International
ഇത് ചരിത്രം; ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം പിന്നിട്ട് നാസയുടെ വോയേജർ 1 പേടകം
ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത പേടകം
വാഷിംഗ്ടൺ | ഭൂമിയിൽ നിന്ന് യാത്ര തിരിച്ച് ഏകദേശം 49 വർഷങ്ങൾക്ക് ശേഷം നക്ഷത്രാന്തര ബഹിരാകാശത്ത് (Interstellar Space) പുതിയ ചരിത്രനേട്ടം കൈവരിച്ച് നാസയുടെ വോയേജർ 1 പേടകം. നവംബർ 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.46ഓടെ ഭൂമിയിൽ നിന്ന് ഒരു ലൈറ്റ്-ഡേ (പ്രകാശ ദിനം) അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി വോയേജർ 1 മാറി. ഏകദേശം 25.9 ബില്യൺ കിലോമീറ്റർ ദൂരമാണ് പേടകം ഇതുവരെ പിന്നിട്ടിരിക്കുന്നത്.
സമയത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കണക്കാക്കുന്നത്. സെക്കൻഡിൽ ഏകദേശം 3,00,000 കിലോമീറ്റർ വേഗതയിൽ പ്രകാശം 24 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ ദിനം. മണിക്കൂറിൽ ഏകദേശം 61,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വോയേജർ 1ന് ഈ ദൂരം പിന്നിടാൻ അഞ്ച് പതിറ്റാണ്ടോളം സമയമെടുത്തു.
977 സെപ്റ്റംബർ 5 ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വോയേജർ 1 പേടകവുമായി ഒരു റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത്. സൗരയൂഥത്തിലെ ഭീമൻ ഗ്രഹങ്ങളായ വ്യാഴത്തെയും ശനിയെയും അടുത്ത് നിന്ന് പഠിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 175 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളുടെ ഒരു പ്രത്യേക വിന്യാസം പ്രയോജനപ്പെടുത്തിയാണ് നാസ ഈ ദൗത്യം ആസൂത്രണം ചെയ്തത്.

വോയേജർ 1 വിക്ഷേപണം
1979-ൽ വ്യാഴത്തെയും 1980-ൽ ശനിയെയും കടന്നുപോയ വോയേജർ, ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന നിരവധി ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു. വ്യാഴത്തിന്റെ ഉപഗ്രഹമായ ‘അയോ’യിലെ അഗ്നിപർവ്വതങ്ങളും, ശനിയുടെ വലയങ്ങളുടെ നിഗൂഢതകളും ലോകം ആദ്യമായി കണ്ടത് വോയേജറിന്റെ കണ്ണുകളിലൂടെയാണ്. 1990 ഫെബ്രുവരി 14 ന് ഭൂമിയിൽ നിന്ന് 600 കോടി കിലോമീറ്റർ അകലെയെത്തിയ വോയേജർ 1, അവിടെ നിന്നും പകർത്തിയ ഭൂമിയുടെ ചിത്രം ലോകപ്രശസ്തമാണ്. അനന്തമായ ഇരുട്ടിൽ, സൂര്യരശ്മികൾക്കിടയിൽ ഒരു ചെറിയ പൊടിപോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രമായിരുന്നു അത്. ആ ചിത്രം പകർത്തിയതിന് തൊട്ടുപിന്നാലെ, ഊർജ്ജം ലാഭിക്കുന്നതിനായി നാസ വോയേജറിന്റെ ക്യാമറകൾ എന്നെന്നേക്കുമായി ഓഫാക്കി.

600 കോടി കിലോമീറ്റർ അകലെ നിന്ന് വോയേജർ പകർത്തിയ ഭൂമിയുടെ ദൃശ്യം. വൃത്തത്തിൽ ഒരു ബിന്ദു പോലെ കാണുന്നതാണ് ഭൂമി.
ഓരോ വർഷം കഴിയുന്തോറും പേടകത്തിന്റെ ഊർജ്ജം കുറഞ്ഞുവരും. എന്നാൽ പേടകത്തെ ജീവനോടെ നിലനിർത്താൻ നാസയിലെ എൻജിനീയർമാർ അതിലെ ഉപകരണങ്ങളും ഹീറ്ററുകളും ഒന്നൊന്നായി ഓഫ് ചെയ്തുകൊണ്ടിരിക്കുന്നു. പ്ലൂട്ടോണിയം-238 എന്ന റേഡിയോ ആക്ടീവ് മൂലകത്തിൽ നിന്ന് താപം സ്വീകരിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ‘ആർ.ടി.ജി’ എന്ന ആണവ ബാറ്ററിയാണ് വോയേജറിന്റെ ജീവൻ നിലനിർത്തുന്നത്.
1970കളിലെ സാങ്കേതികവിദ്യയും ആണവ ഊർജ്ജ സ്രോതസ്സും പഴക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ചാണ് മനുഷ്യനിർമ്മിത പേടകങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വോയേജർ 1 ഇപ്പോഴും പ്രവർത്തനം തുടരുന്നത് എന്നതാണ് അത്ഭുതകരം. ഏകദേശം 2030-ഓടെ വോയേജറിന്റെ ആണവ ബാറ്ററി പൂർണ്ണമായും നിലയ്ക്കും. അന്ന് ഭൂമിയുമായുള്ള അതിന്റെ ബന്ധം എന്നെന്നേക്കുമായി മുറിയും.
Content Highlights
After 49 years of travel, NASA’s Voyager 1 became the first human-made object to reach one light-day from Earth. The spacecraft is now 25.9 billion kilometres away in interstellar space.



