Articles
ആസൂത്രിതം ഈ അധിനിവേശങ്ങള്‍
വിവര സാങ്കേതികവിദ്യയുടെ, പ്രധാനമായും സാമൂഹിക മാധ്യമങ്ങളുടെ അനന്ത സാധ്യതകളുപയോഗിച്ച് ജനമനസ്സുകളെ സ്വാധീനിക്കുകയും ഫാസിസ്റ്റ് അധികാര ശക്തികള്‍ക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്ന പ്രചാരണ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ് ഇസ്‌റാഈലി ഭരണകൂടത്തിന്റെ അറിവോടെയും പിന്തുണയോടെയും നടന്നിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്ന ഒരതീവ രഹസ്യ ഇസ്‌റാഈലി കമ്പനി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ മോദിക്ക് അനുകൂലമായി ഇടപെട്ടതായുള്ള അന്വേഷണ വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ഇസ്‌റാഈലി ഗ്രൂപ്പിന്റെ പേരും വിശദാംശങ്ങളുമൊന്നും ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ച രഹസ്യാന്വേഷണ റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ല.
സാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങളുപയോഗിച്ച് ഇസ്‌റാഈലില്‍ നിന്ന് ലോകത്തിലെ എല്ലാ കാര്യങ്ങളും വീക്ഷിക്കുകയും അതിനെയെല്ലാം തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക താത്പര്യങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ കൊണ്ടുവരാന്‍ ഉപജാപം നടത്തുകയും ചെയ്യുന്ന സയണിസ്റ്റ് ഭീകര സംഘമാണിത്.
വിവര സാങ്കേതികവിദ്യയുടെ, പ്രധാനമായും സാമൂഹിക മാധ്യമങ്ങളുടെ അനന്ത സാധ്യതകളുപയോഗിച്ച് ജനമനസ്സുകളെ സ്വാധീനിക്കുകയും ഫാസിസ്റ്റ് അധികാര ശക്തികള്‍ക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്ന പ്രചാരണ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ് ഇസ്‌റാഈലി ഭരണകൂടത്തിന്റെ അറിവോടെയും പിന്തുണയോടെയും ഈ സംഘം നടത്തിയിട്ടുള്ളത്. ഇത്തരം ഭീകര സംഘങ്ങള്‍ അദൃശ്യ സേനകളായി നമ്മുടെ പൊതുമണ്ഡലത്തിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന പേടിപ്പെടുത്തുന്ന അവസ്ഥയാണ് ഈ റിപോര്‍ട്ട് നല്‍കുന്നത്. നേരത്തേ പെഗാസസ് ചാരപ്രവര്‍ത്തനത്തെപ്പറ്റി വിവാദപരമായി നമ്മള്‍ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. പെഗാസസ് സോഫ്റ്റ് വെയര്‍ 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് ഇന്ത്യ വാങ്ങുന്നത്. അതുപയോഗിച്ചായിരുന്നല്ലോ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും കമ്പ്യൂട്ടറും ഫോണും ഹാക്ക് ചെയ്തത്. വിമര്‍ശകരുടെ കമ്പ്യൂട്ടറുകളില്‍ വ്യാജവിവരങ്ങള്‍ ഗൂഢവഴികളിലൂടെ കയറ്റി അവര്‍ക്കെതിരായി കൃത്രിമ തെളിവുകളുണ്ടാക്കി ജയിലിലടക്കുന്നതും ഇന്ത്യയുടെ സമകാലീന അനുഭവമാണ്.
ഇപ്പോള്‍ അനേകം രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ച സംഘത്തെപ്പറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ തെളിവുകളുടെ ബലത്തില്‍ ഇങ്ങനെയൊരു റിപോര്‍ട്ട് പുറത്തുവിട്ടത്. ഈ അദൃശ്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇസ്‌റാഈലി ഭരണകൂടത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനും മൗനം മാത്രമാണുള്ളതെന്ന് കാണുമ്പോഴാണ് ഇതെല്ലാം വളരെ ആസൂത്രിതമായി നടക്കുന്ന ഫൈനാന്‍സ് മൂലധനത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും അധിനിവേശ പദ്ധതികളാണെന്ന് മനസ്സിലാകുന്നത്.
ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ താദാത്മ്യപ്പെടുന്നതാണ് 1990കള്‍ക്ക് ശേഷം ലോകം കണ്ടത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ അത് തീവ്രഗതിയാര്‍ജിക്കുകയും ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറുകയും ചെയ്തു. അപരാധപൂര്‍ണമായ സയണിസ്റ്റ് ബാന്ധവത്തിന്റെ വഴികളിലേക്ക് രാജ്യത്തെ ഔദ്യോഗികമായി മോദി എത്തിക്കുകയും ചെയ്തു.
ഇന്ത്യ – ഇസ്‌റാഈല്‍ ബാന്ധവത്തിന് ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച കാലത്തോളം ചരിത്രമുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്റെയും സയണിസ്റ്റ് വിരുദ്ധ നിലപാടുകളില്‍ നിന്നുള്ള കുറ്റകരമായ പിന്‍മാറ്റത്തിന്റെ ചരിത്രമാണത്. നരസിംഹ റാവുവിന്റെ കാലം മുതല്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളെ അപലപിക്കാന്‍ ഇന്ത്യ മടികാണിച്ചു. യു പി എ സര്‍ക്കാര്‍ ഇസ്‌റാഈലുമായി തന്ത്രപരമായ ബന്ധത്തിലേര്‍പ്പെട്ടു. ആ ബന്ധം പ്രതിരോധ സൈനിക കരാറുകളിലൂടെ സംയുക്ത സൈനിക പരിശീലനത്തിലേക്കും ആയുധ കച്ചവടത്തിലേക്കും വികസിച്ചു. ഗാസ്സയിലും വെസ്റ്റ്ബാങ്കിലും നടന്ന ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായില്ല. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഗാസ്സയിലെ കൂട്ടക്കൊലകള്‍ക്കെതിരെ ശക്തമായ ഒരു നിലപാടെടുക്കാന്‍ പോലും ഇന്ത്യ സന്നദ്ധമായില്ല.
വിഖ്യാതമായ ചേരിചേരാ നയത്തിന്റെയും സ്വതന്ത്ര വിദേശ നയത്തിന്റെയും ഉപജ്ഞാതാവായ നെഹ്റുവിന്റെ രാജ്യത്തെ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് അറബ് ലോകം അത്യധികം ഉത്കണ്ഠയോടെയാണ് വീക്ഷിച്ചത്. ഇത് ഇന്ത്യയുടെ പശ്ചിമേഷ്യന്‍ നയങ്ങളില്‍ വന്ന മാറ്റത്തെ അടയാളപ്പെടുത്തി. അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയിലേക്ക് ഇന്ത്യ ഉദ്ഗ്രഥപ്പെടുന്നതിന്റെ സുപ്രധാനമായൊരു പ്രതിഫലനമായിട്ടാണ് ഇസ്‌റാഈലുമായുള്ള ബന്ധം വളരുന്നതിനെ പല വിദേശകാര്യ നിരീക്ഷകരും നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അമേരിക്കയുടെ ഏറ്റവും അടുത്ത ഏഷ്യന്‍ സഖ്യ ശക്തിയാണ് ഇസ്‌റാഈല്‍. പശ്ചിമേഷ്യയിലെ എണ്ണ താത്പര്യങ്ങളാണ് ഇസ്‌റാഈല്‍ രാഷ്ട്ര രൂപവത്കരണത്തിന് അമേരിക്കയെയും ബ്രിട്ടനെയുമെല്ലാം പ്രേരിപ്പിച്ച സുപ്രധാന ഘടകം. 1949 മുതല്‍ അമേരിക്കന്‍ ഭരണകൂടം ഈ ജൂതരാഷ്ട്രത്തെ അറബ്-മുസ്‌ലിം സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമെതിരായ ഒരു ശക്തിയായി വളര്‍ത്തിയെടുക്കാന്‍ ലക്ഷക്കണക്കിന് ഡോളറാണ് ഒഴുക്കിയിട്ടുള്ളത്.
ആയുധസഹായവും സാമ്പത്തിക ദാനവും വഴി പശ്ചിമേഷ്യയിലെ തങ്ങളുടെ ചൂഷണ താത്പര്യങ്ങള്‍ക്കുള്ള ഒരു ചട്ടമ്പി സംഘവും താവള പ്രദേശവുമായി സിയോണിസത്തെയും ഇസ്‌റാഈല്‍ രാഷ്ട്രത്തെയും അമേരിക്ക ഉപയോഗപ്പെടുത്തുകയായിരുന്നു. അമേരിക്കയും ഇസ്‌റാഈലും തമ്മില്‍ സൈനികവും രഹസ്യാന്വേഷണപരവും രാഷ്ട്രീയവുമായ വിശാലമായൊരു ബന്ധമാണുള്ളത്. ഈയൊരു സഖ്യത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുന്ന സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ് ബി ജെ പി-കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ചെയ്തത്.
ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയിലെ ഇസ്‌റാഈല്‍ പങ്കാളിത്തവും സഹായവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. ഫലസ്തീനിലെയും പശ്ചിമേഷ്യയിലെയും തങ്ങളുടെ ലക്ഷ്യ കേന്ദ്രങ്ങളെ അറിയാനാണ് “പൊളാരിസ്’ എന്ന ചാരപേടകം ഇന്ത്യന്‍ സഹായത്തോടെ ഇസ്‌റാഈല്‍ വിക്ഷേപിക്കുന്നതെന്ന വിമര്‍ശനം ആദ്യമേ ഉയര്‍ന്നതാണ്. ഇന്നിപ്പോള്‍ ഈയൊരു ചാരപേടകത്തിന്റെ സഹായത്തോടെയാണ് ഇസ്‌റാഈല്‍ വ്യോമസേന ഗാസ്സയിലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണയിച്ച് ബോംബുവര്‍ഷം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ ചാന്ദ്രയാന്‍ നേട്ടങ്ങളുടെ മുഖത്ത് കുറ്റകരമായൊരു കറയായി ഇസ്‌റാഈല്‍ ബാന്ധവം മാറിയിരിക്കുകയാണ്.
മുന്നറിയിപ്പുകളെ അവഗണിച്ചുള്ള, യു പി എ സര്‍ക്കാറിന്റെ യു എസ്- ഇസ്‌റാഈല്‍ സഹകരണത്തിനുള്ള അഭിനിവേശമാണ് മഹാപാതകങ്ങളുടെ ചോരക്കറ ഇന്ത്യക്കാരുടെയും കൈകളില്‍ പുരട്ടിയത്. ഇത് യാദൃച്ഛികമായി സംഭവിച്ചുപോയ ഒരു വീഴ്ചയോ നമ്മുടെ വിദേശനയത്തിലെ ഒരു അപവാദമോ ആയി ലഘൂകരിച്ച് കാണാനാകില്ല. അമേരിക്കന്‍ ബാന്ധവത്തിലൂടെ നമ്മുടെ സ്വതന്ത്ര വിദേശനയം കൈവെടിയുന്ന സാമ്രാജ്യത്വ ദാസന്മാരായ ഭരണവര്‍ഗങ്ങള്‍ എത്തിയ അപചയത്തെ കൂടിയാണ് ഇതെല്ലാം അനാവരണം ചെയ്യുന്നത്.
റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവുമടുത്ത ആയുധ വ്യാപാര പങ്കാളിയായി ഇസ്‌റാഈല്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. യു പി എ സര്‍ക്കാര്‍ അധികാരമേറിയ ഉടനെ 1,200 കോടിയുടെ ആയുധക്കച്ചവടമാണ് എതിര്‍പ്പുകളെ വകവെക്കാതെ മന്‍മോഹന്‍ സിംഗും അന്നത്തെ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയും ഇസ്‌റാഈലുമായി നടത്തിയത്. റഷ്യയെ പിന്തള്ളി ഇസ്‌റാഈല്‍ ഇന്ത്യയുടെ ഒന്നാമത്തെ ആയുധ വ്യാപാര പങ്കാളിയാകുന്നതായും റിപോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ റഷ്യയില്‍ നിന്ന് പ്രതിവര്‍ഷം 1.5 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ ഇസ്‌റാഈലില്‍ നിന്ന് 900 ദശലക്ഷം ഡോളറിന്റെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യയുടെ സൈനിക-സുരക്ഷാ രംഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും അപകടകരമായ ബന്ധമാണ് ഇസ്‌റാഈലുമായി ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐക്ക് ഡല്‍ഹിയില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കിയതുപോലെ സിയോണിസ്റ്റ് ചാരസംഘടനയായ മൊസാദിനും ഡല്‍ഹിയില്‍ ഔട്ട്പോസ്റ്റ് അനുവദിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ട് മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ വിമാനങ്ങള്‍ യു എസ്-ഇസ്‌റാഈല്‍ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതാണ്.
ഇന്തോ-ഇസ്‌റാഈല്‍-യു എസ് അച്ചുതണ്ട് രൂപപ്പെടുത്തുന്നതില്‍ പ്രകടമായ നീക്കങ്ങള്‍ നടന്നത് എന്‍ ഡി എ അധികാരത്തിലെത്തിയതോടെയാണ്. അന്നത്തെ ഉപപ്രധാനമന്ത്രി അഡ്വാനിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തോടെ നിഗൂഢ സ്വഭാവമുള്ള ഒരു ബന്ധം ആ രാജ്യവുമായി വളര്‍ന്നുവരികയായിരുന്നു. തെല്‍അവീവില്‍ മൊസാദിന്റെയും ശബാകിന്റെയും മേധാവികളുമായി അഡ്വാനി നടത്തിയ സുദീര്‍ഘമായ കൂടിക്കാഴ്ചകളാണ് ഈയൊരു വിധ്വംസക സഖ്യത്തിന് അടിത്തറയിട്ടത്. സംഘ്പരിവാര്‍ ന്യൂനപക്ഷ നിര്‍മാര്‍ജനത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവും സയണിസ്റ്റുകളില്‍ നിന്ന് മാതൃകയാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹിന്ദുത്വവാദികളും സയണിസ്റ്റുകളും ആംഗ്ലോ സാംസണ്‍ വെള്ള വംശീയവാദികളും ചേര്‍ന്നുകൊണ്ടുള്ള ഒരു ആഗോള സഖ്യം തന്നെ ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇസ്‌റാഈല്‍ ഭരണകൂടം എന്നത് ക്രിമിനല്‍ മൂലധന കൂട്ടുകെട്ടുകളും വംശീയാധിഷ്ഠിത ഭീകരവാദ സംഘങ്ങളും ചേര്‍ന്നതാണ്. മനുഷ്യത്വത്തിനും ജനാധിപത്യത്തിനും സ്വതന്ത്ര സമൂഹങ്ങളുടെ പരമാധികാരപൂര്‍ണമായ നിലനില്‍പ്പിനും ഭീഷണിയുയര്‍ത്തുന്ന അക്രമി സംഘങ്ങളെയും ചാരശൃംഖലകളെയും ലോകമെമ്പാടും വിന്യസിച്ചുകൊണ്ടാണ് ഇസ്‌റാഈല്‍, യു എസ് പിന്തുണയോടെ ഒരു രാഷ്ട്രമായി നിലനില്‍ക്കുന്നത് തന്നെ.