National
മുംബൈയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 42ാം നിലയില്‍ നിന്ന് കല്ല് വീണ് രണ്ട് പേര്‍ മരിച്ചു
ശബീര്‍, ഇംറാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മുംബൈ| മുംബൈയിലെ വോര്‍ളിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കല്ല് വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. ശബീര്‍, ഇംറാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വോര്‍ളിയിലെ ഫോര്‍ സീസണ്‍സ് വളപ്പില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന 42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കല്ല് താഴേക്ക് വീണത്.
താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി. പരിക്കേറ്റ ശബീറിനെയും ഇംറാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച രണ്ട് പേരും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള ഹൗസിംഗ് സൊസൈറ്റിയില്‍ ജോലി ചെയ്യുന്നവരാണ്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇവരെന്ന് വോര്‍ളി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കോലി പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ബിഎംസി നായര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.