Kerala
രണ്ടു മന്ത്രിമാര്‍ മരണത്തിന്റെ വ്യാപാരികള്‍: വി ഡി സതീശന്‍
ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരും

തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ രണ്ടു മന്ത്രിമാരാണ് മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്നും പറഞ്ഞത്. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു.
രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണ്. ആരോഗ്യ മേഖല ആകെ സ്തംഭിച്ചു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരും. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണ്. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നു. പി ആര്‍ ഏജന്‍സികളെ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ആരോഗ്യ മന്ത്രി കുറ്റവാളിയായി നില്‍ക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോട് ചോദിച്ചു നോക്കൂ. അവര്‍ സത്യം എന്താണെന്ന് പറഞ്ഞുതരും. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതിനെ ഒരു കാരണവശാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ചികിത്സയ്ക്ക് പോകണം. അദ്ദേഹം എല്ലാ അസുഖങ്ങളും മാറി തിരിച്ചു വരണം. ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. പോയി തിരിച്ചു വരട്ടെ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ കുറ്റം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.