Editorial
ഇറാന്‍ യുദ്ധത്തില്‍ യു എന്നിന് ഇരട്ട നീതി
ഐക്യരാഷ്ട്ര സഭയുടെ നയരൂപവത്കരണത്തില്‍ ജനാധിപത്യപരമായ പുനഃക്രമീകരണം അനിവാര്യമാണ്. അക്രമികളെ നിലക്കു നിര്‍ത്താനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കഴിയുന്ന കരുത്തുറ്റ ഏജന്‍സിയായി അത് മാറണം.
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കനലുകള്‍ ആളിപ്പടരുമ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര നീതിപീഠങ്ങളുടെയും ഇരട്ടത്താപ്പിനും നിലപാടുരാഹിത്യത്തിനുമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് പ്രമേയം പാസ്സാക്കിയ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍, ഇസ്‌റാഈലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന കടന്നുകയറ്റത്തെയും അതിക്രമങ്ങളെയും കുറിച്ച് മൗനത്തിലാണ്. യു എ ഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്വര്‍, സഊദി തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചത്. ഇറാന്റെ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടതിലും കെട്ടിടങ്ങള്‍ക്കും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതിലും ആശങ്ക രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്ത യു എന്‍ കൗണ്‍സില്‍ ഇസ്‌റാഈല്‍- അമേരിക്ക കൂട്ടുകെട്ടാണ് യുദ്ധത്തിന് തുടക്കം കുറിച്ചതെന്ന വസ്തുതയും ഇറാന്റെ പരമോന്നത നേതാവിനെയടക്കം നൂറുകണക്കിനു പേരെ വധിച്ചതും അവിടെ ജനവാസ കേന്ദ്രങ്ങള്‍ ശ്മശാന ഭൂമിയാക്കുന്നതും കാണാത്ത ഭാവം നടിക്കുന്നു.
രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം സ്ഥാപിക്കുകയും ശക്തരായ രാഷ്ട്രങ്ങള്‍ ചെറുരാഷ്ട്രങ്ങളെ അടിച്ചമര്‍ത്താതിരിക്കാന്‍ നൈതിക- രാഷ്ട്രീയ സംവിധാനം ഒരുക്കുകയുമാണ് ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ മുഖ്യ സ്ഥാപിതലക്ഷ്യം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തം മനുഷ്യരാശിക്ക് നല്‍കിയ പാഠമാണ് സംഘടനയുടെ രൂപവത്കരണത്തിന് പ്രചോദനം. എന്നാല്‍ ശാക്തിക രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന നിലപാടാണ് മിക്കപ്പോഴും സംഘടന സ്വീകരിച്ചു വരുന്നത്. മധ്യപൂര്‍വേഷ്യയിലെ സംഭവ വികാസങ്ങളില്‍ ഈ പ്രവണത കൂടുതല്‍ പ്രകടമാണ്.
പശ്ചിമേഷ്യയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇസ്‌റാഈല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയാണ് മേഖലയില്‍ അശാന്തി വിതക്കുന്നതും സയണിസ്റ്റ് രാഷ്ട്രത്തെ ഇത്രത്തോളം അക്രമാസക്തമാക്കുന്നതും. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി, സ്വതന്ത്ര രാഷ്ട്രങ്ങളുടെ അധികാരത്തിന്മേല്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൈയേറ്റങ്ങളെ “സ്വയംപ്രതിരോധ’മെന്ന് ന്യായീകരിക്കുകയാണ് യു എസ് എപ്പോഴും. ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ പ്രാദേശിക സുരക്ഷക്ക് ഭീഷണിയാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഇസ്‌റാഈല്‍ വര്‍ഷങ്ങളായി തുടരുന്ന ബോംബാക്രമണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഇതാദ്യമായല്ല രക്ഷാ സമിതിക്കെതിരെ ഈ വിമര്‍ശമുയരുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ മധ്യപൂര്‍വേഷ്യയില്‍ നടന്ന പല സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും ഈ ഇരട്ട മാനദണ്ഡം പ്രകടമായിരുന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നാശനഷ്ടങ്ങളും നിരപരാധികളുടെ ജീവഹാനിയും വരുത്തുന്ന ഇറാന്റെ ആക്രമണങ്ങളെ ന്യായീകരിക്കാനാകില്ല. ഏതൊരു രാജ്യവും മറ്റൊരു രാജ്യത്തിനെതിരെ സൈനിക ശക്തി പ്രയോഗിക്കുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണ്. എന്നാല്‍ ഇറാനെതിരെ പ്രമേയം കൊണ്ടുവരാന്‍ കാണിക്കുന്ന ആവേശം, ഗസ്സയിലോ ലബനാനിലോ നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ എന്തുകൊണ്ട് കാണുന്നില്ല? ലോകം ഒന്നടങ്കം ഇറാന്‍- അമേരിക്ക യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരായ നിഷ്ഠൂര ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗസ്സയിലേക്ക് ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കാനുള്ള ഏക മാര്‍ഗമായ റഫ അതിര്‍ത്തി ഇസ്‌റാഈല്‍ അടച്ചതോടെ അവിടേക്കുള്ള മാനുഷിക സഹായം നിലക്കുകയും പട്ടിണിമരണ ഭീഷണി ഉയര്‍ന്നിരിക്കുകയുമാണ്. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്‌റാഈല്‍ ആരംഭിച്ച വംശഹത്യയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,000 കടന്നിരിക്കുകയാണ്.
നീതിയുടെ കഴുത്തറുക്കുന്നതാണ് യു എന്‍ രക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് അനുവദിച്ച വീറ്റോ അധികാരം. ഇസ്‌റാഈലിനെതിരെയോ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരെയോ വരുന്ന ഏത് പ്രമേയത്തെയും അട്ടിമറിക്കാന്‍ ഈ അധികാരം ഉപയോഗപ്പെടുത്തുകയാണ് അമേരിക്ക. ദുര്‍ബലരായ രാജ്യങ്ങള്‍ നിയമം പാലിക്കണം, ശക്തരായ രാജ്യങ്ങള്‍ക്ക് എന്തുമാകാം എന്ന നിലപാടാണ് നിലവിലുള്ളത്. ഈ ഇരട്ടത്താപ്പ് ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യത തന്നെ തകര്‍ത്തിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ തുല്യനീതി നടപ്പാക്കാന്‍ കഴിയാത്ത ഈ സംഘടന എന്തിന് നിലകൊള്ളുന്നു എന്ന ഗൗരവതരമായ ചര്‍ച്ചക്ക് സമയമായിരിക്കുന്നു. വന്‍ശക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സിയായി മാറാതെ, സത്യസന്ധമായ നിലപാടെടുക്കാന്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട് യു എന്‍. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അധിനിവേശ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാതെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരില്ല. നീതിയുടെ തുലാസ് ഒരു വശത്തേക്ക് ചായുന്ന പ്രവണത തുടര്‍ന്നാല്‍ പരാജയപ്പെട്ട പ്രസ്ഥാനങ്ങളുടെ പട്ടികയിലായിരിക്കും യു എന്നിന്റെ ഇടം.
ഐക്യരാഷ്ട്ര സഭയുടെ നയരൂപവത്കരണത്തില്‍ ജനാധിപത്യപരമായ പുനഃക്രമീകരണം അനിവാര്യമാണ്. അക്രമികളെ നിലക്കു നിര്‍ത്താനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കഴിയുന്ന കരുത്തുറ്റ ഏജന്‍സിയായി അത് മാറണം. എങ്കിലേ ഭാവിതലമുറക്ക് യുദ്ധമില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണാനാകുകയുള്ളൂ. വന്‍ശക്തികളുടെ താത്പര്യാനുസാരം നിയമങ്ങള്‍ മാറ്റിമറിക്കപ്പെടുന്ന നിലവിലെ രീതി തുടര്‍ന്നാല്‍ ലോകസമാധാനം കേവലം പാഴ്‌വാക്കായി അവശേഷിക്കും. അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ വികസ്വര രാജ്യങ്ങളും ചേരിചേരാ രാജ്യങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.






