National
കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നിസ്‌കാരം വിലക്കി സുവേന്ദു സര്‍ക്കാര്‍
ശനിയാഴ്ച മുതലാണ് വിമാനത്താവള ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് എന്‍ട്രി പാസുകള്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചത്
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നിസ്‌കാരം നടത്തുന്നതിന് വിലക്ക്. പുറത്തുനിന്നുമെത്തുന്നവര്‍ക്ക് ഗേറ്റുകള്‍ തുറന്നിടാന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷയാണ് പ്രധാനമെന്നുമാണ് വിലക്കമുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചത്. കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയില്‍ നിസ്‌കാരം നടത്തുന്നതിനായുള്ള എന്‍ട്രി പാസുകള്‍ സസ്പെന്‍ഡ് ചെയ്ത നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് 136 വര്‍ഷം പഴക്കമുള്ള ഗൗരിപൂര്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ട്. ശനിയാഴ്ച മുതലാണ് വിമാനത്താവള ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് എന്‍ട്രി പാസുകള്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചത്. പള്ളിയിലെ പ്രാര്‍ത്ഥനയും തടഞ്ഞിട്ടുണ്ട്. ഇവിടെ പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ദേശീയ സുരക്ഷയ്ക്കും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കുമായിരിക്കും മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുക. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ചൈനയും ബംഗ്ലാദേശും അടുത്തായതിനാല്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം വളരെ നിര്‍ണ്ണായകമാണ്. പുറത്തുനിന്നുള്ളവര്‍ക്കായി അതിന്റെ ഗേറ്റുകള്‍ തുറന്നിടാന്‍ കഴിയില്ല,’- സുവേന്ദു അധികാരി പറഞ്ഞു.’
Content Highlights: Namaz has been restricted at the 136-year-old Gauripur Juma Masjid located inside Kolkata airport. West Bengal Chief Minister Suvendu Adhikari defended the suspension of entry passes by citing national security priorities. Authorities have deployed police force and security personnel at the site.





