Connect with us

Kerala

ന്യൂനപക്ഷ-ദളിത് വിഭാഗങ്ങള്‍ക്കായി ശബ്ദിച്ച നേതാവ്; അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് കാന്തപുരം

ന്യൂനപക്ഷ വിഭാഗങ്ങളോട് വളരെ അടുപ്പം കാത്തുസൂക്ഷിച്ച, സുന്നി പ്രസ്ഥാനവുമായി ചേര്‍ന്നുനിന്ന, നിര്‍ണായക ഘട്ടങ്ങളിലുള്‍പ്പെടെ വ്യക്തിജീവിതത്തില്‍ വലിയ പിന്തുണ നല്‍കിയ, കുറെയേറെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ച സുഹൃത്ത് എന്ന നിലയിലാണ് ഞാനദ്ദേഹത്തെ ഓര്‍ക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയെ കുറിച്ചും രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചും കൃത്യമായ ദിശാബോധവും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ന്യൂനപക്ഷ വിഭാഗങ്ങളോട് വളരെ അടുപ്പം കാത്തുസൂക്ഷിച്ച, സുന്നി പ്രസ്ഥാനവുമായി ചേര്‍ന്നുനിന്ന, നിര്‍ണായക ഘട്ടങ്ങളിലുള്‍പ്പെടെ വ്യക്തിജീവിതത്തില്‍ വലിയ പിന്തുണ നല്‍കിയ, കുറെയേറെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ച സുഹൃത്ത് എന്ന നിലയിലാണ് ഞാനദ്ദേഹത്തെ ഓര്‍ക്കുന്നത്. പത്രപ്രവര്‍ത്തന പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ജനകീയ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി നിലകൊള്ളുകയും ചെയ്തു.

1989 ലെ വി പി സിങ് മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍-ഷിപ്പിംഗ്-ഉപരിതല ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം കേരള ജനതക്ക് വേണ്ടിയും ന്യൂനപക്ഷ-ദളിത് സമൂഹത്തിന് വേണ്ടിയും ശബ്ദിക്കുകയും ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ സാധ്യമാക്കുകയുമുണ്ടായി. പിന്നാക്ക വിഭാഗങ്ങളെ സാമൂഹികപുരോഗതിയിലെത്തിക്കാന്‍ രൂപവത്കരിച്ച മണ്ഡല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെട്ട വിപി സിംഗ് മന്ത്രിസഭയുടെ തീരുമാനം വലിയ ആര്‍ജവമുള്ളതായിരുന്നു. ഒ ബി സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ഈ റിപോര്‍ട്ട് നടപ്പാക്കല്‍ ആ മന്ത്രിസഭയുടെ പതനത്തിലേക്ക് കൂടി നയിച്ചു. ബാബ്‌രി മസ്ജിദ് വിഷയം കത്തിനില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്ന കേന്ദ്രമന്ത്രിസഭ അക്കാര്യത്തില്‍ എടുത്ത ധീരമായ തീരുമാനങ്ങള്‍ക്ക് പിന്തുടര്‍ച്ച ഇല്ലാതെ പോയതിന്റെ ഭവിഷ്യത്തുകളാണ് രാജ്യം പിന്നീട് അനുഭവിക്കേണ്ടി വന്നതെന്നും കാന്തപുരം പറഞ്ഞു.

തൊണ്ണൂറുകളുടെ ആദ്യം സുന്നി സമൂഹം രാഷ്ട്രീയമായി പല അതിക്രമങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും ഇരയായ സമയമായിരുന്നു. അക്കാലത്ത് കെ പി ഉണ്ണികൃഷ്ണന്‍ നല്‍കിയ പിന്തുണയും പ്രതീക്ഷയും ഒരിക്കലും മറക്കാനാവില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല പദ്ധതികളിലും മര്‍കസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരിപാടികളിലും അദ്ദേഹം സഹകരിക്കുകയും ഭാഗമാവുകയും ചെയ്തു.

നബിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ അദ്ദേഹം പ്രത്യേകം മുന്‍കൈയെടുത്തു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് വി പി സിങ് ഒരിക്കല്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിത്തരികയും ഇതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉള്ളാള്‍ തങ്ങളും ഞാനും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് 1990 ആഗസ്റ്റ് 15 ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് നബിദിനം ദേശീയ അവധി ദിനമായി വി പി സിങ് പ്രഖ്യാപിക്കുന്നത്.

ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഒന്നര ലക്ഷത്തോളം വരുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ പി ഉണ്ണികൃഷ്ണന്‍ നടത്തിയ ധീരമായ ദൗത്യം സുവിദിതമാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ബഗ്ദാദിലേക്ക് പോയി, രഹസ്യകേന്ദ്രത്തില്‍ വെച്ച് സദ്ദാമിനെ കണ്ട്, ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി നാട്ടിലെത്തിച്ചത് രാജ്യം കണ്ട എക്കാലത്തെയും വലിയ വിദേശ ദൗത്യങ്ങളില്‍ ഒന്നായിരുന്നു. പ്രസ്തുത വിഷയം നിറഞ്ഞുനില്‍ക്കുന്ന വേളയില്‍ നിരവധി തവണ അദ്ദേഹം ഫോണ്‍ മുഖേന ബന്ധപ്പെടുകയും അറബ് ഭാഷയും പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുമ്പോഴും ഞങ്ങള്‍ക്കിടയിലുള്ള സുഹൃദ് ബന്ധം ശക്തമായി തന്നെ നിലനിന്നു. പരസ്പരം സുഖാന്വേഷണങ്ങള്‍ നടത്തിയും അഭിപ്രായങ്ങള്‍ ആരാഞ്ഞും അത് തുടര്‍ന്നു. ഏറ്റവുമൊടുവില്‍ എന്റെ ആത്മകഥ ‘വിശ്വാസപൂര്‍വ’ത്തിന്റെ രചനാ വേളയിലടക്കം അദ്ദേഹവുമായി സംസാരിച്ചിരുന്നു. പുസ്തകം വായിച്ച് ഒരാമുഖം എഴുതാം എന്നാലോചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം പൂര്‍ത്തിയാക്കാനായില്ല.

കെ പി ഉണ്ണികൃഷ്ണന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായും കുടുംബാംഗങ്ങളുടെയും സ്നേഹജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കാന്തപുരം പറഞ്ഞു.

 

---- facebook comment plugin here -----

Latest