Connect with us

konni thaluk office tour

വിനോദയാത്രാ വിവാദം: പുതിയ പോർമുഖവുമായി സി പി എമ്മും സി പി ഐയും

ഇതോടെ മുന്നണിയിലെ ഭിന്നത മറനീക്കി പുറത്തെത്തി.

Published

|

Last Updated

പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദയാത്രാ വിവാദത്തില്‍ എം എല്‍ എ. കെ യു ജനീഷ് കുമാർ ഇടപെട്ടത് ഇടതുമുന്നണിയിൽ പുതിയ പോർമുഖത്തിന് വഴിതുറക്കുന്നു. വിഷയത്തിൽ രണ്ട് തട്ടിലാണ് സി പി എമ്മും സി പി ഐയും. സി പി എമ്മിൻ്റെ എം എൽ എയായ ജനീഷ് കുമാറിനെതിരെ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍ രംഗത്തെത്തി. ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പത്തനംതിട്ടയിലെ തിരുവല്ലയിൽ വെച്ചുതന്നെ വ്യക്തമാക്കി. എന്നാൽ, എം എല്‍ എയുടെ നടപടി പൂര്‍ണമായി ശരിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചൂണ്ടിക്കാട്ടി. ഇതോടെ മുന്നണിയിലെ ഭിന്നത മറനീക്കി പുറത്തെത്തി.

എം എല്‍ എക്ക് തഹസില്‍ദാരുടെ കസേരയില്‍ ഇരിക്കാന്‍ അധികാരം ഉണ്ടോയെന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു. ജനീഷ്‌കുമാര്‍ പ്രതിപക്ഷ എം എല്‍ എയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സര്‍ക്കാറും മോശമാണെന്ന സന്ദേശം എം എല്‍ എയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായി. എം എല്‍ എയുടെത് അപക്വമായ നിലപാടാണ്. പ്രവര്‍ത്തി ശരിയായിരുന്നോ എന്ന് സി പി എം പരിശോധിക്കണം. സി പി ഐ ഇക്കാര്യം സി പി എമ്മിനെ അറിയിക്കും. ജീവനക്കാര്‍ അവധി എടുത്തത് അപേക്ഷ നല്‍കിയ ശേഷം മാത്രമാണ്. വെള്ളിയാഴ്ച ഓഫീസില്‍ ഇല്ലാതിരുന്നവരില്‍ എട്ട് പേര്‍ സര്‍വേ ഡ്യൂട്ടിക്ക് പോയവരാണ്. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാര്‍ പോയി എന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. സംഭവം വലുതാക്കി കാണിക്കാന്‍ ഗൂഢാലോചന നടന്നോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെയെന്ന് കാനം പറഞ്ഞു. ഇത് രാഷ്ടീയ പ്രശ്‌നമൊന്നുമല്ല, ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയമാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കലക്ടറെ അറിയിച്ച് നടപടിയെടുപ്പിക്കണമായിരുന്നുവെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ പറഞ്ഞു. തഹസീല്‍ദാര്‍ അവധിയില്‍ പോയപ്പോള്‍ പകരം ചുമതല നല്‍കിയത് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കാണ്. അദ്ദേഹം ജീവനക്കാര്‍ക്ക് കൂട്ട അവധി അനുവദിച്ചതിനെപ്പറ്റി അന്വേഷിക്കണം. ജീവനക്കാര്‍ ഓഫീസില്‍ ഇല്ലെങ്കില്‍ ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി നടപടിയെടുപ്പിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂട്ട അവധിയുടെ പേരില്‍ ജീവനക്കാരെ അടച്ച് ആക്ഷേപിക്കുന്ന രീതി ശരിയല്ലെന്നും പല കാരണങ്ങള്‍ക്കുവേണ്ടി അവധിയെടുത്തവരാണവരെന്നും എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം പി എസ് വിനോദ് കുമാര്‍ പറഞ്ഞു. സര്‍വീസ് ചട്ടത്തില്‍ അവധി അനുവദിക്കുന്നതു സംബന്ധിച്ച് വ്യവസ്ഥകളുണ്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉല്ലാസയാത്ര പോയത്. അപേക്ഷ നല്‍കി അവധിയെടുത്തവരാണ് ഏറെയും. മറ്റുചിലര്‍ക്ക് ആകസ്മിക അവധി വേണ്ടിവന്നു. ഹാജര്‍ പുസ്തകത്തില്‍ ഫീല്‍ഡ് ജോലിയിലുള്ളവരുടെ പേരുകളുണ്ട്. അവര്‍ എല്ലാ ദിവസവും ഓഫീസിലെത്തേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നും കൂട്ടഅവധിയെടുത്ത് അവര്‍ ഉല്ലാസയാത്ര പോയത് ശരിയല്ലെന്നും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരം എം എല്‍ എ ചീഫ് സെക്രട്ടറിക്കു മുകളിലാണ്. നിയോജകമണ്ഡലത്തിലെ ഏത് ഓഫീസില്‍ കയറി പരിശോധന നടത്താനും അദ്ദേഹത്തിന് അധികാരമുണ്ട്. ഒരുപാട് ആളുകള്‍ താലൂക്ക് ഓഫീസിലെത്തി ദുരിതം അനുഭവിച്ചു. എം എല്‍ എയുടെ നടപടിക്ക് പൊതുജന പിന്തുണയുണ്ടെന്നും ഉദയഭാനു പറഞ്ഞു.

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഉല്ലാസയാത്രക്ക് പിന്നില്‍ ക്വാറി മാഫിയയുടെ ബന്ധമുണ്ടെന്ന് ആരോപിച്ച് തൻ്റെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ. ജീവനക്കാര്‍ക്ക് രണ്ടാം ശനിയും ഞായറും ഉപയോഗപ്പെടുത്തി യാത്ര പോകാമായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടപ്പോള്‍ വാഹനത്തിന്റെ ലഭ്യത വെള്ളിയാഴ്ചയായിരുന്നുവെന്നാണ് തഹസീല്‍ദാര്‍ പറഞ്ഞത്. ഇതാണ് സംശയം ജനിപ്പിക്കുന്നത്. ഇവര്‍ യാത്ര പോയിരിക്കുന്നത് കോന്നിയിലെ ഒരു ക്വാറി ഉടമയുടെ വാഹനത്തിലാണ്. നേരത്തേയും താലൂക്ക് ഓഫീസിനെ സംബന്ധിച്ച് ചില ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നി വിഷയത്തില്‍ ശക്തമായ നിലപാടാണ് റവന്യൂ മന്ത്രി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ വിലമതിക്കുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനീഷ് കുമാര്‍ പറഞ്ഞു.

Latest