First Gear
ഈ വര്‍ഷം ബിഎംഡബ്ല്യുവിന്റെ 24 വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
ബിഎംഡബ്ല്യു ഈ വര്‍ഷം ഇന്ത്യയില്‍ 19 കാറുകളും അഞ്ച് ബൈക്കുകളും അവതരിപ്പിക്കും.
ന്യൂഡല്‍ഹി| ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഈ വര്‍ഷം ഇന്ത്യയില്‍ 19 കാറുകളും അഞ്ച് ബൈക്കുകളും അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2022-ലെ ഒന്നാം പാദത്തില്‍ ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനയും മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 41 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. ബിഎംഡബ്ല്യു തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറും ആസൂത്രണം ചെയ്യുന്നതായി അറിയിച്ചു. അത് ഈ വര്‍ഷം മെയ് മാസത്തില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനുവരി-മാര്‍ച്ച് കാലയളവില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഫോര്‍ വീലര്‍ വില്‍പ്പനയില്‍ 25.3 ശതമാനം കുതിച്ചുചാട്ടത്തോടെ 2,815 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ബിഎംഡബ്ല്യു ശ്രേണിയിലെ സെഡാനുകളുടെയും എസ്യുവികളുടെയും വില്‍പ്പന 2,636 യൂണിറ്റുകളും മിനി ആഡംബര കോംപാക്റ്റ് കാര്‍ 179 യൂണിറ്റുകളും വിറ്റു. ഇക്കാലയളവില്‍ ഗ്രൂപ്പിന്റെ ഇരുചക്രവാഹന വില്‍പ്പന 41.1 ശതമാനം വര്‍ധിച്ച് 1,518 യൂണിറ്റിലെത്തി.