Kerala
ടോള്‍ പ്ലാസ ജീവനക്കാരന് മര്‍ദനം; അഭിഭാഷകന്‍ പിടിയില്‍
ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം

കൊല്ലം | കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വര്‍ക്കല സ്വദേശിയായ അഭിഭാഷകന്‍ ഷിബുവിനെയാണ് അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയില്‍ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവര്‍ മര്‍ദ്ദിച്ചത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാര്‍ ഓടിച്ചതെന്നും മര്‍ദ്ദിച്ചതെന്നും ഷിബു പറയുന്നു.
ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് മര്‍ദനമേറ്റത്.
അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറില്‍ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.