Connect with us

Kozhikode

താമരശ്ശേരി ചുരത്തിൽ മൂന്നാം ദിനവും ഗതാഗത കുരുക്ക്

അവധി ആഘോഷിക്കാനെത്തിയവരും അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നവരും ഉൾപ്പെടെയുള്ളവർ ചുരത്തില്‍ കുടുങ്ങുന്നത് മണിക്കൂറുകള്‍

Published

|

Last Updated

വൈത്തിരി | താമരശ്ശേരി ചുരത്തില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്ര. ഞായറാഴ്ച ചുരത്തിലുണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ തന്നെ ചുരത്തിൽ പലയിടത്തും ബ്ലോക്ക് അനുഭവപ്പെടുന്നു. പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ വാഹനങ്ങള്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. അതോടൊപ്പം, ഈദ് ഉൾപ്പെടെയുള്ള അവധിക്കായി വീട്ടിലേക്ക് പോയവർ വയനാട്ടിലേക്കും തിരിച്ചും പുറപ്പെട്ടതാണ് ഇന്നത്തെ ഗതാഗത കുരുക്കിന് കാരണം.

ഇന്നലെ പലര്‍ക്കും മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചുരം കടക്കാനായത്. അവധി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. പോലീസും ചുരം സംരക്ഷണസമിതിയും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.

വാഹനങ്ങളുടെ തിരക്കും വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നതും കാരണം ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. വയനാട്ടില്‍ നിന്നുള്ള രോഗികളെയും കൊണ്ടു പായുന്ന ആംബുലന്‍സുകള്‍ പോലും ചുരത്തിലെ ഗതാഗതക്കുരുക്കില്‍പെടുകയാണ്. പെരുന്നാള്‍ കഴിഞ്ഞു അവധി ദിവസം ആഘോഷിക്കാന്‍ വരുന്നവരെ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പലപ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്. ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക് ചുരത്തിന് മുകളില്‍ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

ചുരത്തില്‍ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. വിദേശത്തേക്കും മറ്റും പോകുന്നവര്‍ ഗതാഗതക്കുരുക്ക് മറികടക്കാന്‍ നേരത്തെ പോകേണ്ട സാഹചര്യമാണ്. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പതിവായതോടെ സമയത്തിനെത്താനാവാതെ ട്രെയിന്‍ യാത്രക്കാരും ദുരിതത്തിലായി. ചുരം വളവുകളില്‍ കുരുങ്ങുന്ന ലോറികള്‍ക്ക് പിന്നാലെയെത്തുന്ന വാഹനങ്ങള്‍ കുരുക്കിലമരുന്നു. നൂറുക്കണക്കിന് വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ രാപകല്‍ വ്യത്യാസമില്ലാതെ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. അവധി ദിനങ്ങളിലും ചുരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്.

നോക്കാന്‍ ആളില്ലാതായതോടെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് സമീപം പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവു കാഴ്ചയായി മാറി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള നിര്‍ദിഷ്ട മരുതിലാവ് -തളിപ്പുഴ ചുരം ബൈപാസ് പദ്ധതി എങ്ങുമെത്തിയിട്ടില്ല. കാല്‍നൂറ്റാണ്ട് കാലത്തെ മുറവിളിയുടെ ഫലമായി രണ്ട് തവണ സര്‍വേ നടത്തി പ്ലാന്‍ തയാറാക്കിയത് മാത്രമാണ് ഇത് സംബന്ധിച്ചുണ്ടായ ഏക നടപടി. ഹെയര്‍പിന്‍ വളവുകളില്ലാതെ 14.5 കിലോമീറ്റര്‍ ദൂരത്തില്‍ തളിപ്പുഴയില്‍ എത്തിച്ചേരുന്നതാണു നിര്‍ദിഷ്ട ബൈപാസ്. പുതുതായി നിര്‍മിച്ച തുഷാരഗിരി റോഡ് ഉപയോഗിച്ചാല്‍ രണ്ട് കിലോമീറ്റര്‍ ദൂരം വീണ്ടും കുറയും.

റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ വനം അതിര്‍ത്തി വരെയുള്ള സ്ഥലങ്ങള്‍ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് രണ്ടര കിലോമീറ്റര്‍ ദൂരം മാത്രമാണ് വനഭൂമിയുള്ളത്. ഇതിനോടു ചേര്‍ന്നു ജില്ലയില്‍ ഇ എഫ് എല്‍ വനഭൂമിയില്‍ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിച്ചാല്‍ ബൈപാസ് റോഡ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കാം. എന്നാല്‍, അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.