Connect with us

Kerala

മ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്‌കറിയ (23), പഴവങ്ങാടി ഐത്തല പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സരിന്‍ പി സാബു (27) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | മ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്‌കറിയ (23)യെ കോയിപ്രം പോലീസും പഴവങ്ങാടി ഐത്തല പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സരിന്‍ പി സാബു (27) വിനെ റാന്നി പോലീസും അറസ്റ്റ് ചെയ്തു.

പ്രതികളില്‍ ആര്യ ആനി സ്‌കറിയ, തന്റെ തടിയൂര്‍ സൗത്ത് ഇന്ത്യന്‍ ബേങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബര്‍ തട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവര്‍ത്തിക്കുകയും പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികള്‍ക്ക് അയച്ചുകൊടുക്കുകയും ആയതിന് കമ്മീഷന്‍തുക കൈപ്പറ്റിയതായും പോലീസ് പറഞ്ഞു. സരിന്‍ പി സാബു, തന്റെ പേരിലുള്ള റാന്നി ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് ്ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് സൂക്ഷിച്ച ശേഷം ക്യാഷ് വിത്ത് ഡ്രോവല്‍ സ്ലിപ്പ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 85,000 രൂപയോളം ഇത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും സഹായികളെയും പിടികൂടാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യാപകമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. കോയിപ്രം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റെയ്ഡില്‍ എസ് ഐമാരായ ആര്‍ രാജീവ്, വിഷ്ണുരാജ്, എസ് സി പി ഒ. ഷബാന, സി പി ഒമാരായ അനന്തു, അരവിന്ദ് എന്നിവരും റാന്നിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ മനോജ് കുമാര്‍, എസ് ഐ. കവിരാജ്, എ എസ് ഐ. ബിജുമാത്യു, സി പി ഒ. നിതിന്‍ എന്നിവരും പങ്കാളികളായി.

 

Latest