Kerala
തുടര്‍ച്ചയായി ആരോപണങ്ങള്‍;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
സംഘര്‍ഷങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ അടിക്കടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി
തിരുവനന്തപുരം | തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംഘര്‍ഷങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ അടിക്കടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജ് യൂണിറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംഘടനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന കമ്മറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു.
യൂണിറ്റിനെതിരായ ആരോപണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി എസ്എഫ്‌ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം ,കോളജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ നേതാക്കളെ നേരത്തെ സസ്പെന്‍ഡ് ചെയ്ത സംഭവം എന്നിവയാണ് ജില്ലാ കമ്മറ്റിയെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.



