Uae
യു എ ഇയുടെ വികസനം അതിരുകളില്ലാത്ത അഭിലാഷങ്ങളോടെ: ശൈഖ് മുഹമ്മദ്
വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

ദുബൈ|ദാറുൽ ഇത്തിഹാദിലെ അൽ മുദ്ഹീഫ് കൗൺസിലിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം രാജ്യത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ, ശൈഖുമാർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം സംവദിച്ചു. സമൂഹത്തിന്റെ വിവിധ ഘടകങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം വർധിപ്പിക്കാനും വികസനപാതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടാനുമാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
തുറന്ന മനസ്സും മത്സരബുദ്ധിയും സംരംഭകത്വവും അടിസ്ഥാനമാക്കിയുള്ള ഒരു അതുല്യമായ വികസന മാതൃകയാണ് യു എ ഇയുടേതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങൾ കൂട്ടായ പ്രവർത്തനത്തിന്റെയും സ്വകാര്യ മേഖലയുമായുള്ള ശക്തമായ പങ്കാളിത്തത്തിന്റെയും ഫലമാണ്. ദുബൈ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ദുബൈയുടെ ഡി33 സാമ്പത്തിക അജണ്ട ആസൂത്രണം ചെയ്തതിനേക്കാൾ വേഗത്തിലാണ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ സമ്പന്നരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി യു എ ഇ എങ്ങനെ മാറിയെന്ന് ദുബൈ ടൂറിസം ആൻഡ് കൊമേഴ്‌സ്യൽ മാർക്കറ്റിംഗ് കോർപറേഷൻ സി ഇ ഒ ഇസ്സാം കാസിം ഒരു പ്രസന്റേഷനിലൂടെ വിശദീകരിച്ചു. 2023-ൽ 1,16,000 സമ്പന്നരാണ് രാജ്യത്ത് താമസമാക്കിയത്. 2024-ൽ ഈ എണ്ണം 1,31,000 കവിഞ്ഞു. ഈ വർഷം ആദ്യ പകുതിയിൽ 98.8 ലക്ഷം സന്ദർശകരെ ദുബൈ ആകർഷിച്ചതായും അദ്ദേഹം പറഞ്ഞു.
ദുബൈ ഫ്യൂച്ചർ ലാബ്‌സിൽ നിന്നുള്ള പുതിയ യൂണിട്രീ ജി1 റോബോട്ടിന്റെ തത്സമയ പ്രദർശനവും ശൈഖ് മുഹമ്മദ് ബിൻ റാശിദ് വീക്ഷിച്ചു. ഡോ. അഹ്‌മദ് അൽ അത്താർ, എൻജിനീയർ മൈത അൽ ഖൈദി എന്നിവരാണ് റോബോട്ടിനെ അവതരിപ്പിച്ചത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ സന്ദർശകരെ സ്വീകരിക്കാനും റോബോട്ടിക്‌സ് സാങ്കേതികവിദ്യ പരിചയപ്പെടുത്താനും ഈ റോബോട്ട് ഉപയോഗിക്കും.