Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്; രമേശ് ചെന്നിത്തല

കേസില്‍ അറസ്റ്റിലായ നേതാക്കള്‍ക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വത്ത് കട്ടവരാരും രക്ഷപെട്ടിട്ടില്ല. മന്ത്രിമാരടക്കമുള്ളവര്‍ സ്വര്‍ണക്കൊള്ളയില്‍ ഉണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ അറസ്റ്റിലായ നേതാക്കള്‍ക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റു ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്‌ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെ. സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റെന്ന് യുഡിഎഫ് മുന്നോട്ട് വെച്ചപ്പോള്‍ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 110 എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

 

 

Latest