Connect with us

asian games 2023

ഹാംഗ് ചൗവില്‍ ദീപശിഖ അണഞ്ഞു; ഏഷ്യന്‍ ഗെയിംസിന് പ്രൗഢസമാപനം

അടുത്ത ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന ജപ്പാന് പതാക കൈമാറി.

Published

|

Last Updated

ഹാംഗ് ചൗ | 16 ദിവസം നീണ്ടുനിന്ന ഏഷ്യന്‍ ഗെയിംസിന് പ്രൗഢ സമാപനം. ഉദ്ഘാടന ചടങ്ങിലെന്നതുപോലെ സമാപനത്തിലും അത്ഭുതകാഴ്ചകളും ദൃശ്യവിരുന്നുകളുമാണ് സംഘാടകര്‍ ഒരുക്കിയത്. എ ഐയില്‍ തീര്‍ത്ത യന്ത്രമനുഷ്യനാണ് ദീപശിഖ അണച്ചത്.

ഉദ്ഘാടനത്തിനെന്നതുപോലെ ക്വായന്താംഗ് നദി മുറിച്ചുകടന്നുവന്ന യന്ത്ര മനുഷ്യന്‍ സ്‌റ്റേഡിയത്തിലേക്ക് ഓടിയെത്തി ദീപശിഖ അണക്കുകയായിരുന്നു. തുടര്‍ന്ന് വേദിയും നഗരവും വിട്ടുപോയി. അകലെ ആകാശത്ത് ഒരു നക്ഷത്രമായി ഒടുങ്ങി. നിരവധി ലൈറ്റുകള്‍ ചേര്‍ത്താണ് ഈ യന്ത്രമനുഷ്യന്റെ രൂപമുണ്ടാക്കിയത്.

അടുത്ത ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന ജപ്പാന് പതാക കൈമാറി. മത്സരത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകകളേന്തി പരേഡ് നടത്തി. ഹാംഗ്ചൗവിനെ സംബന്ധിച്ച പ്രമുഖ ചൈനീസ് കവിതയിലെ വരിയായ ‘ഹാംഗ്ചൗവിനെ കുറിച്ചുള്ള സ്മരണകള്‍ നിലനില്‍ക്കട്ടെ’ എന്ന പ്രമേയത്തിലായിരുന്നു സമാപന ചടങ്ങുകള്‍.

107 മെഡലുകളുമായി ഇന്ത്യ നാലാമതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് ഇന്ത്യയുടെത്. 374 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

Latest