editorial
ഇത് താരിഫ് യുദ്ധമല്ല, രാഷ്ട്രീയ ആക്രമണം
നിരന്തരം വാക്ക് മാറ്റിപ്പറയുന്ന ട്രംപിന് മുന്നില്‍ ഇന്ത്യയുടെ ദീര്‍ഘകാല മുന്‍ഗണനകള്‍ അടിയറവ് വെക്കരുത്. പ്രതികാരച്ചുങ്കവും ഉപരോധവും മറികടക്കാന്‍ ബ്രിക്‌സ് അടക്കമുള്ള കൂട്ടായ്മകള്‍ ശക്തമാക്കണം. യു എസുമായി മുന്നേറുന്ന വ്യാപാര ചര്‍ച്ചകള്‍ അതേ ഊര്‍ജത്തില്‍ മുന്നോട്ട് പോകണം.

വ്യാപാര യുദ്ധം ലോകത്തിന് പുതിയ അനുഭവമല്ല. സായുധ ഏറ്റുമുട്ടലുകളോളമോ ചിലപ്പോള്‍ അതിലധികമോ മാരകമാണ് ചോര ചിന്താത്ത ഈ യുദ്ധങ്ങള്‍. ഇവിടെ ഉത്പന്നങ്ങളുടെ സ്വതന്ത്ര സഞ്ചാരവും സാമ്പത്തിക ഒഴുക്കുകളും തടസ്സപ്പെടുകയും മേധാവിത്വ രാഷ്ട്രത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് വ്യാപാരത്തിന്റെ ദിശ നിര്‍ണയിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഈ യുദ്ധം അവികസിത രാജ്യങ്ങളെ കൂടുതല്‍ അവികസിതമാക്കും. വ്യാപാര മേഖലയില്‍ വലിയ വിലപേശല്‍ ശക്തിയുള്ളതും ഭൗമരാഷ്ട്രീയത്തില്‍ മേല്‍ക്കൈയുള്ളതുമായ രാജ്യങ്ങള്‍ നേട്ടങ്ങമുണ്ടാക്കും. സമ്പന്ന രാജ്യങ്ങള്‍ക്ക് അനുകൂലമായ താരിഫ്, ക്വാട്ട സംവിധാനങ്ങളും ചട്ടങ്ങളും അടിച്ചേല്‍പ്പിക്കപ്പെടും. അന്താരാഷ്ട്ര നാണയ നിധിയും ലോക ബേങ്കും ലോക വ്യാപാര സംഘടനയുമെല്ലാം വ്യാപാര യുദ്ധത്തിലെ മാരക ആയുധങ്ങളായി മാറിയത് ലോകം പലപ്പോഴും അനുഭവിച്ചതാണ്. ബദല്‍ രാഷ്ട്ര കൂട്ടായ്മകളാണ് വന്‍കിട രാജ്യങ്ങള്‍ തുടങ്ങിവെക്കുന്ന വ്യാപാര യുദ്ധത്തെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാറുള്ളത്.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അധികാരത്തിലേറിയതോടെ യാതൊരു ന്യായീകരണവുമില്ലാത്ത താരിഫ് അതിക്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുമായി അമേരിക്കക്കുള്ള വ്യാപാര കമ്മി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും “അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമാണെന്നും തുടക്കത്തില്‍ ന്യായം പറഞ്ഞ ട്രംപിന്റെ ഇപ്പോഴത്തെ പോക്ക് കണ്ടാല്‍, വ്യാപാരമല്ല രാഷ്ട്രീയമാണ് ഈ എടുത്തുചാട്ടത്തിന് പിന്നിലെന്ന് വ്യക്തമാകും. ഇന്ത്യക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയാണ് ട്രംപ്. ഇന്ത്യയില്‍ നിന്ന് കയറ്റിയയക്കുന്ന വസ്തുക്കള്‍ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്‍ പ്രഖ്യാപനം. ഇപ്പോള്‍ പറയുന്നത് താരിഫ് 50 ശതമാനമാക്കുമെന്നാണ്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയാല്‍ കടുത്ത തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ ഭീഷണി വന്നത്. യു എസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ആവര്‍ത്തിച്ച ട്രംപ് ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്നും പറഞ്ഞു. “അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ അവരുമായി ഞങ്ങൾക്കുള്ളത് തുച്ഛമാണ്. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയും റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം പകരുകയുമാണ്. ‘- ഇങ്ങനെ പോകുന്നു ട്രംപിന്റെ വാക്കുകള്‍.
ജൂലൈ 30നാണ് ഇന്ത്യയില്‍ നിന്ന് യു എസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാപാര അസന്തുലിതാവസ്ഥയല്ല ട്രംപിന്റെ പ്രശ്‌നം. മറിച്ച് റഷ്യയില്‍ നിന്ന് എണ്ണയും ആയുധവും വാങ്ങുന്നതാണ്. യു എസും റഷ്യയും തമ്മിലുള്ള വ്യാപാര കരാറുകള്‍ അതേ പടി നില്‍ക്കെയാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നതെന്നോര്‍ക്കണം. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ പാചകവാതകമടക്കം കൊണ്ടുവരുന്നത് റഷ്യയിൽ നിന്നാണ്. റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായരഹിതവും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആശങ്കയിലാണ്.
അവരുടെ ഏറ്റവും മൂല്യവത്തായ വിപണിയാണ് അമേരിക്ക. (ഇന്ത്യയുടെ മൊത്തം ഔട്ട്ബൗണ്ട് ഷിപ്പ്മെന്റിന്റെ ഏകദേശം 20 ശതമാനം). ആ വ്യാപാര സാധ്യത അനിശ്ചിതത്വത്തിലാകുന്നത് അവര്‍ക്ക് സഹിക്കാനാകില്ലല്ലോ. അത് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിലും വന്‍ ആഘാതമുണ്ടാക്കും. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് തൊഴില്‍ നല്‍കരുതെന്ന് യു എസ് കമ്പനികള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഈ പ്രതിസന്ധികളെല്ലാമുണ്ടെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്ത്യക്കെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് പൂര്‍ണമായി വഴങ്ങിക്കൊടുക്കേണ്ടതില്ലെന്ന് തന്നെയാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. ട്രംപ് അധികാരത്തില്‍ വരാന്‍ വേണ്ടി യു എസില്‍ ചെന്ന് ക്യാമ്പയിന്‍ നടത്തിയയാളാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തിന്റെ അനുയായികള്‍ ട്രംപിന്റെ രണ്ടാം വരവ് മതിമറന്ന് ആഘോഷിച്ചവരാണ്. ട്രംപ്- മോദി ബന്ധത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് പേജും പ്രൈം ടൈമുകളും നിര്‍ബാധം നല്‍കിയവരാണ് ഇന്ത്യയിലെ ഭീമന്‍ മാധ്യമങ്ങള്‍. അവരെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കാന്‍ പോന്നതാണ് ട്രംപിന്റെ പുതിയ പ്രതികാര നടപടികള്‍. ‘ബ്രോമാന്‍സ്’ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സൗഹൃദ പ്രകടനങ്ങള്‍ എത്ര വലിയ പ്രഹസനമായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുന്നു.
ബ്രിക്‌സ് ഗ്രൂപ്പിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം, റഷ്യയുമായും ഇറാനുമായും വെനിസ്വേലയുമായുള്ള ബന്ധം, പാകിസ്താനോടുള്ള സമീപനം എന്നിവയിലെല്ലാം ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയോട് അടങ്ങാത്ത കലിയുണ്ട്. സത്യത്തില്‍ ഇത് ട്രംപ് വന്നപ്പോഴുണ്ടായ പ്രതിഭാസമല്ല. ഭൗമ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നത് യു എസിന്റെ തന്ത്രമാണെന്ന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ തയ്യാറാക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു. ക്രൂരമായ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ എക്കാലവും മുന്നില്‍ നിന്നത് അമേരിക്കയായിരുന്നു.
പക്ഷം പിടിച്ച് തമ്മില്‍ തല്ലിക്കുകയെന്നതും യു എസ് വിനോദമാണ്. 1971ലെ ഒരു പത്രകട്ടിംഗ് പുറത്തുവിട്ട് കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. 1950കളില്‍ തന്നെ പാകിസ്താന് ബില്യണ്‍ കണക്കിന് ഡോളര്‍ യു എസ് നല്‍കിവരുന്നുവെന്നായിരുന്നു ആ വാര്‍ത്തയുടെ ഉള്ളടക്കം. പഹല്‍ഗാം ആക്രമണത്തിന് ശേഷം ട്രംപ് നടത്തിയ പ്രസ്താവനകളെല്ലാം ഇന്ത്യയുടെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യുന്നതായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷം പാകിസ്താന്‍ സൈനിക മേധാവിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതും 19 ശതമാനമെന്ന കുറഞ്ഞ താരിഫ് നിശ്ചയിച്ചതും പാകിസ്താനോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല.
ഇന്ത്യക്ക് കൃത്യമായ സന്ദേശം കൊടുക്കാനായിരുന്നു. നിരന്തരം വാക്ക് മാറ്റിപ്പറയുന്ന ട്രംപിന് മുന്നില്‍ ഇന്ത്യയുടെ ദീര്‍ഘകാല മുന്‍ഗണനകള്‍ അടിയറവ് വെക്കരുത്. പ്രതികാരച്ചുങ്കവും ഉപരോധവും മറികടക്കാന്‍ ബ്രിക്‌സ് അടക്കമുള്ള കൂട്ടായ്മകള്‍ ശക്തമാക്കണം. യു എസുമായി മുന്നേറുന്ന വ്യാപാര ചര്‍ച്ചകള്‍ അതേ ഊര്‍ജത്തില്‍ മുന്നോട്ട് പോകണം. എന്നാലത് ഇറാനോടും റഷ്യയോടുമൊക്കെ ബന്ധം വിച്ഛേദിച്ചു കൊണ്ടാകരുത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ നടക്കുന്ന ചര്‍ച്ചകള്‍ പൊളിയുന്നത് ഇന്ത്യയുടെ കുറ്റമല്ല. അതിന്റെ ഉത്തരവാദിത്വം ട്രംപ് ഭരണകൂടത്തിന് തന്നെയാണ്.