food
ഇതാ ഇതാണ് ഷാർജാ ഷേയ്കിന്റെ തറവാട്
മലയാളികൾക്കെന്നല്ല വിദേശികൾക്കും വേറിട്ട രുചി മധുരമായി മാറിയ ജ്യൂസ് അനുഭവമാണ് ഷാർജ ഷേയ്ക്. പല തരത്തിലുള്ള പാനീയങ്ങൾ വിപണി വാണിട്ടും പിറന്നത് മുതൽ തലമുറ വ്യത്യാസമില്ലാതെ ട്രെൻഡ് ആയി നിൽക്കുന്ന താരം. വേനൽ ഷേയ്കുകളിലെ രാജാവെന്ന് അറിയപ്പെടുന്ന ഷാർജ ഷേയ്ക് ഇന്ന് ആഗോള മലയാളികൾക്ക് സുപരിചിതമാണ്.
കോഴിക്കോട് | മലയാളികൾക്കെന്നല്ല വിദേശികൾക്കും വേറിട്ട രുചി മധുരമായി മാറിയ ജ്യൂസ് അനുഭവമാണ് ഷാർജ ഷേയ്ക്. പല തരത്തിലുള്ള പാനീയങ്ങൾ വിപണി വാണിട്ടും പിറന്നത് മുതൽ തലമുറ വ്യത്യാസമില്ലാതെ ട്രെൻഡ് ആയി നിൽക്കുന്ന താരം. വേനൽ ഷേയ്കുകളിലെ രാജാവെന്ന് അറിയപ്പെടുന്ന ഷാർജ ഷേയ്ക് ഇന്ന് ആഗോള മലയാളികൾക്ക് സുപരിചിതമാണ്.
പക്ഷേ, മറുനാടൻ പേരിലറിയപ്പെടുന്ന ഷേയ്കിന്റെ ജന്മനാടിനെ കുറിച്ച് പലർക്കുമറിയില്ല. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിക്കടുത്തുള്ള ജ്യൂസ് കടയിൽ നിന്ന് പിറവിയെടുത്ത ഷാർജ ഷേയ്ക് ലോകത്തോളം വളർന്നതിന് പിന്നിലൊരു ചെറിയ കഥയുണ്ട്. അതിന് കാരണക്കാരനായ അരീക്കാട്ട്കാരൻ കലന്തൻ കോയയുടെ കൂടെ കഥയാണത്.
1984. ഷാർജ കപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന കാലം. കോഴിക്കോട് മാനാഞ്ചിറക്ക് എതിർവശമുള്ള ഡയനോര ടി വി കടയിലെ ബിഗ് സ്‌ക്രീനിൽ കോഴിക്കോട് നഗരത്തിലെ കളിയാരാധകരായ നൂറുക്കണക്കിന് പേർ ക്രിക്കറ്റ് കണ്ട് ഹരംകൊള്ളുന്നു. മണിക്കൂറുകളോളം ഇരുന്ന് മുഷിയുമ്പോൾ തൊട്ടടുത്തുള്ള കടയിൽ നിന്ന് ജ്യൂസ് കുടിക്കും. ഞാലിപ്പൂവനും കട്ടിപ്പാലും ചേർന്ന വ്യത്യസ്ത രുചിക്കൂട്ടുള്ള ജ്യൂസ് പലർക്കും ഹരം പകർന്നു. പലരും ജ്യൂസ് കുടിച്ച് പോകുന്നതിനിടെ ഒരാൾ വന്നു കട നടത്തുന്ന കലന്തൻ കോയയോട് ജ്യൂസിന്റെ പേരെന്തെന്ന് ചോദിച്ചു. ഷാർജ കപ്പ് നടക്കുകയായിരുന്നതിനാൽ “ഷാർജ സ്‌പെഷ്യലാ’ണെന്ന് മറുപടി. പിറ്റേ ദിവസം അദ്ദേഹം വന്നു ചോദിച്ചു ഒരു ഷാർജ ഷേയ്ക് വേണം എന്ന്. അതോടെ അതുവരെ പേരില്ലാതിരുന്ന ജ്യൂസിന് “ഷാർജ ഷേയ്‌കെ’ന്ന പേരിടാൻ കലന്തൻ കോയ തീരുമാനിച്ചു.
ആ പേരിന് കാരണക്കാരനായ ആളെ ഇപ്പോഴും അറിയില്ലെന്ന് ഇപ്പോൾ കട നടത്തുന്ന കലന്തൻ കോയയുടെ മകൻ ഉസ്മാൻ പറഞ്ഞു. ഷാർജാ ഷേയ്കിന്റെ രുചി വൈവിധ്യം തിരിച്ചറിഞ്ഞതോടെ ജ്യൂസ് കടയിൽ തിരക്ക് കൂടി. ഷേയ്കിന്റെ ഖ്യാതി കേരളത്തിലെന്നല്ല മറുനാട്ടിലും പരന്നു. കേരളത്തിലെ പല ജ്യൂസ് കടകളിലും ഷാർജ ഷേയ്ക് തരംഗമായി. വകഭേദങ്ങൾ വന്നു. എന്നാൽ, തനത് ഷാർജാ ഷേയ്ക് കഴിക്കാൻ കോഴിക്കോട്ടെ തറവാട്ടിൽ തന്നെ വരണം. ഷാർജാ ഷേയ്കിന് ശേഷമാണ് പലതരത്തിലുള്ള ഷേയ്കുകൾ പിറവിയെടുത്തത്.
50 വർഷം മുമ്പാണ് കലന്തൻ കോയ കോഴിക്കോട് പാളയത്തുള്ള മൊയ്തീൻ പള്ളി റോഡിൽ പാർട്ണർഷിപ്പിൽ ജ്യൂസ് കട (അൽ അമീൻ ഫ്രൂട്‌സ്) തുടങ്ങുന്നത്. കോഴിക്കോട്ടെ തന്നെ ആദ്യത്തെ ജ്യൂസ് കടയായാണ് ഇത് അറിയപ്പെടുന്നത്. തുടർന്ന് അദ്ദേഹം 1980ൽ മാനാഞ്ചിറക്ക് സമീപം ഇ പി കെ ഫ്രൂട്‌സ് സെന്റർ എന്ന പേരിൽ സ്വന്തമായൊരു കട തുടങ്ങി. ഈ കടയിൽ വെച്ചാണ് ഷാർജ ഷേയ്ക് പിറവിയെടുത്തത്.
ഒമ്പത് വർഷം മുമ്പ് 85ാമത്തെ വയസ്സിൽ കലന്തൻ കോയ മരിക്കുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ഷാർജ ഷേയ്ക് കടയിൽ തയ്യാറാക്കി നൽകിയിരുന്നത്. ഷേയ്ക് കച്ചവടത്തിലൂടെ കലന്തൻ കോയ കോഴിക്കോട്ടുകാർക്ക് സുപരിചിതനായി മാറിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്തമകൻ ഉസ്മാന്റെ നേതൃത്വത്തിലാണ് കട നടത്തുന്നത്.
ബട്ടർഫ്രൂട്ട് ഷേയ്കിന്റെ പിറവിയും കലന്തൻ കോയയിലൂടെയാണ്. 1984ൽ ആദ്യമായി അമ്പലവയലിൽ നിന്ന് ബട്ടർ ഫ്രൂട്ടെത്തിച്ച് ജ്യൂസ് ആക്കി കലന്തൻ കോയ ലോകത്തിന് പരിചയപ്പെടുത്തി. മിൽക്ക് ഷേയ്ക് എന്ന പുത്തൻ രുചിയനുഭവത്തിന്റെ തുടക്കക്കാരനും കലന്തൻ കോയ
തന്നെയാണ്.