Connect with us

Kerala

തൂലികാ രത്‌ന അവാര്‍ഡ് അശ്‌റഫ് സഖാഫി പുന്നത്ത് ഏറ്റുവാങ്ങി

മാപ്പിളപ്പാട്ട് നിയമങ്ങള്‍, ഇശലെഴുതിയ മാപ്പിള കവികള്‍ എന്നീ ഗ്രന്ഥങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്

Published

|

Last Updated

കൊച്ചി | കേരള മാപ്പിള കലാഭവന്‍ കൊച്ചി ഏര്‍പ്പെടുത്തിയ 2024ലെ തൂലികാ രത്‌ന അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റിലെ ആര്‍ക്കേവ് കോ- ഓര്‍ഡിനേറ്റര്‍ അശ്‌റഫ് സഖാഫി പുന്നത്ത് ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ട് നിയമങ്ങള്‍, ഇശലെഴുതിയ മാപ്പിള കവികള്‍ എന്നീ ഗ്രന്ഥങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.
അഡ്വ. കെ എന്‍ എ ഖാദിര്‍, ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ആലങ്കോട് ലീലാകൃഷ്ണന്‍, കിശോര്‍ സത്യ, കാനേഷ് പൂനൂര്‍, അഡ്വ. മനോജ് മേനോന്‍, അബ്ദുല്‍ ജമാല്‍, ഫൈസല്‍ എളേറ്റില്‍, കെ എസ് എ കരീം കാഞ്ഞിരത്തിങ്ങല്‍, ഷെയ്ക് മുഹമ്മദ് ബാബു കായല്‍പട്ടണം എന്നിവരടങ്ങിയ അഡ്വൈസറി ബോര്‍ഡാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
മാപ്പിള കലാ ഭവന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മാപ്പിളപ്പാട്ട് ഗവേഷകനും കാഥികനും ഗ്രന്ഥകാരനുമായ അശ്‌റഫ് സഖാഫി ഇതിനകം എട്ട് പുസ്തകങ്ങള്‍ ഏഴുതിയിട്ടുണ്ട്. മഹത്തായ മാപ്പിള സാഹിത്യ കൃതികള്‍, ബദ്ര്‍ സംഗീത സാരവും ചരിത്ര പഠനവും, സിദ്ധീഖുല്‍ അക്ബര്‍ മാല പഠനവും വിവര്‍ത്തനവും, മാപ്പിളപ്പാട്ട് നിയമങ്ങള്‍, ഇശലെഴുതിയ മാപ്പിള കവികള്‍, അറബി മലയാള മാപ്പിളപ്പാട്ട് കൃതികള്‍, അറബി മലയാളത്തിലെ മുത്ത്‌നബി, ആദി അമൈത്തെ പാട്ട് വ്യാഖ്യാനം എന്നീ ഗ്രന്ഥങ്ങളാണ് രചിച്ചിട്ടുള്ളത്.
നാദാപുരം സംവാദപ്പാട്ട്, ബദ്ര്‍ മാല വ്യാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പണിപ്പുരയിലാണ്.
ആള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ അഷ്‌റഫ് സഖാഫി പുന്നത്തിന് നേരത്തെ കേരള സര്‍ക്കാറിന്റെ 2022 ലെ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും കേരള സര്‍ക്കാറിന്റെ 2024 – 26 വര്‍ഷത്തേക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. നിലവില്‍ മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റില്‍ ആര്‍ക്കേവ് കോ ഓര്‍ഡിനേറ്ററായി സേവനം ചെയ്യുകയാണ്. കൊണ്ടോട്ടി കുമ്മിണിപ്പറമ്പ്, വലക്കണ്ടി സ്വദേശിയാണ്. ഭാര്യ: ഫാത്തിമ നാജിയ. മക്കള്‍: സഹ്ല ബ്ഷ്റ, നഫീസ മുല്ല.  

 

Latest