Eduline
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 6.5 ശതമാനം കുറവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷൻ (ഐ ഐ ഇ) തിങ്കളാഴ്ച പുറത്തുവിട്ട ഓപൺ ഡോർസ് 2026 റിപോർട്ട് പ്രകാരം അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 3,63,019ൽ നിന്ന് 3,39,435 ആയി കുറഞ്ഞു.
വാഷിംഗ്ടൺ | അമേരിക്കയിലെ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 2025-26 അധ്യയന വർഷം 6.5 ശതമാനം കുറവുണ്ടായതായി റിപോർട്ട്. ബിരുദാനന്തര പഠനത്തിനുള്ള പ്രവേശനത്തിൽ വലിയ ഇടിവുണ്ടായതാണ് ഇതിന് പ്രധാന കാരണം. അതേസമയം, തുടർച്ചയായ മൂന്നാം വർഷവും അമേരിക്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർഥി സമൂഹമായി ഇന്ത്യ തുടരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷൻ (ഐ ഐ ഇ) തിങ്കളാഴ്ച പുറത്തുവിട്ട ഓപൺ ഡോർസ് 2026 റിപോർട്ട് പ്രകാരം അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 3,63,019ൽ നിന്ന് 3,39,435 ആയി കുറഞ്ഞു.
2020-21 അധ്യയന വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വാർഷിക കുറവുണ്ടാകുന്നത്. ബിരുദാനന്തര പഠനത്തിനുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 34.4 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 1,77,892ൽ നിന്ന് 1,16,609 ആയാണ് എണ്ണം കുറഞ്ഞത്. ബിരുദ പഠനത്തിനുള്ള വിദ്യാർഥികളുടെ എണ്ണത്തിലും 1.1 ശതമാനം കുറവുണ്ടായി. 39,711 പേരാണ് ഈ വിഭാഗത്തിലുള്ളത്. അതേസമയം, ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒ പി ടി) പദ്ധതിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 26.8 ശതമാനം വർധിച്ച് 1,82,201 ആയി. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ആകെ എണ്ണത്തിന്റെ പകുതിയിലധികം പേർ ഈ വിഭാഗത്തിലാണ്. അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ മൊത്തം എണ്ണത്തിലും കുറവുണ്ടായി. 2025-26 അധ്യയന വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 11,46,163 വിദ്യാർഥികളാണ് അമേരിക്കൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം കുറവാണിത്.
പുതുതായി പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ 18 ശതമാനം ഇടിവുണ്ടായി. 2,28,123 പേരാണ് പുതുതായി പ്രവേശനം നേടിയത്. എല്ലാ രാജ്യങ്ങളിലെയും വിദ്യാർഥികളെ കണക്കിലെടുക്കുമ്പോൾ ബിരുദാനന്തര പഠന വിഭാഗത്തിൽ 13 ശതമാനം കുറവുണ്ടായി. മാസ്റ്റേഴ്സ് കോഴ്സുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 22 ശതമാനം ഇടിവുണ്ടായപ്പോൾ ഡോക്ടറൽ പഠനത്തിനുള്ളവരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വർധന രേഖപ്പെടുത്തി. 2,54,458 വിദ്യാർഥികളുമായി ചൈനയാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്.
ചൈനീസ് വിദ്യാർഥികളുടെ എണ്ണത്തിൽ ഏകദേശം നാല് ശതമാനം കുറവുണ്ടായി. ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. അതേസമയം, 2026ലെ ശരത്കാല അധ്യയന കാലയളവിനെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക സർവേ അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർഥി പ്രവേശനത്തിൽ കൂടുതൽ ഇടിവുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്.
സർവേയിൽ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ആകെ എണ്ണത്തിൽ ഒമ്പത് ശതമാനവും പുതുതായി പ്രവേശനം നേടിയവരുടെ എണ്ണത്തിൽ 15 ശതമാനവും കുറവുണ്ടായി. ബിരുദാനന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 15 ശതമാനം ഇടിവുണ്ടായപ്പോൾ എല്ലാ രാജ്യങ്ങളിലെയും ഒ പി ടി പങ്കാളിത്തത്തിൽ ആറ് ശതമാനം കുറവുണ്ടായി. അന്താരാഷ്ട്ര വിദ്യാഭ്യാസം അമേരിക്കക്ക് ഇപ്പോഴും നിർണായക പ്രാധാന്യമുള്ള മേഖലയാണെന്ന് ഓപൺ ഡോർസ് റിപോർട്ടിനോട് പ്രതികരിച്ച് ഐ ഐ ഇ പ്രസിഡന്റ് ജേസൺ സൈസ് പറഞ്ഞു.
Content Highlights: Indian student enrollment in US universities declined by 6.5% to 339,435 in 2025-26, driven by a 34.4% drop in postgraduate admissions. Despite the dip, India remains the largest source of international students in the US for the third consecutive year, with OPT participation rising by 26.8%.



