Kerala
ഹജ്ജ്, ജുമുഅ ഉൾപ്പെടെ വേണ്ട; വിചിത്ര വിശ്വാസങ്ങളുമായി കൊരൂൽ ത്വരീഖത്ത്
സ്ഥാപകൻ കൊടുവള്ളി സ്വദേശി "വല്ല്യാപിച്ചി'യുടെ പിന്മുറക്കാരൻ ശാഹുല്‍ ഹമീദാണ് ഇപ്പോഴത്തെ ഇവരുടെ പ്രവാചകൻ

കോഴിക്കോട് | താടി വെക്കരുത്, ഹജ്ജ് ചെയ്യേണ്ടതില്ല, ജുമുഅ നിസ്‌കാരം പാടില്ല തുടങ്ങി “കൊരൂല്‍ ത്വരീഖത്തി’ന് വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. കിഴിശ്ശേരിയില്‍ ദമ്പതികളെ ഊരുവിലക്കിയതും ഊരുവിലക്കിനെ തുടര്‍ന്ന് വയനാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചതും പുറംലോകമറിഞ്ഞതോടെയാണ് കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “കൊരൂല്‍’ ത്വരീഖത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത ആചാരങ്ങള്‍ ചര്‍ച്ചയാകുന്നത്. ഒരു കാലത്ത് നിസ്‌കാരം വേണ്ടാതിരുന്ന ഈ വിഭാഗത്തില്‍ പിന്നീട് നിസ്‌കരിക്കാമെന്നായി.
ആഴ്ചയില്‍ നടക്കുന്ന നിര്‍ബന്ധിത ക്ലാസ്സുകളില്‍ പ്രസ്ഥാനത്തില്‍ അടിയുറപ്പിച്ചുനിര്‍ത്താനാവശ്യമായ പാഠങ്ങളും പ്രഭാഷണങ്ങളുമാണ് നല്‍കുന്നത്. ക്ലാസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കും. ഇത്തരത്തില്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഊരുവിലക്കിയതാണ് കഴിഞ്ഞ ദിവസം വയനാട് സ്വദേശി ആത്മഹത്യക്ക് ശ്രമിക്കാനുണ്ടായ കാരണമെന്ന് ആരോപിക്കപ്പെടുന്നു.
പുറത്തുപോയാല്‍ ഇതേ വിഭാഗത്തിലെ ആരും ആ അംഗവുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ പാടില്ല. ഭാര്യയും മക്കളും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും പുറത്തുപോയവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നാണ് കൊരൂര്‍ ത്വരീഖത്തിന്റെ അടിസ്ഥാന “നിയമ’ങ്ങളില്‍ പ്രധാനമായി പറയുന്നത്.
സംഘടനക്കകത്തുള്ളവരുമായി മാത്രമേ വിവാഹം പാടുള്ളൂ. പുതുതായി സംഘടനയിലേക്ക് ആളുകളെ എടുക്കില്ലെന്നതും ഇവരുടെ പ്രഖ്യാപിത നിലപാടാണ്. ഏതെങ്കിലും നിര്‍ദേശങ്ങള്‍ ആരെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ അവര്‍ സംഘടനയുടെ പുറത്താണ്. ഊരുവിലക്കും കുടുംബങ്ങള്‍ ബന്ധപ്പെടാതിരിക്കുന്നതുമുള്‍പ്പെടെയുള്ള നൂലാമാലകൾ ഓര്‍ത്ത് ആരും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് മുതിരാറില്ല. സംഘടനയുടെ മനുഷ്യത്വരഹിതമായ നിയമാവലികളോട് സമരസപ്പെടാന്‍ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവര്‍ ധാരാളമുണ്ടെന്ന് പുറത്തുവന്നവര്‍ പറയുന്നു.
“കല്ലിനെ ആരാധിക്കുന്ന കര്‍മമായതിനാല്‍ ഹജ്ജ് ചെയ്യേണ്ടതില്ല’ എന്നതാണ് വിചിത്രമായ മറ്റൊരു വാദം. മനസ്സിലെ മോശം ഇച്ഛകള്‍ക്കെതിരെ പൊരുതുക എന്നതിലും വലിയതല്ല ഹജ്ജെന്നതാണ് ഇതിന് പറയുന്ന ന്യായം. പള്ളികളില്ലാത്തതിനാല്‍ നിസ്‌കരിക്കുന്നവര്‍ വീട്ടില്‍ നിന്ന് നിര്‍വഹിച്ചാല്‍ മതി. തുടക്കത്തില്‍ തീരെ നിസ്‌കരിക്കാത്തവരായിരുന്നെങ്കില്‍ അടുത്ത കാലത്താണ് നിസ്‌കാരം വേണമെന്നത് ശക്തമായി ക്ലാസ്സുകളിലും മറ്റും അവതരിപ്പിച്ചു തുടങ്ങിയത്. ഇപ്പോഴും നിസ്‌കരിക്കാത്തവരേറെയുണ്ട്. സംഘടന തുടക്കത്തില്‍ നടപ്പാക്കിയ നിസ്‌കാരം നിര്‍ബന്ധമില്ലെന്ന “നിയമം’ അംഗീകരിച്ചുപോരുന്നവർ നിസ്‌കരിക്കാതെ പുതിയ തലമുറയിലുള്ളവരോട് നിസ്‌കരിക്കാന്‍ കല്‍പ്പിക്കുന്ന വിചിത്രമായ നിര്‍ദേശങ്ങളും കൊരൂല്‍ ത്വരീഖത്തിനകത്തുണ്ട്.
നോമ്പും പെരുന്നാളും പേരിനുണ്ടെങ്കിലും വെള്ളിയാഴ്ച ജുമുഅ ഇല്ല. പെരുന്നാളിനാണ് വിചിത്രമായ മറ്റൊരു ആചാരം അരങ്ങേറുന്നത്. രാവിലെ മദ്‌റസകളില്‍ പോയി തക്ബീര്‍ ചൊല്ലുകയാണ് പതിവ്. അത് കഴിഞ്ഞാല്‍ പ്രസ്ഥാന സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം കഴിക്കും.
കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ഇടങ്ങളിലായി ഏഴ് ശാഖകളുണ്ട് പ്രസ്ഥാനത്തിന്. ഓരോന്നിനും പ്രത്യേകം കമ്മിറ്റികളുണ്ടാകും. ഇതിന് കീഴില്‍ ഓരോ കാര്യങ്ങള്‍ക്കായി പ്രത്യേക സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഏഴ് ശാഖകളിലും ഓരോ കെട്ടിട സമുച്ഛയമുണ്ടാകും. ഇതിനകത്താണ് ആഴ്ചയിലെ ക്ലാസ്സുകളും മദ്‌റസയും പ്രഭാഷണങ്ങളും ഉള്‍പ്പെടെ സംഘടനയുടെ എല്ലാ കാര്യങ്ങളും നടത്തുന്നത്.
കോഴിക്കോട് കൊടുവള്ളി സ്വദേശി “വല്ല്യാപിച്ചി’ എന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്നയാളാണ് ഇതിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പിന്മുറക്കാരൻ ബിസിനസ്സുകാരനായ ശാഹുല്‍ ഹമീദിനെയാണ് ഇപ്പോഴത്തെ പ്രവാചകനായി അനുയായികള്‍ കാണുന്നത്. ഇദ്ദേഹം പറയുന്നതിന് അപ്പുറമില്ല. സംഘടനയുടെ മുഖ്യരക്ഷാധികാരിയും അദ്ദേഹമാണ്.
“ഇക്കാക്ക’ എന്നും “മോന്‍’ എന്നുമാണ് സംഘടനയില്‍പ്പെട്ടവര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇദ്ദേഹത്തിന് പുറമെ നിരവധി ഭാരവാഹികള്‍ വേറെയുമുണ്ടെങ്കിലും മുഖ്യരക്ഷാധികാരിയുടെ നിര്‍ദേശമാണ് അവസാന വാക്ക്. മറ്റുള്ളവരുമായി മികച്ച സൗഹൃദമുണ്ടാക്കാനും നല്ല ബന്ധമുണ്ടാക്കാനും ഇവര്‍ ശ്രമിക്കുമെങ്കിലും സംഘടനയിലെ ഒരു കാര്യവും ആരോടും പറയാന്‍ ഇവര്‍ തയ്യാറല്ല. എല്ലാം അജ്ഞാതമാക്കി നിലനിര്‍ത്തും. മരണപ്പെട്ടവരെ അനുസ്മരിക്കുന്ന പരിപാടികള്‍ ഇവര്‍ വീടുകളില്‍ കഴിക്കാറുണ്ട്.