road accident
നിയന്ത്രണംവിട്ട ടോറസ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു
അടൂര്‍- ഭരണിക്കാവ് സംസ്ഥാന പാതയില്‍ തുവയൂര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.

അടൂര്‍ | നിയന്ത്രണം വിട്ട ടോറസ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ പോരുവഴി ഇടയ്ക്കാട് ദേവഗിരി പുത്തന്‍പറമ്പില്‍ പുത്തന്‍വീട്ടില്‍ പരേതനായ ജോര്‍ജിന്റേയും തങ്കമ്മയുടേയും മകന്‍ ഡിനു ജോര്‍ജ് (38), പോരുവഴി ഇടയ്ക്കാട് ദേവഗിരി സൂസീ കോട്ടേജില്‍ റിട്ട. പോസ്റ്റുമാസ്റ്റര്‍ ജോണ്‍സണ്‍ (70) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.45ന് അടൂര്‍- ഭരണിക്കാവ് സംസ്ഥാന പാതയില്‍ തുവയൂര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.
തുവയൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങാന്‍ ഓട്ടോയിൽ എത്തിയതായിരുന്നു ജോണ്‍സണ്‍. മരുന്ന് വാങ്ങി ജോണ്‍സണ്‍ തിരികെ ഓട്ടോയിലേക്ക് കയറുന്നതിനിടെയാണ് അടൂര്‍ ഭാഗത്തു നിന്നും കടമ്പനാട് ഭാഗത്തേക്ക് നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച്ച് അപകടം സംഭവിച്ചത്. ഈ സമയം ഡിനു വാഹനത്തിനുള്ളില്‍ തന്നെയുണ്ടായിരുന്നു.
ഗുരുതര പരുക്കേറ്റ ഇരുവരേയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍സമ്മയാണ് ജോണ്‍സന്റെ ഭാര്യ. മക്കള്‍: മോന്‍സി, ആന്‍സി. ഡിനു ജോര്‍ജിന്റെ സഹോദരങ്ങള്‍: അനില്‍, സുനില്‍. ഏനാത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.