Connect with us

International

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ എത്തി

സത്യത്തെ പിന്തുടരൂ എന്നാണ് ആപ്പിന്റെ ടാഗ് ലൈന്‍.

Published

|

Last Updated

ന്യൂഡല്‍ഹി| യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം സോഷ്യല്‍ പ്ലാറ്റ്‌ഫോം ട്രൂത്ത് സോഷ്യല്‍ ലോഞ്ച് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറിലാണ് ട്രൂത്ത് സോഷ്യല്‍ ആദ്യം അവതരിപ്പിച്ചത്. ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ട്രൂത്ത് സോഷ്യല്‍ മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത്. സത്യത്തെ പിന്തുടരൂ എന്നാണ് ആപ്പിന്റെ ടാഗ് ലൈന്‍.

ആപ്പ് സ്റ്റോറില്‍ ലഭ്യമായ സൗജന്യ ആപ്ലിക്കേഷനുകളില്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി തിങ്കളാഴ്ച തന്നെ ട്രൂത്ത് സോഷ്യല്‍ മാറിയിരുന്നു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ട്രൂത്ത് സോഷ്യല്‍ ആപ്പ് ഓട്ടോമാറ്റിക്കായി ലഭ്യമായിരുന്നു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ കൂടുതല്‍ ആളുകള്‍ക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകുമെന്ന് ട്രൂത്ത് സോഷ്യല്‍ സിഇഒയും മുന്‍ റിപ്പബ്ലിക് പാര്‍ട്ടി അംഗവുമായ ഡെവിന്‍ ന്യൂണ്‍സ് മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ അമേരിക്കയിലെങ്കിലും ട്രൂത്ത് സോഷ്യല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാകും.

ട്രൂത്ത് സോഷ്യല്‍ ആപ്പ് ട്വിറ്ററിന് സമാനമാണ്. ഉപയോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ശ്രദ്ധേയരായ വ്യക്തികളെയും മറ്റ് യൂസേഴ്‌സിനെയും പിന്തുടരാനാകും. ഉപയോക്താക്കളെ അവര്‍ ഫോളോ ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തിഗത സന്ദേശങ്ങള്‍ അയയ്ക്കാനും ആപ്പ് അനുവദിക്കും. യൂസേഴ്‌സിന് തങ്ങള്‍ ഫോളോ ചെയ്യുന്നവരുടെ ട്വീറ്റുകള്‍ റീപോസ്റ്റ് ചെയ്യാനും അവരുടെ ട്വീറ്റുകളില്‍ അഭിപ്രായം പറയാനും കഴിയും. ട്രൂത്ത് സോഷ്യല്‍ ആപ്പ് ഒരു ഡാര്‍ക്ക് തീമുമായിട്ടാണ് വരുന്നത്. കൂടാതെ ഹാഷ് ടാഗുകള്‍ സൃഷ്ടിക്കാനും യൂസേഴ്‌സിന് അവസരമുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പിന്നാലെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങളെല്ലാം ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ കലാപത്തിന് പിന്നാലെയായിരുന്നു നിരോധനം. അധികാരം നഷ്ടമായതിന് പിന്നാലെ ക്യാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുയായികള്‍ക്ക് ആഹ്വാനം നല്‍കിയതിനായിരുന്നു നടപടി. പിന്നാലെയാണ് ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം പ്ലാറ്റ്‌ഫോം ട്രംപ് പ്രഖ്യാപിച്ചത്.

 

 

---- facebook comment plugin here -----

Latest