Connect with us

ssf

തെറ്റുകളുടെ സൈദ്ധാന്തികവത്കരണം ക്യാമ്പസുകളെ നിഷ്ക്രിയമാക്കുന്നു: എസ് എസ് എഫ്

പ്രൊഫ്സമ്മിറ്റ് മാർച്ച് 10, 11, 12 തീയതികളിൽ

Published

|

Last Updated

വാടാനപ്പള്ളി | ക്യാമ്പസുകൾ ധാർമിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും തിന്മകളുടെ സൈദ്ധാന്തികവത്കരണം അതിന് കാരണമാകുന്നുണ്ടെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്  ടി കെ ഫിർദൗസ് സഖാഫി പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫഷനൽ വിദ്യാർഥി കോൺഫറൻസായ പ്രൊഫ്സമ്മിറ്റിന്റെ പതിനാലാമത് എഡിഷന്റെ മുന്നോടിയായി സംഘടിപ്പിച്ച വിജിലൻഷ്യ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാർക്കിസവും അരാഷ്ട്രീയതയും ക്യാമ്പസുകളെ നിഷ്ക്രിയമാക്കുകയാണ്. നിർമാണാത്മകമായ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ക്യാമ്പസുകൾ ഉണർന്നിരിക്കണമെന്നും അനാവശ്യ വിവാദങ്ങൾ ക്യാമ്പസുകളിൽ സാധ്യമാകേണ്ട സർഗാത്മക പ്രതിരോധങ്ങളെ തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വാടാനപ്പള്ളി  മദാർ ക്യാമ്പസിൽ നടന്ന വിജിലൻഷ്യയിൽ  പ്രൊഫഷനൽ ക്യാമ്പസുകളിലെ യൂനിറ്റ് ഭാരവാഹികളും ജില്ലാ ക്യാമ്പസ് ചേംബർ അംഗങ്ങളും പങ്കെടുത്തു. എക്സ്ഓർഡിയം, പ്രൊഫ് വിസിറ്റ്, പ്രി സമ്മിറ്റ്‌, റെമിനിസെൻസ് അലുംനി മീറ്റ്, പ്രൊഫ് ടോക്ക് തുടങ്ങി വിവിധ പദ്ധതികൾ പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി നടന്നു. പ്രൊഫ്സമ്മിറ്റിന്റെ പ്രചരണാർഥം തമിഴ്നാട്ടിൽ നടക്കുന്ന എക്സ്പഡീഷയുടെ ഫ്ലാഗ് ഓഫ് കർമവും വിജിലൻഷ്യയിൽ വെച്ച് നടന്നു.

പ്രൊഫഷനൽ വിദ്യാർഥികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനമാവാൻ ഒരുങ്ങുന്ന പ്രൊഫ്സമ്മിറ്റ് മാർച്ച് 10, 11, 12 തീയതികളിൽ കാസകോട് മുഹിമ്മാത്ത് ക്യാമ്പസിലാണ് നടക്കുക. രിസാല എഡിറ്റർ ഇൻ ചാർജ് സി എൻ ജാഫർ, ടി എ അലി അക്ബർ, കരിയർ കൗണ്‍സിലർ സി കെ എം റഫീഖ്, ഡോ. എന്‍ വി അബ്ദുർറസാഖ് ബുസ്താനി, എം നിയാസ്, സിദ്ദീഖ് അലി തിരൂർ, സി എം സ്വാബിർ സഖാഫി നാദാപുരം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പസ് ആക്ടിവിസം, ഗവേഷണ രീതികൾ, സാമൂഹിക ഇടപെടലുകളുടെ സൗന്ദര്യം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ചർച്ച, സംഭാഷണങ്ങൾ, അവതരണങ്ങൾ നടന്നു. പ്രൊഫ്‌ സമ്മിറ്റ് വിളംബരം ചെയ്തുള്ള പ്രകടനത്തോടെ വിജിലൻഷ്യ സമാപിച്ചു.

Latest