Ongoing News
മീലാദുന്നബി;ആശംസകൾ നേർന്ന് യു എ ഇ നേതാക്കൾ
സമാധാനവും സ്ഥിരതയും ലോകത്ത് എല്ലായിടത്തും നിലനിൽക്കട്ടെയെന്നും മനുഷ്യരാശിക്ക് സുരക്ഷയും സമാധാനവും ഉണ്ടാകട്ടെയെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു

അബൂദബി|നബിദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആശംസകൾ നേർന്നു. സമാധാനവും സ്ഥിരതയും ലോകത്ത് എല്ലായിടത്തും നിലനിൽക്കട്ടെയെന്നും മനുഷ്യരാശിക്ക് സുരക്ഷയും സമാധാനവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. “മനുഷ്യരാശിയുടെയും സ്‌നേഹത്തിന്റെയും നല്ല സ്വഭാവങ്ങളുടെയും പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തിൽ, ലോകത്തും നമ്മുടെ പ്രദേശത്തും സമാധാനവും സ്ഥിരതയും നിലനിർത്താൻ സർവശക്തനായ ദൈവത്തോട് ഞങ്ങൾ പ്രാർഥിക്കുന്നു. മാനുഷിക ഐക്യത്തോടെ ലോകത്തിന് സമാധാനവും സുരക്ഷയും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും നബിദിനത്തിൽ മുസ്്ലിം ലോകത്തിന് ആശംസകൾ നേർന്നു. മാനുഷിക ഐക്യത്തോടെ ലോകത്തിന് സമാധാനവും സുരക്ഷയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.”നൽകുന്നവനും താക്കീത് നൽകുന്നവനും ലോകത്തിന് അനുഗ്രഹീതനുമായ മനുഷ്യരിൽ ഏറ്റവും നല്ലവന്റെ ജന്മദിനത്തിൽ ഞാൻ മുസ്്ലിം ലോകത്തെ അഭിനന്ദിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
“നബിദിനത്തിൽ, നല്ല ധാർമികതയുടെയും കാരുണ്യത്തിന്റെയും അർഥങ്ങൾ ഞങ്ങൾ ഓർമിക്കുന്നു. പ്രവാചകരുടെ ജനനം മനുഷ്യരാശിക്ക് നന്മ കൊണ്ടുവന്ന ഒരു ഉന്നതമായ സന്ദേശത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തി എന്നാണ് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആശംസയിൽ പറഞ്ഞത്. വിവിധ എമിറേറ്റിലെ ശൈഖുമാരും ഉന്നതരും നബിദിന സന്ദേശം നേർന്നിട്ടുണ്ട്.