Eduline
ന്യൂസിലാൻഡിൽ നഴ്സിംഗ് പഠിക്കാം
ആരോഗ്യ മേഖലക്ക് അതിപ്രാധാന്യം നൽകുന്ന രാജ്യമാണ് ന്യൂസിലാൻഡ്. അതിനാൽ ആ മേഖലയിലെ പ്രൊഫഷനലുകൾക്ക് വൻ ഡിമാന്റാണ് രാജ്യത്ത്
വിദേശ എം ബി ബി എസ് പഠനം പോലെ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു കോഴ്സാണ് നഴ്സിംഗ്. ലോകമെന്പാടും ആരോഗ്യ മേഖലയിൽ വിദഗ്ധരുടെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തിലാണ് നിരവധി ഇന്ത്യൻ വിദ്യാർഥികൾ നഴ്സിംഗ് പഠനത്തിനായി കടൽ കടക്കുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ എം ബി ബി എസ്- നഴ്സിംഗ് പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമായി ന്യൂസിലാൻഡ് മാറിയിരിക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നിരവധി തൊഴിൽ സാധ്യതകൾ, സ്ഥിര താമസം എന്നീ ഘടകങ്ങളാണ് വിദ്യാർഥികളെ ഈ രാജ്യത്തേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നത്. ഇവിടെ നഴ്സിംഗ് പഠനത്തിന് നിരവധി സാധ്യതകളാണുള്ളത്. രാജ്യത്തെ ഗ്രീൻ ലിസ്റ്റിലുൾപ്പെട്ട മേഖലയാണ് നഴ്സിംഗ്. 2025ൽ ന്യൂസിലാൻഡിന്റെ ആരോഗ്യ സംരക്ഷണ മേഖലയിലാണ് ഏറ്റവും കൂടുതൽ പ്രൊഫഷനലുകളെ തിരഞ്ഞെടുത്തത്. നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി ന്യൂസിലൻഡിൽ ജോലി നേടുന്ന വിദ്യാർഥികൾക്ക് ഇവിടെ സ്ഥിര താമസത്തിന് അനുമതി ലഭിക്കാറുണ്ട്.
ന്യൂസിലാൻഡിലെ നഴ്സിംഗ് കോഴ്സിനെ കുറിച്ച് ഇന്നത്തെ എജ്യുലൈനിൽ നമുക്ക് പരിചയപ്പെടാം.
കോഴ്സ്
- ന്യൂസിലാൻഡിൽ രജിസ്റ്റർ ചെയ്ത നഴ്സായി ജോലി ചെയ്യാൻ വിദ്യാർഥികൾ ബാച്ചിലർ ഓഫ് നഴ്സിംഗ് (ബി എൻ) ബിരുദം പൂർത്തിയാക്കണം.
- മൂന്ന് വർഷമാണ് ഈ കോഴ്സിന്റെ കാലാവധി.
- രാജ്യത്തുടനീളമുള്ള നിരവധി അംഗീകൃത സർവകലാശാലകളിൽ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്.
- കോഴ്സ് പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്ക് മൂന്ന് വർഷം വരെയുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിക്കും. ഇതോടെ ന്യൂസിലൻഡിൽ സ്ഥിര താമസത്തിനുള്ള അനുമതിയും ലഭിക്കും.
- യോഗ്യതയും കരിയറും അനുസരിച്ച് വിദ്യാർഥികൾക്ക് മാസ്റ്റർ ഓഫ് നഴ്സിംഗ് തിരഞ്ഞെടുക്കാം.
യോഗ്യത
ന്യൂസിലൻഡിൽ നഴ്സിംഗ് പഠിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് താഴെ പറയുന്ന യോഗ്യതയുണ്ടായിരിക്കണം.
സയൻസ് സ്ട്രീമിൽ കുറഞ്ഞത് 70-75 ശതമാനം മാർക്ക് നേടി 12ാം ക്ലാസ്സ് പൂർത്തീകരിച്ചവരാകണം
ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങൾ 12ാം ക്ലാസ്സിൽ പഠിച്ചവരായിരിക്കണം.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയായ ഐ ഇ എൽ ടി എസിന് കുറഞ്ഞത് 6.5 ശതമാനം നേടിയിരിക്കണം.
കോഴ്സ് ആരംഭിക്കുന്ന സമയത്ത് കുറഞ്ഞത് 18 വയസ്സായിരിക്കണം പ്രായം
പ്രവേശന ഘട്ടം
യോഗ്യതയുള്ള വിദ്യാർഥികൾക്ക് ബാച്ചിലർ ഓഫ് നഴ്സിംഗ് പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്ന സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓഫർ ലെറ്റർ ലഭിച്ച ശേഷം, അവർക്ക് ന്യൂസിലാൻഡ് സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാം. വിസ അംഗീകാരം ലഭിച്ചാൽ, വിദ്യാർഥികൾക്ക് ന്യൂസിലൻഡിൽ പോയി പഠനം ആരംഭിക്കാം.
മൂന്ന് വർഷത്തെ നഴ്സിംഗ് കോഴ്സിൽ ആശുപത്രികളിലും ആരോഗ്യ സംരക്ഷണ മേഖലകളിലും പ്രായോഗിക പരിശീലനം നൽകുന്നു.
അവസാന സെമസ്റ്ററിൽ, സർവകലാശാല വിദ്യാർഥികളെ നഴ്സിംഗ് കൗൺസിൽ ഓഫ് ന്യൂസിലാൻഡിലേക്ക് നാമനിർദേശം ചെയ്യും.
തുടർന്ന് ഉദ്യോഗാർഥികൾ സ്റ്റേറ്റ് ഫൈനൽ പരീക്ഷക്ക് ഹാജരാകണം. ഈ പരീക്ഷയിൽ പ്രൊഫഷനൽ, സുരക്ഷാ മാനദണ്ഡങ്ങൾ വിദ്യാർഥികൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തും.
ചില സന്ദർഭങ്ങളിൽ, വിദ്യാർഥികൾക്ക് ഒരു വാർഷിക പ്രാക്ടീസിംഗ് സർട്ടിഫിക്കറ്റും നേടണം.
ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥികൾക്ക് ന്യൂസിലാൻഡിൽ രജിസ്റ്റർ ചെയ്ത നഴ്സുമാരായി ജോലി ചെയ്യാം.






