Connect with us

Aksharam Education

ധീരരില്‍ ധീരന്‍ നായിബ് സുബോദാര്‍ ചുനി ലാല്‍

മൂന്ന് ധീരതാ അവാർഡുകൾ നേടിയിരുന്നു

Published

|

Last Updated

ലോകത്തിന് അദ്ദേഹം ധീരന്മാരിൽ ഏറ്റവും ധീരനായിരുന്നു. മൂന്ന് ധീരതാ അവാർഡുകൾ നേടിയിരുന്നു. എന്നാൽ,ചിന്താദേവിയെ സംബന്ധിച്ചിടത്തോളം, അവരുടെ ഭർത്താവ് നായിബ് സുബേദാർ ചുനി ലാൽ ശാന്തനും ലാളിത്യമുള്ളവനുമായിരുന്നു. ഇന്ത്യൻ കരസേനയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബഹുമതികൾ നേടിയ സൈനികരിൽ ഒരാളും ഏതൊരു ദേശസ്നേഹിയും അറിഞ്ഞിരിക്കേണ്ട വ്യക്തിത്വത്തിനുടമയുമാണ് നായിബ് സുബേദാർ ചുനി ലാൽ.

രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും ത്യാഗവും അളവറ്റതായിരുന്നെന്ന് “ബ്രേവസ്റ്റ് ഓഫ് ദി ബ്രേവ്: ദി ഇൻസ്പയറിംഗ് സ്റ്റോറി ഓഫ് നായിബ് സുബേദാർ ചുനി ലാൽ’ എന്ന പുസ്തകത്തിൽ പറയുന്നു. സമാധാനകാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്ര, യുദ്ധകാലത്തെ ധീരതക്കുള്ള വീർ ചക്ര, സേനാ മെഡൽ എന്നിവ ലഭിച്ച ഒരേയൊരു ഇന്ത്യൻ സൈനികനാണ് അദ്ദേഹം. തന്റെ ധൈര്യവും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച ഈ യോദ്ധാവിന്റെ ജീവിതം അതിരുകൾക്കപ്പുറമുള്ള വീരഗാഥ കൂടിയാണ്. 1968ൽ, ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവയിലെ ബാര ഗ്രാമത്തിൽ ശങ്കർദാസ്- ശകുന്തളാദേവി ദമ്പതികളുടെ മകനായാണ് ചുനിലാൽ ജനിച്ചത്.

1984ൽ എട്ടാം ബറ്റാലിയനായ ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ ചേർന്നു. മൂന്ന് വർഷത്തിനുശേഷം, സിയാച്ചിൻ ഹിമാനിയിൽ 21,153 അടി (6,447 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്വയ്ദ് പോസ്റ്റ് പിടിച്ചെടുക്കാനുള്ള ഓപറേഷനിൽ പങ്കാളിയായി.

1987ൽ, നായിബ് സുബേദാർ ബാനാ സിംഗ് നേതൃത്വം നൽകിയ “ഓപറേഷൻ രാജീവ്’ എന്ന ചരിത്രപ്രസിദ്ധ ദൗത്യത്തിന്റെ ഭാഗമായി. സിയാച്ചിൻ ഹിമാനിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള സാൾട്ടോറോ പർവതനിരയിലെ ബിലാഫോണ്ട് ലാ സെക്ടർ സുരക്ഷിതമാക്കാൻ ലെഫ്റ്റ് ഷോൾഡർ എന്ന ഏറ്റവും ഉന്നതിയിലുള്ള സ്ഥലം പിടിച്ചെടുക്കുകയെന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. സംഘത്തിലെ പ്രധാന അംഗമായിരുന്നു ചുനി ലാൽ. അതീവ അപകടകരമായ വഴികളിലൂടെ സൈന്യം മുന്നേറി എല്ലാ പാക് സൈനികരെയും തുരത്തിയോടിച്ചു. അതിശൈത്യത്തെയും ദുർഘടമായ പാതകളെയും അതിജീവിച്ചുള്ള ചുനി ലാലിന്റെ ധീരത ഏറെ ശ്രദ്ധേയമായി. ഇത് അദ്ദേഹത്തിന് സേനാ മെഡൽ (ഗ്യാലന്ററി) നേടിക്കൊടുത്തു.

ഓപറേഷൻ രക്ഷക്

1999ലെ കാർഗിൽ യുദ്ധകാലത്ത്, പൂഞ്ച് സെക്ടറിലെ “ഓപറേഷൻ രക്ഷക്’ ദൗത്യത്തിലൂടെ ചുനി ലാൽ വീണ്ടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുത്തു തോൽപ്പിച്ച അദ്ദേഹം, 12 ശത്രുക്കളെ വധിച്ചു. തന്റെ പോസ്റ്റ് സംരക്ഷിച്ചതിനും സഹ സൈനികരുടെ ജീവൻ രക്ഷിച്ചതിനും “വീർ ചക്ര’ നൽകിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
യു എൻ സമാധാന സേന
സൊമാലിയയിലും സുഡാനിലും രണ്ട് തവണ യു എൻ സമാധാന സേനയുടെ ഭാഗമായും ചുനി ലാൽ സേവനമനുഷ്ഠിച്ചു. സുഡാനിലെ സേവനകാലത്ത് അദ്ദേഹത്തിന്റെ ടീമിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാരണം യൂനിറ്റിന് ധീരതക്കുള്ള യു എൻ ബഹുമതി ലഭിച്ചു.
കുപ്‌വാരയിലെ അമർത്യ യുദ്ധം
നായിബ് സുബേദാറായി സ്ഥാനക്കയറ്റം ലഭിച്ച് മൂന്ന് ദിവസങ്ങൾക്കു ശേഷം 2007 ജൂൺ 24ന്, കശ്മീരിലെ കുപ്‌വാര സെക്ടറിലെ 14,000 അടി ഉയരത്തിലുള്ള പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു ചുനി ലാൽ. അന്ന് പുലർച്ചെ 3.30ഓടെ, അതിർത്തിയിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ട അദ്ദേഹം സൈനികരെ സജ്ജരാക്കിയപ്പോഴേക്കും വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെ, ഗുരുതര പരുക്കേറ്റ രണ്ട് സഹപ്രവർത്തകരെ അദ്ദേഹം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലിൽ മാരകമായി പരുക്കേറ്റെങ്കിലും, ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്ന മറ്റ് തീവ്രവാദികളെ വളയാൻ അദ്ദേഹം തന്റെ സൈനികർക്ക് നിർദേശം നൽകി. ഏറ്റുമുട്ടലിൽ ആകെ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. വെടിയേറ്റ് ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ആർമി ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും വീരമൃത്യു വരിച്ചു. ശക്തമായ നേതൃത്വത്തിലൂടെ യുദ്ധക്കളത്തിൽ നടത്തിയ ധീരപ്രവർത്തനങ്ങൾക്കും സഹജീവികളുടെ ജീവൻ രക്ഷിച്ചതിനും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചതിനും 2007 ആഗസ്റ്റ് 15ന് മരണാനന്തരം അശോക ചക്ര നൽകി രാജ്യം ആ രക്തസാക്ഷിയെ ആദരിച്ചു. അങ്ങനെ രാജ്യ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ബഹുമതികൾ നേടുന്ന സൈനികനായി അദ്ദേഹം മാറുകയായിരുന്നു.

 

---- facebook comment plugin here -----