Connect with us

Kerala

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ജനവിരുദ്ധം; ജനകീയ പ്രതിരോധം ഉയര്‍ത്തും: എഐവൈഎഫ്

എരുമേലി വിമാനത്താവള പദ്ധതിയും കൊടുമണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും നിലനില്‍ക്കെയാണ് ആറന്മുളയെ വീണ്ടും ലക്ഷ്യമിടുന്നത്. ഇത് വികസന താല്‍പര്യത്തേക്കാള്‍ ഭൂമി-റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്.

Published

|

Last Updated

പത്തനംതിട്ട  | ആറന്മുളയില്‍ ജനകീയ സമരത്തിലൂടെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു.സമൃദ്ധമായ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്ന ഈ പദ്ധതിക്കെതിരെ ഒരു പതിറ്റാണ്ട് മുമ്പ് പ്രദേശവാസികളും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നടങ്കം നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ജനങ്ങളുടെ പോരാട്ടവിജയത്തെ അട്ടിമറിച്ചുകൊണ്ടാണ് വീണ്ടും അതേ പദ്ധതി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്.

2018-ലെ മഹാപ്രളയത്തില്‍ ആറന്മുളയും സമീപ പ്രദേശങ്ങളും അനുഭവിച്ച ദുരന്തം കേരളം മറന്നിട്ടില്ല. പ്രകൃതിദത്ത ജലസംഭരണ മേഖലകളും നെല്‍വയലുകളും ഇല്ലാതാക്കുന്നതിന്റെ ഭവിഷ്യത്ത് ആ പ്രളയം വ്യക്തമായി കാണിച്ചുതന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പരിസ്ഥിതിയെ വെല്ലുവിളിച്ച് പദ്ധതി വീണ്ടും മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കം ജനങ്ങളോടും പ്രകൃതിയോടുമുള്ള വെല്ലുവിളിയാണ്.

പത്തനംതിട്ട ജില്ലയുടെ വികസനത്തിനായി പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതമുള്ള ബദല്‍ സാധ്യതകള്‍ മുന്‍കാലങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എരുമേലി വിമാനത്താവള പദ്ധതിയും കൊടുമണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും നിലനില്‍ക്കെയാണ് ആറന്മുളയെ വീണ്ടും ലക്ഷ്യമിടുന്നത്. ഇത് വികസന താല്‍പര്യത്തേക്കാള്‍ ഭൂമി-റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്.

ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി കൊടിയാട്ടും പത്തനംതിട്ട എംപി ആന്റോ ആന്റണിയും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാട് ജനങ്ങളോട് വ്യക്തമാക്കണം. പദ്ധതിപ്രദേശത്ത് സ്വകാര്യതലത്തില്‍ ഡ്രോണ്‍ സര്‍വേ നടന്നതായി പുറത്തുവന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ അനുമതിയോ ബന്ധപ്പെട്ട നിയമനടപടികളോ ഇല്ലാതെ ഇത്തരമൊരു സര്‍വേ നടത്താന്‍ ആരാണ് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരം നടപടികളുടെ നിയമസാധുതയും അന്വേഷിക്കപ്പെടണം.

പരിസ്ഥിതിയെയും കൃഷിഭൂമിയെയും ജനങ്ങളുടെ ജീവിതാവകാശത്തെയും ബലികഴിപ്പിക്കുന്ന ഒരു പദ്ധതിയും ആറന്മുളയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ ആശങ്കകള്‍ അവഗണിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ അതിനെ എഐവൈഎഫ് ചെറുക്കുമെന്നും ജില്ലാ കമ്മറ്റി വ്യക്താക്കി

Content Highlights: The AIYF Pathanamthitta district committee has strongly opposed attempts to revive the previously abandoned Aranmula airport project. They stated that restoring the project over wetlands and paddy fields would trigger massive ecological threats. The committee demanded explanations regarding a recent private drone survey held in the area.

 

---- facebook comment plugin here -----

Latest