Kerala
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ജനുവരി 14ന് പത്തനംതിട്ടയിൽ
മനുഷ്യർക്കൊപ്പം എന്ന സന്ദേശം കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്.
പത്തനംതിട്ട| ഇന്ത്യൻ ഗ്രാൻ്റ മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നായകനായും ബദറുസ്സാദാത്ത് ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി ഉപനായകരായും കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കേരളയാത്ര കോട്ടയം ജില്ലയിലെ സ്വീകരണത്തിന് ശേഷം ജില്ലാ അതിർത്തി കടന്ന് രാവിലെ 8.30 ന് തിരുവല്ലയിൽ യാത്രാ സംഘത്തെ പ്രാസ്ഥാനിക ജില്ലാ നേതാക്കളും, ജന പ്രതിനിധികളും സാംസ്കാരിക നായകരും ചേർന്ന് സ്വീകരിക്കും.
അതിർത്തി വരവേൽപ്പിന് ശേഷം രാവിലെ 10 മണിക്ക് പത്തനംതിട്ടയിലെ സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് സമ്മേളന നഗരിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെൻ്റിനറി ഗാർഡ് അംഗങ്ങളുടെ ഫ്ളാഗ് മാർച്ചോടുകൂടി ടൗൺ സ്ക്വയറിൽ എത്തിച്ചേരും. പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം പി, മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, തിരുവല്ല ശ്രീരാമകൃഷ്‌ണ മഠാതിപധി ആദരണീയ സ്വാമി നിർവിണ്ണിനന്ദ, മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ, വിവിധ മത രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തി കൾ സ്വീകരണ പരിപാടികളിൽ സംബന്ധിക്കും.
മനുഷ്യർക്കൊപ്പം എന്ന സന്ദേശം കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് ഈ പ്രമേയം മൂന്നോട്ടുവെക്കുന്നത്. വൈജാത്യങ്ങളെ ഉൾക്കൊള്ളുമ്പോൾ മാത്രമാണ് അത് സാധ്യമാവുക. വിശ്വാസപരവും രാഷ്ട്രീയവും സാമൂഹികവുമായ വൈജാത്യങ്ങൾ രാജ്യത്തുണ്ട്. അത് അങ്ങനെത്തന്നെ നിലനിൽക്കുമ്പോഴും ഈ സന്ദേശമാണ് അതിന്റെ പേരിൽ കലഹിക്കാനോ ശത്രുത പുലർത്താനോ പാടില്ല, കേരള യാത്ര മുന്നോട്ടുവെക്കുന്നത്. നിറഞ്ഞ ജീവിതവും പരസ്‌പര കരുതലും സംരക്ഷണവും സ്നേഹവും സഹവർത്തിത്തവും ശീലമാക്കുന്ന ഒരു ആദർശ സമൂഹത്തിൻ്റെ നിർമ്മിതിക്കുള്ള യാത്രയാണിത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്ങ്ങൾക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വർഗീയ-ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങൾ നടത്താനും കേരളം മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്‌ത മത രാഷ്ട്രീയ കാഴ്ചപ്പാടുകൾ പുലർത്തുന്ന എല്ലാ മനുഷ്യരെയും സഹിഷ്‌ണുതയോടെ കാണാൻ കഴിയുമ്പോഴാണ് നാം മനുഷ്യർക്കൊപ്പം ആണെന്ന് അഭിമാനിക്കാൻ കഴിയുന്നത്. 1999 ൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലിൽ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ യാത്രയും ആ യാത്രകൾ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്.
അഷ്റഫ് ഹാജി അലങ്കാർ (കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്റ് ), മുഹമ്മദ് ഇസ്‌മായിൽ (കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി (സമസ്‌ത ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ), മുഹമ്മദ് അഷ്ഹർ ( എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ട് അംഗം), സുധീർ വഴിമുക്ക് ( എസ് വൈ എസ് ജില്ലാ സെക്രട്ടറി), അൻസർ ജൗഹരി ( എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.



