Uae
നിര്‍മിത ബുദ്ധി മേഖലയില്‍ യു എ ഇ വന്‍ കുതിപ്പിലേക്ക്; സാങ്കേതിക വിദ്യ കൈമാറ്റത്തിന് ട്രംപിന്റെ ഉറപ്പ്
ഏഷ്യക്ക് പുറത്തു യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ്.

ദുബൈ | നിര്‍മിത ബുദ്ധി മേഖലയില്‍ യു എ ഇ വന്‍ കുതിപ്പിലേക്ക്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എ ഇ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവെച്ച കരാറുകള്‍ അതിലേക്ക് സൂചന നല്‍കുന്നു. നിര്‍ണായക സാങ്കേതികവിദ്യകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഒരു എ ഐ ആക്സിലറേഷന്‍ പങ്കാളിത്ത ചട്ടക്കൂട് സ്ഥാപിക്കാന്‍ യു എസും യു എ ഇയും സമ്മതിച്ചതായി യു എസ് വാണിജ്യ വകുപ്പ് അറിയിച്ചു.
‘പ്രസിഡന്റിന്റെ സന്ദര്‍ശനം തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നു. ദീര്‍ഘകാല സാമ്പത്തിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. യു എ ഇയും അമേരിക്കയും സൗഹൃദത്തിലും പരസ്പര ധാരണയിലും അധിഷ്ഠിതമായ ചരിത്രപരവും ആസൂത്രിത ബന്ധങ്ങള്‍ പങ്കിടുകയാണ്.’ യു എ ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് പറഞ്ഞു. ‘ട്രംപിന്റെ സന്ദര്‍ശനം സ്വാധീനമുള്ള ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും സുസ്ഥിര സാമ്പത്തിക, സാമൂഹിക വികസനം കൈവരിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു.
‘ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ അജണ്ടയില്‍ വ്യാപാര ബന്ധമായിരുന്നു മുഖ്യം. ശുദ്ധ ഊര്‍ജം, നിര്‍മിത ബുദ്ധി, സുസ്ഥിര വ്യാവസായിക വികസനം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ നിക്ഷേപങ്ങള്‍ പ്രധാനമായി. 20,000 കോടി ഡോളറിന്റെ ഇടപാടുകളാണ് നടക്കുക.
വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പങ്കാളിത്തം വളര്‍ത്തുന്നതിനും അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സിയൂദി സംസാരിച്ചു.
ഏഷ്യക്ക് പുറത്തു യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ്. കഴിഞ്ഞ വര്‍ഷം യു എ ഇയുടെ എണ്ണ ഇതര വ്യാപാരത്തിന്റെ നാല് ശതമാനം വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 3,280 കോടി ഡോളറിലെത്തി.യു എ ഇ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രകാരം, 1,800-ലധികം യു എസ് കമ്പനികള്‍ യു എ ഇയില്‍ സ്ഥാപിക്കപ്പെട്ടു.