gaza attack two years
വഞ്ചനയുടെ ട്രംപ് പ്ലാൻ നിറയെ ചതിക്കുഴികൾ
ട്രംപ് ഏറെനാളായി സ്വപ്‌നം കാണുന്ന സമാധാന നൊബേൽ സമ്മാനത്തിനുള്ള ചരടുവലി മാത്രമാണ് ഗസ്സാ സമാധാന പദ്ധതിയെന്നും നിരീക്ഷിക്കുന്നവരുണ്ട്.

കൈറോ | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇരുപതിന ഗസ്സാ സമാധാന പദ്ധതി നിർദേശത്തിൽ നിറയെ ചതിക്കുഴികൾ. ഗസ്സയുടെ രാഷ്ട്രീയ ഭാവിയും ഫലസ്തീൻ അവകാശങ്ങളുമായും ബന്ധപ്പെട്ട് വിപുലമായ ചർച്ച നടത്താതെയാണ് ട്രംപ് പദ്ധതി നിർദേശിച്ചിരിക്കുന്നത്. ഏതാനും അറബ് രാഷ്ട്രങ്ങൾ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഭാവിയിൽ ഇസ്‌റാഈലിന് അധിനിവേശം വ്യാപകമാക്കാനുള്ള പഴുതുകൾ കരാറിലുണ്ടെന്ന് വിവിധ ഫലസ്തീൻ സംഘടനകൾ പറയുന്നു.
ബന്ദികളെ മോചിപ്പിക്കുക, ഗസ്സ പുനർനിർമാണം ഹമാസിന്റെ നിരായുധീകരണം, ഹമാസിന് പങ്കില്ലാത്ത ഗസ്സയിൽ ഫലസ്തീൻ സാങ്കേതിക വിദഗ്ധരുടെ പരിവർത്തന സർക്കാർ രൂപവത്കരിക്കുക, ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ.
എന്നാൽ ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ സൈന്യത്തെ ഒറ്റ ഘട്ടമായി പൂർണമായും പിൻവലിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. ഘട്ടംഘട്ടമായുള്ള പിൻവലിക്കൽ നിർദേശത്തിലൂടെ ഇസ്‌റാഈലിന് ഗസ്സ വീണ്ടും ആക്രമിക്കാനുള്ള മൗന സമ്മതമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ലബനാനിലെ ഹിസ്ബുല്ല- ഇസ്‌റാഈൽ കരാറാണ്. ഘട്ടംഘട്ടമായി ഇസ്‌റാഈൽ സൈന്യത്തെ ലബനാനിൽ നിന്ന് പിൻവലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കരാർ ലംഘിച്ച് തെക്കൻ ബെയ്‌റൂത്തിലടക്കം കനത്ത ആക്രമണമാണ് ഇസ്‌റാഈൽ നടത്തുന്നത്.
ആയുധങ്ങൾ ഉപേക്ഷിച്ച് ഗസ്സയുടെ ഭരണനിയന്ത്രണത്തിൽ നിന്ന് പൂർണമായും ഹമാസ് ഒഴിവാകുന്നതിലൂടെ ട്രംപും നെതന്യാഹുവും നിർദേശിക്കുന്ന കാര്യങ്ങളാകും ഗസ്സയിൽ നടപ്പാകുക. നിലവിൽ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ അപേക്ഷകളൊന്നും നെതന്യാഹു ചെവികൊള്ളുന്നില്ല. ചെറുത്തുനിൽക്കാൻ ആരുമില്ലാത്ത ഗസ്സയെ പിന്നീട് ഇസ്‌റാഈൽ സൈന്യമാകും നിയന്ത്രിക്കുക.
ട്രംപ് ഏറെനാളായി സ്വപ്‌നം കാണുന്ന സമാധാന നൊബേൽ സമ്മാനത്തിനുള്ള ചരടുവലി മാത്രമാണ് ഗസ്സാ സമാധാന പദ്ധതിയെന്നും നിരീക്ഷിക്കുന്നവരുണ്ട്. താത്കാലികമായെങ്കിലും ഇസ്‌റാഈലിനെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതോടെ ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുമെന്ന ധാരണയിലാണ് ട്രംപ്. ആക്രമണങ്ങൾ അവസാനിച്ചാൽ ട്രംപിന് നൊബേൽ സമ്മാനത്തിലേക്കുള്ള ദൂരം കുറയുമെന്ന് പ്രതീക്ഷയുണ്ട്. എന്നാൽ കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളുടെ നരകയാതനക്ക് അടുത്തെങ്ങും പരിഹാരം കാണാൻ ഈ പദ്ധതിക്കാകില്ല. ഭക്ഷണവും മരുന്നും അടക്കം ഇടതടവില്ലാത്തെ മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക് എത്തണമെങ്കിൽ ഇനിയും ഗസ്സയെ ഉപരോധത്താൽ മുറുക്കില്ലെന്ന് ഇസ്‌റാഈൽ ഭരണകൂടം ഉറപ്പുനൽകണം.