International
പഞ്ചാബ് ബാങ്ക് വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി യുഎസിൽ അറസ്റ്റിൽ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി ബി ഐയും സംയുക്തമായി സമർപ്പിച്ച കൈമാറ്റ അഭ്യർത്ഥനയെ തുടർന്നാണ് അറസ്റ്റ്

ന്യൂഡൽഹി | പിടികിട്ടാപ്പുള്ളിയായ വജ്ര വ്യാപാരി നീരവ് മോദിയുടെ ഇളയ സഹോദരൻ നെഹാൽ മോദി യുഎസിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) സി ബി ഐയുടെയും കൈമാറ്റ അഭ്യർത്ഥന പരിഗണിച്ചാണ് നെഹാൽ മോദിയെ വെള്ളിയാഴ്ച യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന 13,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയാണ് 46 വയസ്സുകാരനായ നെഹാൽ. നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്സിയുമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി ബി ഐയും സംയുക്തമായി സമർപ്പിച്ച കൈമാറ്റ അഭ്യർത്ഥനയെ തുടർന്നാണ് അറസ്റ്റുണ്ടായത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) സെക്ഷൻ 3 പ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ) വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളുമാണ് യുഎസ് പ്രോസിക്യൂട്ടർമാർ നെഹാലിന് എതിരെ ചുമത്തിയിരിക്കുന്നത്.
ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ ജനിച്ചു വളർന്ന നെഹാൽ ദീപക് മോദിക്ക് ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. സഹോദരൻ നീരവ് മോദിക്കുവേണ്ടി കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വെളുപ്പിച്ചതിനാണ് ഇയാളെ ഇന്ത്യക്ക് വേണ്ടത്. നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിൽ ഇന്ത്യയുടെ കൈമാറ്റ അഭ്യർത്ഥന നേരിടുകയാണ്.
കേസിന്റെ അടുത്ത വാദം ജൂലൈ 17-നാണ്. അന്ന് നെഹാൽ ജാമ്യം തേടിയേക്കാമെങ്കിലും യുഎസ് പ്രോസിക്യൂട്ടർമാർ അതിനെ എതിർക്കുമെന്നാണ് റിപ്പോർട്ടുകൾ.