Connect with us

Malabar Movement 1921

തിരൂരങ്ങാടി: പോരാട്ടത്തിന്റെ സിരാകേന്ദ്രം

Published

|

Last Updated

മലബാർ പോരാട്ടത്തിന്റെ ധീര സ്മരണകളാണ് ഇന്നും തിരൂരങ്ങാടിയിലെ മൺതരികൾക്ക്. തിരൂരങ്ങാടിയായിരുന്നു മലബാർ പോരാട്ടത്തിന്റെ സിരാകേന്ദ്രം. 1921 ആഗസ്റ്റ് 19നാണ് തുടങ്ങിയത്. തിരൂരങ്ങാടിയിലെ സമരത്തിന് നേതൃത്വം ഏറ്റെടുത്തത് നെല്ലിക്കുത്ത് ആലി മുസ്‌ലിയാരായിരുന്നു.

തിരൂരങ്ങാടിക്കാർ ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധത്തിന് തയ്യാറാകുന്നുവെന്ന വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ്19 ന് അര്‍ധ രാത്രിയിൽ മലബാർ കലക്ടർ തോമസിന്റെയും ഡെപ്യൂട്ടി കലക്ടർ അമ്മുവിന്റെയും ഡി വൈ എസ് പി ഹിച്ച്കോക്കിന്റെയും നേതൃത്വത്തിൽ പട്ടാളം തീവണ്ടി മാർഗം പരപ്പനങ്ങാടിയിലെത്തി.
ആഗസ്ത് 20ന് പുലർച്ചെ ഖിലാഫത്ത് ഓഫീസ്, തിരൂരങ്ങാടിയിലെ കിഴക്കേ പള്ളി, തെക്കെ പള്ളി, ഖിലാഫത്ത് പ്രവർത്തകരുടെ വീടുകള്‍ വളഞ്ഞു.
പട്ടാളക്കാർ പരിശോധനയുടെ പേരിൽ പള്ളിയിൽ കയറി അക്രമം നടത്തി. സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലെത്തിയവരെ ബലമായി പിടിച്ച് കൊണ്ടുപോയി. എന്നാൽ നേരം പുലർന്നപ്പോഴേക്കും ആലി മുസ്്ലിയാരെ അറസ്റ്റ് ചെയ്തെന്നും മമ്പുറം വലിയപള്ളിയും മഖാമും തകർത്തെന്നുമുള്ള പ്രചരണമുണ്ടായി.

അന്ന് കോട്ടക്കൽ ചന്തയുടെ ദിവസമായിരുന്നു. ചന്തയിലെത്തിയ ആളുകളുടെ കൈയിൽ കിട്ടിയ വടി, കല്ല്, തുടങ്ങിയവയുമായി തിരൂരങ്ങാടിയിലേക്ക് ഒഴുകി. അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ ചെമ്മാട്ടുള്ള ഹജൂർ കച്ചേരിയിലേക്ക് കലക്ടറെ കാണാൻ പോയി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കുമെന്ന പ്രതീക്ഷയോടെ കാത്ത് നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ പെട്ടെന്ന് പോലീസ് വെടിയുതിർക്കുകയായിരുന്നു.
ഈ വെടിവെപ്പിൽ മാത്രം 17 സ്വാതന്ത്ര്യ സമരസേനാനികൾ രക്തസാക്ഷികളായി. വെടിവെപ്പിന് നേതൃത്വം നൽകിയ ലെഫ്റ്റണൽ കേണൽ വില്ല്യംസ് ജോൺസൺ, എ എസ് പി വില്യം ജോൺ ഡങ്കൻ റൗളി, കോൺസ്റ്റബിൾ മൊയ്തീനും ഏതാനും പോലീസുകാരും കൊല്ലപ്പെട്ടു. ഇതോടെ ആരംഭിച്ച മലബാർ പോരാട്ടം നിരവധി പോരാട്ടങ്ങൾക്കൊടുവിൽ ആലി മൂസ്്ലിയാർ തിരൂരങ്ങാടി വലിയ പള്ളിയിൽ വെച്ച് കീഴടങ്ങിയതോടെയാണ് താത്കാലികമായി അവസാനിച്ചത്.

ഈ പോരാട്ടത്തിൽ 2399 പേർ മരിക്കുകയും 1652 പേർ പരുക്കേൽക്കുകയും ചെയ്തെന്നാണ് രേഖകൾ പറയുന്നത്. വീരമൃത്യു വരിച്ചവർക്ക് തിരൂരങ്ങാടിയിൽ ഒരു സ്മാരകം പണിയണമെന്ന ആവശ്യം ഇന്നും കടലാസിലാണ്.
ആകെയുള്ളത് ചന്തപ്പടിയിലെ ഒരു കവാടവും ചുമരിൽ ഇവരുടെ പേരുകൾ എഴുതി വെച്ചതും മാത്രമാണ്.ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയാക്കി ഉയർത്തി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.