Connect with us

interview

നാട്ടുമനുഷ്യരുടെ പേരുകളിൽ തന്നെ കവിതയുണ്ട്

കവിതയിലേക്ക് വരുന്നത് എങ്ങനെയാണെന്നറിയില്ല. കുട്ടിക്കാലത്തു തന്നെ വായന കൂടെയുണ്ടായിരുന്നു. ഏകാന്തമായ ഒരു കുന്നിൻമുകളിലായിരുന്നു അക്കാല ജീവിതം.

Published

|

Last Updated

? നന്ദനൻ മുള്ളമ്പത്ത് കവിതയിലേക്ക് വരുന്നത് എങ്ങനെയാണ്? ബാല്യകാലത്ത്, നാടും വീടും വായനയും വായനശാലയും താങ്കളിലെ കവിയെ കണ്ടെത്തിയെന്നു പറയാമോ?

കവിതയിലേക്ക് വരുന്നത് എങ്ങനെയാണെന്നറിയില്ല. കുട്ടിക്കാലത്തു തന്നെ വായന കൂടെയുണ്ടായിരുന്നു. ഏകാന്തമായ ഒരു കുന്നിൻമുകളിലായിരുന്നു അക്കാല ജീവിതം. പുസ്തകങ്ങൾ മാത്രമായിരുന്നു ഏകാന്തതയിലെ വലിയ കൂട്ടുകാർ. കുറേ ക്കഴിഞ്ഞപ്പോൾ എങ്ങനെയോ എഴുത്തിലെത്തി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ കൈവേലിയിലെ പ്രതി ഭാ ഗ്രന്ഥാലയവും മുള്ളമ്പത്തെ എ കെ കണാരൻ മാസ്റ്റർ ഗ്രന്ഥാലയവുമായി നല്ല ബന്ധമുണ്ടായി. എന്നിലെ എഴുത്തുകാരന്റെ വളർച്ചയിൽ ഈ രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾക്കും വലിയ പങ്കാണുണ്ടായിരുന്നതെന്നു പറയാം.

?താങ്കളുടെ കവിതകളെ പൊതുവെ, ഗ്രാമ ജീവിതത്തിന്റെ ആൽബം എന്നു വിളിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് “കോമാങ്ങ’ യുടെ അവതാരികയിൽ സജയ് കെ വി പറയുന്നുണ്ട്. മുടിക്കൽ പുഴയുടെ കവിയാണ് താങ്കളെന്ന് അറിയപ്പെടുന്നതിൽ അഭിമാനം തോന്നിയിട്ടില്ലേ

മുടിക്കൽ പുഴ ഒരു ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പുഴയിൽ വലിയ പാലം വന്നു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലയോര ഹൈവേ ഈ വഴിയാണ് കടന്നുപോകുന്നത്. വൈകുന്നേരങ്ങളിൽ ഒറ്റക്കും കൂട്ടായും ആളുകൾ ഇവിടെയെത്തുന്നു. പുറംനാടുകളിൽ നിന്നും ഇവിടെ വരുന്നവരിൽ, ഈ വഴി കടന്നുപോകുന്നവരിൽ ചിലരൊക്കെ എന്നെ ഓർമിക്കാറുണ്ട്. ചിലർ വിളിക്കും ഞങ്ങൾ നിങ്ങളുടെ മുടിക്കൽ പുഴയിലുണ്ട് ഇങ്ങോട്ടേക്ക് വരാമോ എന്ന് ചോദിക്കാറുണ്ട്. ദൂരെ നാടുകളിലുള്ള ചിലർക്കൊക്കെ നാട്ടിൽ വരണമെന്നും മുടിക്കൽ പുഴ കാണണമെന്നും പറയാറുണ്ട്. ഒരു പുഴയെ ഓർക്കുമ്പോൾ നമ്മളെക്കൂടി ഓർക്കുന്നത് അല്ലെങ്കിൽ നമ്മളെ ഓർക്കുമ്പോൾ ഒരു പുഴയെക്കൂടി ഓർക്കുന്നത് വലിയ കാര്യമല്ലേ. പുതിയ കാലത്തെ കവിതകൾ എനിക്കിഷ്ടമാണ്. ഞാൻ പ്രതീക്ഷിക്കുന്ന സൗന്ദര്യാത്‌മകതയുടെ പല ഘടകങ്ങളും എനിക്കതിൽ നിന്നും ലഭിക്കാറുണ്ട്. കവിതയുടെ മേഖലയിൽ കൂടുതൽ ജനാധിപത്യവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് പ്രധാനമായും ഒരു പ്രത്യേക മനുഷ്യരുടെ മാത്രം വിഹാരരംഗമായിരുന്ന കവിതായിടങ്ങൾ ഇന്ന് കവിതയുള്ള എല്ലാവരുടെയുമിടമായി വികസിക്കുകയാണ്. മാറ്റിനിർത്തപ്പെട്ട പ്രദേശങ്ങളുടെയും ഭാഷയുടെയും മനുഷ്യരുടെയും അടയാളങ്ങൾ കവിതയിൽ കരുത്തോടെയും കാന്തിയോടെയും അടയാളപ്പെടുകയാണ്.

? രണ്ട് പെണ്ണുങ്ങൾ, പണി, മരിക്കാത്തവർ, കാര്യം, മുരിങ്ങോളി കുമാരേട്ടൻ കവിത വായിക്കുമ്പോൾ തുടങ്ങിയ നിരവധി കവിതകളിൽ കുമാരേട്ടൻ കേന്ദ്ര കഥാപാത്രമായി വരുന്നുണ്ടല്ലോ. ദേശത്തെ അടയാളപ്പെടുത്തുന്നതിനായി നാട്ടുഭാഷയിൽ കവികൾ ഇങ്ങനെ പേരുകൾ ഉപയോഗിക്കുമെങ്കിലും താങ്കൾ അവരിലെ നന്മയും നർമവും മധുരമായി അവതരിപ്പിക്കുന്നുണ്ട്. ഈ ഭാവം സ്വാഭാവികമായും ഉണ്ടാവുന്നതാണെന്നു പറയാമോ

എനിക്ക് നന്നായറിയാവുന്ന കാര്യങ്ങളാണ് കവിതയിലൂടെ ഞാനവതരിപ്പിക്കുന്നത്. നാട്ടുഭാഷക്കെന്നപോലെ നാട്ടു മനുഷ്യരുടെ പേരുകൾക്കും സവിശേഷമായൊരു സൗന്ദര്യമുണ്ട്. മനുഷ്യരുടെ പേരുകൾ കവിതയിലുപയോഗിക്കുമ്പോൾ കൂടെ ഒരു പ്രത്യേക കാലവും പ്രദേശവും സംസ്കാരവും കൂടി മുന്നോട്ടുവരുന്നുണ്ട്. അത് സ്വാഭാവികമായി വന്നുചേരുന്നതാണ്. നാട്ടു മനുഷ്യരുടെ പേരുകൾ തന്നെ ഒരു കവിതയാണ്.

? കവിതയെ പ്രതികരണത്തിനുള്ള ആയുധമാക്കുന്നവരുടെ നിര കൂടി വരുന്നുണ്ട്. താങ്കൾക്ക് എന്താണ് കവിത

എനിക്ക് എന്താണ് കവിത എന്നത് എനിക്കറിയില്ല. കവിത വലിയ സന്തോഷം തരാറുണ്ട്. അതേ പോലെ വലിയ ദുഃഖങ്ങളും. അതിപ്പോൾ പ്രധാനപ്പെട്ട ഒരവയവം പോലെ ജീവിതത്തിന്റെ പ്രസക്‌ത ഭാഗമായി മാറിയിരിക്കുന്നു. പെട്ടെന്നുള്ള ചില പ്രശ്നങ്ങളെ കവിതയിലേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റാറില്ല. ഞാനെഴുതിയതിൽ അത്തരം കവിതകൾ തീരെ കുറവാണ്