Connect with us

International

ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഇസ്‌റാഈല്‍ ശ്രമം; അപലപിച്ച് യു എ ഇ

സഹോദരങ്ങളായ ഫലസ്തീന്‍ ജനതയെ ലക്ഷ്യംവച്ചുള്ള എല്ലാ കുടിയിറക്ക ശ്രമങ്ങളെയും രാജ്യം അപലപിക്കുന്നു.

Published

|

Last Updated

ദുബൈ | ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ യു എ ഇ അപലപിച്ചു. ഇത് അധിനിവേശ നയങ്ങളുടെ അപകടകരമായ വിപുലീകരണമാണെന്ന് യു എ ഇ പ്രസ്താവിച്ചു.

സഹോദരങ്ങളായ ഫലസ്തീന്‍ ജനതയെ ലക്ഷ്യംവച്ചുള്ള എല്ലാ കുടിയിറക്ക ശ്രമങ്ങളെയും രാജ്യം അപലപിക്കുന്നു. ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതിനും അവരെ കുടിയിറക്കാനുള്ള ശ്രമങ്ങളെ നേരിടുന്നതിനും സിവിലിയന്മാരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് അടിയന്തര വെടിനിര്‍ത്തല്‍ തേടുന്നതിനുമുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈജിപ്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.

കുടിയിറക്ക ആഹ്വാനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യു എന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഫലസ്തീന്‍ ജനതക്ക് അവരുടെ ഭൂമിയില്‍ തുടരാനും അവരുടെ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുമുള്ള അനിഷേധ്യമായ അവകാശത്തിന്മേലുള്ള കൈയേറ്റമാണിതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഇനി ഒരു രാഷ്ട്രീയ സാധ്യതയല്ല, മറിച്ച് ധാര്‍മികവും മാനുഷികവും നിയമപരവുമായ ബാധ്യതയാണ്. ഫലസ്തീനികളെ നാടുകടത്താനോ ഇല്ലാതാക്കാനോ ഉള്ള എല്ലാ ശ്രമങ്ങളെയും യു എ ഇ ശക്തമായി നിരാകരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും പ്രസക്തമായ അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മാത്രമേ മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയൂവെന്നും യു എ ഇ വ്യക്തമാക്കി.

 

Latest