിപ്പുകളുടെ ആദ്യ ലക്ഷണമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപ തട്ടിപ്പുകളെ തിരിച്ചറിയാനുള്ള പ്രധാന ലക്ഷണങ്ങളും മന്ത്രാലയം വിശദീകരിച്ചു. പദ്ധതികളെക്കുറിച്ച് പഠിക്കാൻ സമയം നൽകാതെ പെട്ടെന്ന് നിക്ഷേപം നടത്താൻ മാനസികമായി സമ്മർദം ചെലുത്തുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിപ്‌റ്റോകറൻസി തുടങ്ങിയ സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് ബിസിനസ് മോഡലിൽ സുതാര്യതയില്ലാതെ സംസാരിക്കുക എന്നിവ തട്ടിപ്പിന്റെ രീതികളാണ്. കൂടാതെ, രജിസ്‌ട്രേഷൻ എന്ന വ്യാജേന എമിറേറ്റ്‌സ് ഐ ഡി, പാസ്്വേഡ്, ബേങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്നതും കൃത്യമായ വിലാസമോ ഔദ്യോഗിക ലൈസൻസോ ഇല്ലാത്തതും വ്യാജ വിപണന തന്ത്രങ്ങൾ ഉപയോഗിക്കുന്നതും തട്ടിപ്പാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
തുടക്കത്തിൽ ചെറിയ ലാഭം നൽകി വിശ്വസിപ്പിച്ച ശേഷം വലിയ തുക കൈക്കലാക്കി വെബ്സൈറ്റുകൾ പൂട്ടി മുങ്ങുകയാണ് ഇവരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ടാൽ പണം തിരിച്ചുലഭിക്കാൻ വലിയ പ്രയാസമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
മുൻകരുതലുകൾ വേണം
അസാധാരണമായ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ പൂർണമായും ഒഴിവാക്കുക. നിക്ഷേപം നടത്തുന്നതിന് മുൻപ് കമ്പനിയുടെ ലൈസൻസും ഔദ്യോഗിക പദവിയും പരിശോധിക്കുക. വ്യക്തിഗത വിവരങ്ങളോ ഒറ്റത്തവണ പാസ്്വേഡുകളോ (ഒ ടി പി) ആരുമായും പങ്കുവെക്കരുത്. പരിചയമില്ലാത്ത വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറരുത്. സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള ദേശീയ തന്ത്രം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ക്രിമിനൽ പോലീസ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അബൂദബിയിൽ പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു.
പോലീസ് മേധാവികൾ, സെൻട്രൽ ബേങ്ക് പ്രതിനിധികൾ, ടെലികോം ഡിജിറ്റൽ ഗവൺമെന്റ്റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏകീകൃതമായ പ്രതിരോധ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ ക്രിമിനൽ പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അഹ്്മദ് പറഞ്ഞു.
Content Highlights:
The UAE Ministry of Interior has issued a warning against online investment scams promising high returns. Fraudsters exploit people’s desire for quick money through fake websites and social media platforms. Officials advised verifying company licenses and never sharing personal data or OTPs.





