Connect with us

Onam 2021

ഓണം എന്ന ഒരുമ

ഓണനിലാവും ഓണമഴയും ഓണത്തെന്നലും പ്രകൃതിയുടെ പ്രസന്നമധുരമായ അനുഭൂതികളായി ഓണക്കാലത്തിന്റെ അന്തരീക്ഷത്തെ സൗന്ദര്യപൂർണമാക്കും. കൊറോണക്കാലത്തെ ഓണം പക്ഷേ "സൂക്ഷിച്ചോണം' എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു. മലയാളിയുടെ സംഘബോധം ഓണത്തെ ഒരു സംഘോത്സവമായി കൊണ്ടുനടന്നിരുന്നതാണ്. ഇന്ന് പക്ഷേ ഒറ്റയ്ക്കോണം; ഓൺലൈൻ ഓണം.

Published

|

Last Updated

ഓണമില്ലെങ്കിൽ മലയാളിയില്ല. ചരിത്രാതീത കാലം മുതൽ മലയാളി സമൂഹത്തെ എല്ലാവിധ വിഭാഗീയതകൾക്കുമതീതമായി ഒന്നിപ്പിച്ച സാംസ്‌കാരികമായ ഒരുമയും കിനാവുമാണ് ഓണം.
ഓണം പക്ഷേ, മലയാളികളുടെ മാത്രം ആഘോഷമായിരുന്നില്ല. ലോകത്തിലെ ഒട്ടെല്ലാ സമൂഹങ്ങളിലും ചെറിയ ചെറിയ വ്യതിയാനങ്ങളോടെ ഓണം എന്ന സാമൂഹിക സമത്വ സങ്കൽപ്പമുണ്ട്.

“പല വേഷത്തിൽ, പല ദേശത്തിൽ
പല പല ഭാഷയിൽ ഞങ്ങൾ കഥിപ്പൂ
പാരിതിയാദിയിലുദയം ചെയ്തു-
പൊലിഞ്ഞൊരു പൊന്നോണത്തിൻ ചരിതം’
എന്ന് വൈലോപ്പിള്ളി.

ഓണത്തിന്റെ ശരിയായ ഉത്ഭവം അസ്സീറിയയിൽ നിന്നാണെന്നാണ് പല നരവംശ ശാസ്ത്ര ഗവേഷകരും എത്തിച്ചേർന്നിട്ടുള്ള നിഗമനം. അസ്സീറിയയിൽ ഏതോ കാലത്ത് വാണ “അസുർബനിപാൽ’ എന്ന രാജാവോ ആ വംശത്തിലെ “ബെല’ ശബ്ദത്തോടുകൂടിയ ഏതെങ്കിലും അസ്സീറിയൻ രാജോവോ ആയിരിക്കാം മഹാബലി എന്ന് എൻ വി കൃഷ്ണവാരിയർ നിരീക്ഷിച്ചിട്ടുണ്ട്. “അസുർ’ വംശത്തിന്റെ തലസ്ഥാനമായിരുന്ന “നിനേവ’യിൽ നടന്ന ഉദ്ഖനനങ്ങളിൽ ഇതു സംബന്ധിച്ച് ധാരാളം തെളിവുകൾ ലഭിച്ചതായി എൻ വി സൂചിപ്പിക്കുന്നു.
അസ്സീറിയയിൽ നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ച നരവംശങ്ങളിൽ കേരളീയർ മാത്രമാണ് ഓണത്തെ ഇത്രയും കാലം വിടാതെ നെഞ്ചേറ്റി നിലനിർത്തിയത്. സംഘകാലത്ത് തമിഴകത്ത് ഓണമാഘോഷിച്ചിരുന്നതിന് “തിരുപല്ലാണ്ട്’ പോലുള്ള സംഘം കൃതികൾ തെളിവുതരുന്നുണ്ട്. എന്നാൽ കാലാന്തരത്തിൽ തമിഴകവും ഓണത്തെ കൈയൊഴിഞ്ഞു. ഇന്നുപക്ഷേ, ലോകത്തെല്ലായിടത്തും മലയാളികളുള്ളതുകൊണ്ട് ലോകം മുഴുവൻ ഒാണമുണ്ടെന്നു പറയാം. പ്രവാസികൾക്കിടയിലാണ്, നാട്ടിലുള്ളതിനേക്കാൾ ഗംഭീരമായ ഓണാഘോഷങ്ങൾ നടക്കുന്നത്. കേരളത്തിലെ ആദ്യത്തെ പ്രവാസിയാണല്ലോ മഹാബലി. ആണ്ടിലൊരിക്കൽ മാത്രം നാട്ടിൽ ഉറ്റവരെ കണ്ടുമടങ്ങിപ്പോകാൻ വിധിക്കപ്പെട്ട മഹാബലി നിത്യപ്രവാസിയുടെ വർഗക്കാരനാണ് ഓരോ പ്രവാസിയും.

ഒരു സങ്കൽപ്പമെന്ന നിലയിൽ ജാതി, മത, വർണ, ലിംഗ ഭേദമില്ലാത്ത സാമൂഹിക സമത്വത്തിന്റെ മാനവിക പാഠമെന്ന നിലയിലും ഓണം മലയാളികളുടെ സ്വത്വം രൂപവത്കരിച്ച അടിസ്ഥാന മൂല്യമാണ്. നമ്മുടെ എല്ലാ കാലങ്ങളിലെ നവോത്ഥാന ചലനങ്ങളിലും സമത്വത്തിന്റെ ഈ സാമൂഹിക പാഠമുണ്ടായിരുന്നു. ഏകത്വം, സമത്വം, സമഭാവന എന്നിവ കേരളീയ ജീവിതത്തിന്റെ അടിസ്ഥാനമൂല്യമായതും അങ്ങനെയാണ്. മലയാളികളുടെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇരുപ്പൂനിലങ്ങളിൽ ആദ്യത്തെ പുകിൽ ചിങ്ങത്തിൽ കൊയ്യും. കർക്കിടക വറുതി കഴിഞ്ഞു പുന്നെല്ല് കൊയ്തു “പുത്തരി’ കഴിഞ്ഞാൽ ഇല്ലവും വല്ലവും പത്തായവും നിറയുന്ന കാർഷിക സമൃദ്ധിയുടെ ഉത്സവം. കർഷകന് ജാതിയും മതവുമില്ല. അതിനാൽ ഓണത്തിനും വിഭാഗീയതകളേതുമില്ല. മാനുഷരെല്ലാവരും ആപത്തുകളൊന്നുമില്ലാതെ ആമോദത്തോടെ കഴിയുന്ന കാലം. വള്ളംകളിയും പുലിക്കളിയും തുമ്പിതുള്ളലും തായം കളിയും ഓണത്തല്ലും ഓണപ്പടയും ഓണത്താരും ഓണത്തപ്പനും ഓണവില്ലും കൈകൊട്ടിക്കളിയും കോൽക്കളിയും കുമ്മിപ്പാട്ടും തുമ്പപ്പാട്ടും പൂപ്പൊലിപ്പാട്ടുമായി കർഷക കേരളവും സമത്വമാഘോഷിച്ചത് ഓണക്കാലത്താണ്. നാനാ ജാതി മതസ്ഥരും അതിൽ ഒരുപോലെ പങ്ക് ചേർന്നിരുന്നു.
പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും കൂടി ഒന്നായി ആമോദിക്കുന്ന ഒരു കേരളീയ വസന്തകാലാവസ്ഥയാണ് ഓണക്കാലം. ചിങ്ങം പിറക്കും മുമ്പെ കാവായ കാവൊക്കെ പൂത്തുനിറയും. എല്ലാ കാട്ടുചെടികളും പുഷ്പിക്കും. ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക് ഒരോണ സുഗന്ധം ഊഞ്ഞാൽ കെട്ടും. വേലിയിറന്പിൽ നിന്നും വയൽക്കരെ നിന്നും കുഞ്ഞുതുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും വിളിച്ചുപറയും.

ദാ, ഓണം വന്നു.

ഓണനിലാവും ഓണമഴയും ഓണത്തെന്നലും പ്രകൃതിയുടെ പ്രസന്നമധുരമായ അനുഭൂതികളായി ഓണക്കാലത്തിന്റെ അന്തരീക്ഷത്തെ സൗന്ദര്യപൂർണമാക്കും.
കൊറോണക്കാലത്തെ ഓണം പക്ഷേ “സൂക്ഷിച്ചോണം’ എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു. മലയാളിയുടെ സംഘബോധം ഓണത്തെ ഒരു സംഘോത്സവമായി കൊണ്ടുനടന്നിരുന്നതാണ്. ഇന്ന് പക്ഷേ ഒറ്റയ്ക്കോണം; ഓൺലൈൻ ഓണം.
മൂന്നടി മണ്ണിന് കരാറുണ്ടാക്കി മുച്ചൂടും കൈക്കലാക്കുന്ന പ്രച്ഛന്ന വാമനന്മാർ കേന്ദ്ര ഭരണകൂടമായിത്തീർന്നിരിക്കുന്ന കാലത്ത് ഓണം പേരും വേഷവും മാറി “വാമനജയന്തി’യായിത്തീർന്നിരിക്കുന്നു. കാൽച്ചോട്ടിലെ മണ്ണ് നാമറിയാതെ തന്നെ അളന്നെടുക്കപ്പെടുന്നു. കർഷക ബില്ലുകളാൽ ചതിക്കപ്പെട്ട കർഷകർ നെരെ ചൊവ്വേ ഓണമുണ്ണാൻ കഴിയാതെ ദൂര ദൂരങ്ങളിൽ പിടഞ്ഞൊടുങ്ങുന്നത് അറിയാതെ വയ്യ.
ഓണം എന്ന കാർഷികോത്സവം ഇന്ന് കേട്ടുമറന്ന ഒരു പഴങ്കഥയായിരിക്കുന്നു. കൊറോണക്കാലങ്ങൾക്കപ്പുറം “ഓണം എന്ന ഒരുമ’ ഇനിയും സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രത്യാശിക്കുക.

Latest