Connect with us

Articles

ഈ ഭരണകൂടത്തില്‍ നിന്ന് മറിച്ചൊരു നിലപാടുണ്ടാകില്ല

തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നരേന്ദ്ര മോദി ആദ്യമായി കൂട്ടുകക്ഷി സര്‍ക്കാറിന് നേതൃത്വം നല്‍കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യുവിന്റെയും പിന്തുണയില്‍ മൂന്നാമതും അധികാരത്തിലേറുന്നതോടെ അജന്‍ഡയില്‍ മോദി മാറ്റം വരുത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റ് പറ്റുകയാണ്.

Published

|

Last Updated

ഒരിക്കല്‍ കൂടി കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാകാതെ വരുമ്പോള്‍ ഏറ്റവും വലിയ പാര്‍ട്ടി കിട്ടാവുന്നവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കുക പതിവാണ്. പുറത്തു നിന്നുള്ളവരുടെ പിന്തുണ കൂടാതെ ഗുജറാത്തില്‍ രണ്ടര പതിറ്റാണ്ടും കേന്ദ്രത്തില്‍ പത്ത് വര്‍ഷവും സര്‍ക്കാറിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദിക്ക് ഇത്തവണ കണക്കുകൂട്ടലുകള്‍ ആകെ പിഴച്ചു. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നരേന്ദ്ര മോദി ആദ്യമായി കൂട്ടുകക്ഷി സര്‍ക്കാറിന് നേതൃത്വം നല്‍കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെയും നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റെയും പിന്തുണയില്‍ മൂന്നാമതും അധികാരത്തിലേറുന്നതോടെ അജന്‍ഡയില്‍ മോദി മാറ്റം വരുത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റ് പറ്റുകയാണ്. നരേന്ദ്ര മോദിയുടെ മന്ത്രിസഭാ രൂപവത്കരണം സൂചിപ്പിക്കുന്നത് അതാണ്. രണ്ടാം മന്ത്രിസഭയിലെ പരാജയപ്പെട്ടവരെ മാറ്റിനിര്‍ത്തി ഒപ്പമുണ്ടായിരുന്ന പ്രമുഖരെ മുഴുവനും ഉള്‍പ്പെടുത്തിയാണ് മോദി മന്ത്രിസഭ രൂപവത്കരിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിലെ അംഗങ്ങളെ പരിശോധിച്ചാലറിയാം ഇത് മോദിയുടെ ഒന്നും രണ്ടും മന്ത്രിസഭയുടെ ആവര്‍ത്തനമാണെന്ന്.
രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണമെന്ന ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും ആവശ്യം നടപ്പായില്ല. അതുപോലെ പ്രധാന വകുപ്പുകള്‍ വേണമെന്ന ഇരുവരുടെ നിര്‍ദേശവും നരേന്ദ്ര മോദി അവഗണിക്കുകയായിരുന്നു. മറ്റൊരു ആവശ്യം സ്പീക്കര്‍ സ്ഥാനമാണ്. ഈ ആവശ്യവും നിരസിക്കപ്പെടാനാണ് സാധ്യത. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നുള്ള പുരന്ദേശ്വരിയുടെ പേരാണ് ബി ജെ പി പരിഗണിക്കുന്നതെന്നാണ് വാര്‍ത്ത. വേണമെങ്കില്‍ പുരന്ദേശ്വരി തന്റെ ഭാര്യാ സഹോദരിയാണെന്ന നിലയില്‍ ചന്ദ്രബാബു നായിഡുവിന് ആശ്വസിക്കാം. തെലുഗുദേശം പാര്‍ട്ടിയിലും കോണ്‍ഗ്രസ്സിലും അംഗമായിരുന്ന പുരന്ദേശ്വരി നിലവില്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റാണ്.

കൂടെ നിന്ന പാര്‍ട്ടികളെ തള്ളുന്നതിലും കൊള്ളുന്നതിലും പലതവണ വൈദഗ്ധ്യം കാണിച്ചിട്ടുള്ളവരാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. ബി ജെ പിക്ക് സ്വീകാര്യമല്ലാത്ത ജാതി സെന്‍സസ്, മുസ്ലിം സംവരണം, അഗ്‌നിവീര്‍ പദ്ധതി എന്നീ വിഷയങ്ങളില്‍ ഇരുവരും നിലപാട് അറിയിച്ചിട്ടുണ്ടെങ്കിലും ബിഹാറിനും ആന്ധ്രാപ്രദേശിനും അപ്പുറത്തുള്ള ലോകത്തെ കുറിച്ച് ഏറെയൊന്നും ആശങ്കയില്ലാത്തവരാണ് നിതീഷും നായിഡുവുമെന്ന് അറിയാവുന്ന മോദി, ബിഹാറിനും ആന്ധ്രാപ്രദേശിനും ആവശ്യമായതു ലഭിച്ചാല്‍ തത്കാലം അവര്‍ തൃപ്തരാകുമെന്നും ബാക്കിയുള്ളത് വഴിയില്‍ വെച്ച് കാണാമെന്നും കരുതുന്നുണ്ടാകാം.

72 അംഗ മന്ത്രിസഭയില്‍ പ്രധാനമന്ത്രിയടക്കം 61 പേര്‍ ബി ജെ പിയില്‍ നിന്നുള്ളവരാണ്. ഘടക കക്ഷികള്‍ക്ക് 11 മന്ത്രിസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് കമ്മിറ്റിയില്‍ (സി സി എസ്) മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ മോദി ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാം പഴയ കുപ്പിയിലേതുതന്നെ. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നാല് പേര്‍ തുടരും. വകുപ്പ്മന്ത്രിമാരെന്ന നിലയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരാണ് സി സി എസിലെ അംഗങ്ങള്‍. സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ക്യാബിനറ്റ് സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ സെക്രട്ടറി എന്നിവര്‍ സി സി എസ് യോഗങ്ങളിലെ ക്ഷണിതാക്കളാണ്. രാജ്യത്തിന്റെ സുരക്ഷയിലും വിദേശനയത്തിലും സി സി എസിന്റെ പങ്ക് നിര്‍ണായകമാണ്. സി സി എസില്‍ ഘടക കക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിലൂടെ ഭരണത്തിന്റെ നിയന്ത്രണം പൂര്‍ണമായും കാവി പാര്‍ട്ടിയുടെ കൈയിലാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കുകയാണ്.

പബ്ലിക് ഗ്രീവന്‍സ്, ബഹിരാകാശ വകുപ്പ്, ആണവോര്‍ജം തുടങ്ങിയ വകുപ്പുകള്‍ പ്രധാനമന്ത്രി തന്നെ കൈയടക്കി വെച്ചിരിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസം, റെയില്‍വേ, ആരോഗ്യം, റോഡ് ഗതാഗതം, ഹൈവേകള്‍, വാണിജ്യം, വ്യവസായം, കൃഷി, ഗ്രാമവികസനം, നഗരകാര്യങ്ങള്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ സുപ്രധാന വകുപ്പുകളും ബി ജെ പിയുടെ കൈകളിലാണ്. മധ്യപ്രദേശില്‍ നിന്നുള്ള ശിവരാജ് സിംഗ് ചൗഹാന്‍, ഗുജറാത്തിലെ മന്‍സൂഖ് മണ്ഡാവിയ തുടങ്ങിയ മോദിയുടെ വിശ്വസ്തരെയും മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ 72 മന്ത്രിമാരില്‍ 27 പേര്‍ ഒ ബി സിയില്‍ നിന്നും പത്ത് പേര്‍ പട്ടിക ജാതിക്കാരില്‍ നിന്നും അഞ്ച് പേര്‍ വീതം ആദിവാസി, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുമുള്ളവരാണ്. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അഞ്ച് പേരില്‍ രണ്ട് പേര്‍ വീതം സിഖ്, ബുദ്ധ സമുദായത്തില്‍ നിന്നുള്ളവരും ഒരാള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമാണ്. മുസ്ലിം സമുദായത്തില്‍ നിന്ന് ആരെയും മോദി തന്റെ മൂന്നാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ രാജ്യത്തുടനീളം നടന്ന് മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മോദിയില്‍ നിന്ന് മറിച്ചൊരു നിലപാടുണ്ടാകാനുള്ള സാധ്യത കുറവാണ്.

മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ഒരു മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്. രണ്ടാം മോദി സര്‍ക്കാറിന്റെ അവസാനത്തെ രണ്ട് വര്‍ഷവും രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. രാജ്യത്തെ മുസ്ലിം ജനസംഖ്യ 14.23 ശതമാനമാണ്. 1.72 ശതമാനമുള്ള സിഖ് സമുദായത്തില്‍ നിന്നും 0.70 ശതമാനമുള്ള ബുദ്ധ സമുദായത്തില്‍ നിന്നും രണ്ട്് പേരെ വീതം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ സമുദായം 2.37 ശതമാനമാണ്. കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യനാണ് മന്ത്രിസഭയിലെ ക്രിസ്ത്യന്‍ പ്രതിനിധി. മോദി സര്‍ക്കാറില്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരായിരുന്നു. 1992ലെ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരം രാജ്യത്ത് ന്യൂനപക്ഷമായി കണക്കാക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളെയാണ്. 2006 വരെ ന്യൂനപക്ഷ വിഭാഗത്തിന് പ്രത്യേക മന്ത്രാലയം ഉണ്ടായിരുന്നില്ല. ന്യൂനപക്ഷ വിഭാഗം നേരത്തേ പ്രവര്‍ത്തിച്ചിരുന്നത് സാമൂഹിക നീതി വകുപ്പിന് കീഴിലായിരുന്നു. ന്യൂനപക്ഷ മന്ത്രാലയം രൂപവത്കരിച്ചത് 2006 ജനുവരിയിലാണ്. ആദ്യ ന്യൂനപക്ഷവകുപ്പ് മന്ത്രി എ ആര്‍ ആന്തുലെയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖുര്‍ശിദ്, കെ റഹ്മാന്‍ ഖാന്‍ എന്നിവരായി. 2014 ലെ മോദി സര്‍ക്കാറില്‍ നജ്മ ഹിബത്തുല്ലയും തുടര്‍ന്ന് 2022ല്‍ രാജ്യസഭാംഗത്വം അവസാനിക്കുന്നതു വരെ മുഖ്താര്‍ അബ്ബാസ് നഖ്വിയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി തുടര്‍ന്നു. നഖ്വിയുടെ രാജിയെ തുടര്‍ന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല ഏല്‍പ്പിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം മുസ്ലിംകളുടെ ഹജ്ജ്, വഖ്ഫ് എന്നിവയും ന്യൂനപക്ഷ വകുപ്പിന് കീഴിലാണ്. പുതുതായി വകുപ്പ് നല്‍കിയിരിക്കുന്നത് പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവിനാണ്. അരുണാചല്‍ വെസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റിജിജു ബുദ്ധമതാനുയായിയാണ്. ജോര്‍ജ് കുര്യനാണ് സഹമന്ത്രി. പൊതു സിവില്‍ കോഡ് (യു സി സി) നടപ്പാക്കുന്നത് മോദി സര്‍ക്കാറിന്റെ അജന്‍ഡയാണെന്ന് പുതുതായി ചുമതലയേറ്റ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്്വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞതോടെ കാര്യം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. ഇവര്‍ മാറാന്‍ സാധ്യതയില്ല.

ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി ഇതുവരെയും പാര്‍ലിമെന്റില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കുന്ന മുസ്ലിംകളുടെ എണ്ണം ഓരോ തവണയും കുറഞ്ഞുവരികയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 115 മുസ്ലിം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ 2024ല്‍ ഇത് 78 ആയി കുറഞ്ഞു. നിലവിലെ പാര്‍ലിമെന്റിലെ സാമുദായിക നില പരിശോധിച്ചാല്‍ തെളിയുന്നത് മുസ്ലിംകള്‍ മാത്രമല്ല രാജ്യത്തെ ന്യൂനപക്ഷ സമുദായം പൂര്‍ണമായും അവഗണിക്കപ്പെടുന്ന ചിത്രമാണ്. ലോക്സഭയിലെ 293 എന്‍ ഡി എ. എം പിമാരില്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ് സമുദായത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല. എന്നാല്‍ മോദി തന്റെ മൂന്നാം മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒരാളെയും സിഖ് സമുദായത്തില്‍ നിന്ന് രണ്ട് പേരെയും ഉള്‍പ്പെടുത്തുകയുണ്ടായി. ഹര്‍ദീപ് സിംഗ് പുരി, രവ്നീത് സിംഗ് ബിട്ടു എന്നിവര്‍ സിഖ് സമുദായത്തില്‍ നിന്നുള്ളവരാണ്. രവ്നീത് ബിട്ടു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ലുധിയാനയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

Latest