Kerala
ബസ് യാത്രക്കിടെ സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍
തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്

ചെന്നൈ | ബസ്സില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. ഡി എം കെ നേതാവാണ് ഭാരതി. കോടതിയില്‍ ഹാജരാക്കിയ ഭാരതി നിലവില്‍ റിമാന്‍ഡിലാണ്.
ബസ് യാത്രക്കിടെ മാല മോഷ്ടിച്ചതായി നേര്‍കുന്ദ്രം സ്വദേശിയായ വരലക്ഷ്മിയുടെ പരാതിയിലാണ് ഭാരതിയെ കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിന് കാഞ്ചീപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിലായിരുന്നു യാത്ര. വീട്ടിലെത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന നാല് പവന്റെ മാല കാണാനില്ലെന്ന് വരലക്ഷ്മി മനസ്സിലാക്കിയത്. തുടര്‍ന്ന് കോയമ്പേട് സ്റ്റേഷനില്‍ പരാതി നല്‍കി.
പോലീസ് ബസിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വരലക്ഷ്മിയുടെ അടുത്തിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തി. വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് കൈക്കലാക്കിയ മാല സ്ത്രീ സ്വന്തം ബാഗിലേക്ക് മാറ്റുന്നത് സി സി ടി വി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് ആ യാത്രക്കാരി ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. അന്വേഷണം ഭാരതിയില്‍ എത്തി. ഭാരതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ ഭാരതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.