Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരായ പീഡന പരാതി: ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ
പണത്തിനും ഫ്‌ലാറ്റിനുമായി നടത്തിയ ആസൂത്രിത കെണിയാണ് പരാതിയെന്ന് ഡോ. സുനില്‍കുമാറിന്റെ ഭാര്യ രേഖ പറഞ്ഞു
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്‌ലാറ്റിനുമായി നടത്തിയ ആസൂത്രിത കെണിയാണ് പരാതിയെന്ന് ഡോ. സുനില്‍കുമാറിന്റെ ഭാര്യ രേഖ പറഞ്ഞു. സംഭവത്തില്‍ ഇരുകക്ഷികളും പരാതി നല്‍കിയതിനാല്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. നിലവില്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ യുണിറ്റ് ചീഫാണ് ഡോ.സുനില്‍കുമാര്‍.
യുവതിയുമായി 500 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്ന് ഡോക്ടറുടെ ഭാര്യ പറഞ്ഞു. യുവതി കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞ് കൂടുതല്‍ അടുക്കുകയായിരുന്നു. ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണം വാങ്ങുമായിരുന്നു. പിന്നീട് ഭീഷണിയായി മാറുകയായിരുന്നു. ഫ്‌ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് വിസ്സമ്മതിച്ചപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കുകയായിരുന്നെന്നും സുനില്‍കുമാറിന്റെ ഭാര്യ രേഖ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയുടെ ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ വനിത കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
ഇരു കക്ഷികളെയും കൗണ്‍സിലിങ്ങിന് വിളിച്ച് പ്രശ്‌നം പരിഹരിച്ചു വിട്ടതാണ്. എന്നാല്‍ പീഡന പരാതി ഉന്നയിക്കുന്നത് കുടുംബം പുതുതായി വാങ്ങുന്ന ഫ്‌ലാറ്റ് ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പറയുന്നത്. പരാതിയെ നിയമപരായി നേരിടുമെന്നും രേഖ പറയുന്നു. 2023 സെപ്തംബറില്‍ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതിക്കെതിരെ ഡോ സുനില്‍കുമാറും പരാതി നല്‍കിയിട്ടുണ്ട്. ഇരു കക്ഷികളുടെയും പരാതിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍.




