National
18 വർഷത്തെ പിണക്കം മറന്നു; ഒരു വേദിയിൽ ഒരുമിച്ചിരുന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും
താനും രാജ് താക്കറെയും ചേർന്ന് മുംബൈ സിവിക് ബോഡിയിലും മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്റെ

മുംബൈ | മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ചലനത്തിന് തുടക്കമിട്ട്, 18 വർഷത്തെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരുമിച്ച് വേദി പങ്കിട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഹിന്ദി ഭാഷാ നയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടത്തുന്ന മെഗാ വിജയ സമ്മേളനത്തിലാണ് വർഷങ്ങളായി അകന്നുനിന്നിരുന്ന താക്കറെ കസിൻസ് ഒരുമിച്ചത്. ഇതൊരു ട്രെയിലർ മാത്രമാണെന്ന് വിജയ സമ്മേളനത്തിൽ സംസാരിക്കവെ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്റെ പറഞ്ഞു. തങ്ങൾ ഒരുമിച്ചിരിക്കുന്നത് ഒരുമിച്ച് നിൽക്കാനാണെന്നും മറാത്തിയെ സംരക്ഷിക്കാനാണ് ഒന്നിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താനും രാജ് താക്കറെയും ചേർന്ന് മുംബൈ സിവിക് ബോഡിയിലും മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബാലസാഹേബ് താക്കറെക്ക് തങളെ ഒരുമിപ്പിക്കാൻ സാധിച്ചില്ലെന്നും അത് മുഖ്യമന്ത്രി ഫഡ്‌നാവിസിന് സാധിച്ചുവെന്നും ചടങ്ങിൽ സംസാരിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു.
മറാത്തി ഐക്യത്തിന്റെ ഈ വിജയം ആഘോഷിക്കാൻ ഇരു പാർട്ടികളും വർളിയിലെ എൻ എസ് സി ഐ ഡോമിൽ റാലി സംഘടിപ്പിച്ചു. ആയിരക്കണക്കിന് മറാത്തി താൽപ്പര്യക്കാരെയും എഴുത്തുകാരെയും കവികളെയും ഇരു പാർട്ടികളുടെയും പിന്തുണക്കാരെയും ആകർഷിച്ച പരിപാടി മഹാരാഷ്ട്രയുടെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.