Kerala
21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം
സ്വര്‍ണത്തിന്റെ വില എണ്‍പതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതന്‍ ഉടമക്ക് പാഴ്‌സലായി അയച്ചത്

പാലക്കാട് | 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു. അന്നത്തെ ജീവിത സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിച്ചുപോയ ആള്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ആ കുറ്റബോധം തീര്‍ത്തത്.
സ്വര്‍ണത്തിന്റെ വില എണ്‍പതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതന്‍ ഉടമക്ക് പാഴ്‌സലായി അയച്ചത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലാണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവന്‍ മാല വീണുപോയത്. അന്ന് മാല കണ്ടെത്താന്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ അവര്‍ മാലയേക്കുറിച്ച് മറന്നു.
കഴിഞ്ഞദിവസം, ഒരു കൊരിയര്‍ സമീപത്തെ കടയില്‍ ഏല്‍പ്പിച്ചതായി ഖദീജയുടെ മകന്‍ ഇബ്രാഹിമിന്റെ നമ്പറിലേക്കഒരു ഫോണ്‍വന്നു. വീട്ടുകാര്‍ കൊറിയര്‍ കൈപ്പറ്റി തുറന്നപ്പോഴാണ് അമ്പരന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടമായ മാലയുടെ സമാനമായ മാലയും ഒരു കുറിപ്പും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കളുടെ പക്കല്‍ നിന്നും കളഞ്ഞുപോയ ഒരു സ്വര്‍ണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തില്‍ അത് ഉപയോഗിക്കേണ്ടി വന്നു. ഇന്ന് ഞാന്‍ അതിന്റെ പേരില്‍ വല്ലാതെ ദുഃഖിതനാണ്.
ആയതിനാല്‍ സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കള്‍ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ടു തരണം. താങ്കളുടെ ദുആയില്‍ എന്നെയും ഉള്‍പ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യര്‍ഥിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. പവന് വില എണ്‍പതിനായിരത്തിനോട് അടുത്ത് എത്തുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടമായ സ്വര്‍ണം അജ്ഞാതന്‍ തിരികെ നല്‍കുന്നത്. അന്നത്തെ സ്വര്‍ണമാല ഉപയോഗിച്ച ആള്‍ അതുകൊണ്ട് ഉയര്‍ന്ന ജീവിത നിലവാരം നേടിയിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കൈപ്പിഴ തിരുത്താന്‍ കാണിച്ച മനസിനായി പ്രാര്‍ഥിക്കുകയാണ് ഖദീജയും കുടുംബവും. ലഭിച്ച ആഭരണം സ്വര്‍ണം തന്നെയാണെന്നു പരിശോധയില്‍ വ്യക്തമായി. എന്തായാലും അജ്ഞാതനെ അന്വേഷിച്ച് പോകുന്നില്ലെന്നുകുടുംബം തീരുമാനിച്ചു. കൈപ്പിഴ തിരുത്താന്‍ കാണിച്ച ആ വലിയ മനസ്സിനെ ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബം പറയുന്നു.