National
രാജ്യത്തെ പിടികിട്ടാപ്പുള്ളികളായ രണ്ട് ഗുണ്ടാത്തലവന്മാർ വിദേശരാജ്യങ്ങളിൽ പിടിയിൽ
അറസ്റ്റിലായത് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഭാനു റാണയും വെങ്കിടേഷ് ഗാർഗും
ന്യൂഡൽഹി | വിദേശരാജ്യങ്ങളിൽ ഒളിച്ചുതാമസിച്ച് ഇന്ത്യയിൽ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിച്ചിരുന്ന രാജ്യത്തെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാത്തലവന്മാരിൽ രണ്ട് പേരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്‌തു. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഭാനു റാണയും വെങ്കിടേഷ് ഗാർഗുമാണ് ഹരിയാന പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളുടെ പിടിയിലായത്. വെങ്കിടേഷ് ഗാർഗിനെ ജോർജിയയിൽ നിന്നും ഭാനു റാണയെ യു എസിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തും. നിലവിൽ, ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടായിരത്തിലധികം ഗുണ്ടാത്തലവന്മാർ വിദേശത്ത് ഒളിവിൽ താമസിച്ച് ആളുകളെ റിക്രൂട്ട് ചെയ്യുകയും ക്രിമിനൽ സിൻഡിക്കേറ്റുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നത്. ഗാർഗിനെയും റാണയെയും അറസ്റ്റ് ചെയ്തതോടെ ഇരുവരുടെയും പ്രവർത്തന രീതികളെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചു.
ഹരിയാനയിലെ നാരായൺഗഢ് സ്വദേശിയാണ് ഗാർഗ്. നിലവിൽ ജോർജിയയിൽ താമസിക്കുന്ന ഇയാൾക്കെതിരെ ഇന്ത്യയിൽ പത്തിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഡൽഹി, വടക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ ഇയാൾ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഗുരുഗ്രാമിൽ ഒരു ബി എസ് പി. നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടതിന് ശേഷമാണ് ഇയാൾ ജോർജിയയിലേക്ക് രക്ഷപ്പെട്ടത്.
വിദേശത്ത് താമസിക്കുന്ന ഗുണ്ടയായ കപിൽ സാങ്‌വാനുമായി ചേർന്ന് ഗാർഗ് ഒരു കൊള്ളസംഘം (Extortion Syndicate) നടത്തിവരികയായിരുന്നു. ഒക്ടോബറിൽ ഒരു ബിൽഡറുടെ വീടിനും ഫാം ഹൗസിനും നേർക്ക് നടന്ന വെടിവെപ്പിൽ പങ്കെടുത്ത സാങ്‌വാൻ്റെ നാല് കൂട്ടാളികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘവുമായി ബന്ധമുള്ള ഭാനു റാണ കുറച്ചുകാലമായി യു എസിലാണ് താമസിച്ചിരുന്നത്. കർണാൽ സ്വദേശിയായ റാണ ഏറെക്കാലമായി ക്രിമിനൽ ലോകത്ത് സജീവമാണ്. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് റാണയുടെ ക്രിമിനൽ ശൃംഖല വ്യാപിച്ചു കിടക്കുന്നു.
പഞ്ചാബിൽ നടന്ന ഗ്രനേഡ് ആക്രമണക്കേസിൻ്റെ അന്വേഷണത്തിനിടെ ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു. റാണയുടെ നിർദ്ദേശപ്രകാരം ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിക്കോപ്പുകൾ എന്നിവ കൈവശം വെച്ചതിന് രണ്ട് പേരെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്.), കർണാൽ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു.


