National
കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
യുവാവ് വാടകയ്ക്കെടുത്ത താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
ഗുരുഗ്രാം | ഹരിയാനയിലെ ഗുരുഗ്രാമില്‍ ചത്തീസ്ഗഡ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ശനിയാഴ്ചയായിരുന്നു സംഭവം. യുവാവ് വാടകയ്ക്കെടുത്ത താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം ഇടുപ്പിന് താഴെവച്ച് രണ്ടായി മുറിഞ്ഞ നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുത്തു.
ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക്, ഉത്തര്‍പ്രദേശിലെ സിതാപൂര്‍ സ്വദേശിയായ ഇഷാര അയൂബി എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 25 വയസാണ് പ്രായം. ഇരുവര്‍ക്കും ഗുരുഗ്രാമിലെ ഒരേ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി.
ഇഷാര അയൂബിയുടെ കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇഷാരയുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ജോലിക്ക് ഹാജരായിട്ടില്ലെന്ന് കുടുംബം അറിഞ്ഞു. ഇതോടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയൂബിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഗുരുഗ്രാം സെക്ടര്‍-55 ലുള്ള മാലിക്കിന്റെ പിജി താമസസ്ഥലത്താണെന്ന് കണ്ടെത്തി. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അയൂബിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ തറയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു. ഈ മുറി ശ്രേഷ്ഠ് മാലിക് എന്നയാളുടെ പേരിലാണ് വാടകയ്ക്കെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതേസമയം തന്നെ, ഗര്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി റെയില്‍വെ പോലീസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരു മരണങ്ങളും തമ്മിലുള്ള ബന്ധം പോലീസ് കണ്ടെത്തിയത്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് അയൂബി മാലിക്കിനൊപ്പം ഈ പിജിയിലേക്ക് താമസം മാറിയത്.ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍, കോള്‍ വിവരങ്ങള്‍, ചാറ്റുകള്‍, മറ്റ് സാങ്കേതിക തെളിവുകള്‍ എന്നിവ പോലീസ് പരിശോധിച്ചു വരികയാണ്.
Content Highlights: A 25-year-old software engineer named Shreshth Malik killed his girlfriend Ishara Ayubi at his rented PG accommodation in Gurugram. He then died by suicide by jumping in front of a train near Garhi railway station. Police discovered the bodies after the woman’s family filed a missing complaint.




