Connect with us

Articles

ഒരു ചീഫ് ജസ്റ്റിസിന്റെ ചിന്തകൾ

സമൂഹത്തിലെ പാവപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും പരമോന്നത കോടതിയടക്കം വിവിധ കോടതികളിൽ നിന്ന് നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യൻ നിയമരംഗത്തെ യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

Published

|

Last Updated

ഒരു രാഷ്ട്രത്തിന്റെ എല്ലാപ്രവർത്തനങ്ങളെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ലിഖിതമോ അലിഖിതമോ ആയ ആധികാരിക പ്രമാണമാണ് ഭരണഘടന. അതൊരു പരമോന്നത നിയമസംഹിതയാണ് (Law of the Land). രാഷ്ട്രം രൂപവത്കരിക്കപ്പെടുന്നതും ഗവൺമെന്റ് പ്രവർത്തിക്കുന്നതും ഭരണഘടന മുഖേനയാണ്.

ഏതൊരു സമൂഹത്തിലും വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തർക്കങ്ങൾ ഉണ്ടാവാറുണ്ട്. അതുപോലെ വ്യക്തികളും സംഘങ്ങളും ഗവൺമെന്റുമായി തർക്കങ്ങളിൽ ഏർപ്പെടാറുണ്ട്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ നിയമവാഴ്ചക്ക് അനുസൃതമായി ഒരു സ്വതന്ത്ര സമിതി തീർപ്പുകൽപ്പിക്കണം. സമ്പന്നർക്കും ദരിദ്രർക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും മുന്നാക്ക ജാതിക്കാർക്കും പിന്നാക്ക ജാതിക്കാർക്കും… ഒരേനിയമം തന്നെ ബാധകമാക്കണമെന്ന് നിയമവാഴ്ച എന്ന ആശയം സൂചിപ്പിക്കുന്നു. നിയമവാഴ്ച സംരക്ഷിക്കുകയും നിയമത്തിന്റെ പരമാധികാരം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ജ്യൂഡീഷ്യറിയുടെ മുഖ്യചുമതല. ജനാധിപത്യം വ്യക്തിയുടെ അല്ലെങ്കിൽ സംഘത്തിന്റെ സ്വേഛാധിപത്യത്തിന് വഴിമാറിക്കൊടുക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ജ്യൂഡീഷ്യറിക്ക് ഈ ചുമതലകളെല്ലാം നിർവഹിക്കണമെങ്കിൽ രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് സ്വാതന്ത്രമായിരിക്കണം. ഗവൺമെന്റിന്റെ മറ്റ് ഘടകങ്ങളായ നിയമനിർമാണസഭയും എക്‌സിക്യൂട്ടീവും ജ്യൂഡീഷ്യറിയുടെ നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടില്ല. ജഡ്ജിമാർക്ക് നിർഭയമായും നിഷ്പക്ഷമായും അവരുടെ ചുമതലകൾ നിർവഹിക്കാൻ സാധിക്കണം.

ഭരണഘടനയും സ്വതന്ത്ര ജുഡീഷ്യറിയുമെല്ലാം നമ്മുടെ രാജ്യത്ത് നിരന്തരമായി ചർച്ച ചെയ്യുന്ന വിഷയമാണ്. സ്വതന്ത്ര ജ്യൂഡീഷ്യറിയുടെ ആവശ്യകതയെപ്പറ്റി ഭരണകൂടത്തിന് നേതൃത്വം നൽകുന്നവരടക്കം ഉച്ചൈസ‌്തരം പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് ജ്യൂഡീഷ്യറി സ്വതന്ത്രമാണെന്ന് പറയാൻ കഴിയില്ല. പലപ്പോഴും എക്‌സിക്യൂട്ടീവിന്റെ കൈയിലെ കളിപ്പാവയായി ഇതു മാറുന്ന സ്ഥിതിയും നമുക്ക് കാണാൻ കഴിയും. ജഡ്ജിമാരെ ഇപ്പോൾ നിയമിച്ചുവരുന്ന കൊളീജിയം സമ്പ്രദായത്തെ അവസാനിപ്പിച്ച് ജഡ്ജി നിയമനം സർക്കാറിന്റെ വരുതിയിലാക്കാനാണ് ഭരണകൂടം കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ സുപ്രീം കോടതിയും കേന്ദ്രസർക്കാറും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസം അനുസ്യൂതം തുടരുകയുമാണ്.

പരമോന്നത കോടതികളിലെ ജ്യൂഡീഷ്യൽ സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സുപ്രീം കോടതി സ്വീകരിച്ചുവരികയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം പറഞ്ഞു. സുപ്രീം കോടതി ജനതയുടെ കോടതിയാക്കി മാറ്റുകയാണ് ലക്ഷ്യം. കോടതിയെ സമീപിക്കാൻ ജനങ്ങൾ മടികാണിക്കരുത്. കോടതി അവരുടെ അവസാന ആശ്രയമായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ന്യൂഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി രാജ്യത്തെ പരമോന്നത കോടതി ജനങ്ങളുടെ കോടതിയായി പ്രവർത്തിച്ചുവരികയാണ്. പതിനായിരക്കണക്കിന് പൗരന്മാരാണ് ഈ കോടതിയിൽ നിന്ന് നീതി ഉറപ്പാക്കിയത്. രാജ്യത്തെ രാഷ്ട്രീയമായ തർക്കങ്ങളടക്കം എല്ലാപ്രശ്നങ്ങളും നിയമങ്ങളുടെയും ഭരണഘടനയുടെയും അടിസ്ഥാനത്തിൽ പരിഹരിക്കുകയാണ് സുപ്രീം കോടതി ലക്ഷ്യമാക്കുന്നത്. വിവിധ വർഗങ്ങളിലും ജാതികളിലും വിഭാഗങ്ങളിലും പെട്ട സാധാരണ ജനങ്ങൾക്ക് കോടതിയെ വിശ്വാസത്തിലെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഫലപ്രദമായ ഒരു സംവിധാനം ഇവിടത്തെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് ഉണ്ടാകണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് നീതി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത്.

സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും പലകാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരുമായ ജനങ്ങൾക്ക് നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യം പ്രത്യേകമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയതുതന്നെ. സാമ്പത്തികമായും സാമൂഹികമായും പിന്നണിയിലുള്ളവരുടെയും കാര്യം പ്രത്യേകമായി കോടതികൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
നിയമരംഗത്തെ പ്രവർത്തനം കുറെകൂടി എളുപ്പമാക്കാനുള്ള നടപടികൾ ഉണ്ടാകണം അതിനായി നിയമ മേഖലയിലെ ഉന്നത പ്രവേശന പരീക്ഷകളടക്കം ഇംഗ്ലീഷിന് പകരം പ്രദേശിക ഭാഷകളിലാക്കുന്ന കാര്യം ഗൗരവമായി ആലോചിക്കണം. നാട്ടിൻപുറങ്ങളിലുള്ള സാധാരണക്കാർ നിയമരംഗത്ത് കടന്നുവരണമെങ്കിൽ ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണം. ഇതിനായുള്ള ശക്തമായ നിയമങ്ങൾ അത്യാവശ്യമായിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എടുത്തു പറഞ്ഞു.
കോടതിയെ സമീപിക്കാൻ ജനങ്ങൾ ഭയക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം ജനതക്കും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നുള്ളതാണ് വസ്തുത. അതുകൊണ്ടുതന്നെയാണ് ഇക്കൂട്ടർ ഉന്നത കോടതികളിൽ നീതിക്കുവേണ്ടി പോകാതിരിക്കുന്നതും. ഇക്കാര്യം നിർഭാഗ്യവശാൽ ചീഫ് ജസ്റ്റിസ് പരാമർശിച്ചുകണ്ടില്ല.

സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഭൂരിപക്ഷത്തിന് ഇപ്പോഴും പരമോന്നത കോടതികൾ അപ്രാപ്യമാണ്. ഹൈക്കോടതികളിൽ നിന്നും സുപ്രീം കോടതിയിൽ നിന്നുമെല്ലാം നീതി ലഭ്യമാക്കണമെങ്കിൽ സാന്പത്തിക ചെലവാണ് ഏറ്റവും വലിയ പ്രശ്‌നം. സ്വപ്നത്തിൽ പോലും പാവങ്ങൾക്ക് ഉന്നത കോടതികൾ കാണാൻ സാധിക്കുന്നില്ല. നിലവിലുള്ള കോടതി ചെലവ് ഗണ്യമായി കുറക്കുന്നതിനും നിശ്ചിതവരുമാനത്തിന് താഴെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഇതിനായി സാമ്പത്തിക സഹായമടക്കമുള്ള മറ്റ് സഹായങ്ങളും ചെയ്യുന്നതിനും സംവിധാനം ഉണ്ടായില്ലെങ്കിൽ പരമോന്നത കോടതികൾ നിലവിലുള്ള വൈറ്റ്‌കോളർ വിഭാഗത്തിന്റേത് മാത്രമായി തുടരുമെന്നതിൽ യാതൊരു സംശയവുമില്ല.

രാജ്യത്തെ ഓരോ സംസ്ഥാനത്തും ആയിരക്കണക്കിന് വിചാരണാ തടവുകാർ ജയിലുകളിൽ അടക്കപ്പെട്ടിരിക്കുകയാണ്. ജാമ്യം ലഭിക്കുന്ന കുറ്റങ്ങളിൽ പോലും ജാമ്യം എടുത്ത് പുറത്തുവരുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ഈ വിചാരണാ തടവുകാരിൽ ബഹുഭൂരിപക്ഷവും വർഷങ്ങളായി കൽതുറുങ്കിലാണ്. വിചാരണാ തടവുകാരിൽ മഹാഭൂരിപക്ഷവും സാമ്പത്തികമായി പിന്നണിയിലുള്ളവരും സാമൂഹികമായ പിന്നാക്കക്കാരുമാണെന്ന യാഥാർഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.

സമൂഹത്തിലെ പാവപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും പരമോന്നത കോടതിയടക്കം വിവിധ കോടതികളിൽ നിന്ന് നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യൻ നിയമരംഗത്തെ യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഭരണഘടന സമൂഹത്തിലെ എല്ലാ വിഭാഗത്തിനും നീതി ഉറപ്പു നൽകുണ്ട്. എന്നാൽ മഹാഭൂരിപക്ഷത്തിനും ഇത് ലഭ്യമല്ലാത്ത സ്ഥിതിയാണ് യഥാർഥത്തിൽ ഇന്നുള്ളത്. ഇതിന് പരിഹാരം കാണാൻ കുറുക്കുവഴികളൊന്നുമില്ല. രാഷ്ട്രീയ- സാമൂഹിക രംഗത്തെ വലിയ മാറ്റങ്ങൾ കൊണ്ടുമാത്രമേ ഇതിനു സാധിക്കുകയുള്ളൂ. എതായാലും ഭരണഘടനാ ദിനത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുടങ്ങി വെച്ചിരിക്കുന്ന ചർച്ചയായ പരമോന്നത കോടതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തലും നീതിന്യായ പരിപാലന രംഗത്ത് വരുത്തേണ്ട മാറ്റങ്ങളുമെല്ലാം എന്തുകൊണ്ടും ഗൗരവാഹമായ ഒന്നാണെന്നുള്ള കാര്യത്തിൽ സംശയമില്ല.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest