Connect with us

National

ഹിമാചല്‍ പ്രദേശിലെ ആറ് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

അയോഗ്യത ഹരജിയില്‍ പ്രതികരിക്കാന്‍ മതിയായ അവസരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എം.എല്‍.എമാര്‍ ഹരജി സമര്‍പ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഹിമാചല്‍ പ്രദേശിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹിമാചല്‍ പ്രദേശില്‍ അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത ആറ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ അയോഗ്യതയെ ചൊല്ലി സ്പീക്കറോട് ഇവര്‍ കയര്‍ത്തു സംസാരിച്ചിരുന്നു.

രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരായ എം.എല്‍.എമാര്‍. വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 29ന് സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ ഇവരെ അയോഗ്യരാക്കി പ്രഖ്യാപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഹരജി പരിഗണിക്കുക.

അയോഗ്യത ഹരജിയില്‍ പ്രതികരിക്കാന്‍ മതിയായ അവസരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എം.എല്‍.എമാര്‍ ഹരജി സമര്‍പ്പിച്ചത്. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിമതര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ക്രോസ് വോട്ടിംഗിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

ആറ് എംഎല്‍എമാരുടെ അയോഗ്യതയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് നിയമസഭയുടെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 40 ല്‍ നിന്ന് 34 ആയി ചുരുങ്ങി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഹിമാചല്‍ പ്രദേശില്‍ ആദ്യമായാണ് എം.എല്‍.എമാര്‍ അയോഗ്യരാകുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും അംഗം സ്വമേധയാ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പുറപ്പെടുവിച്ച ഏതെങ്കിലും നിര്‍ദ്ദേശത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്യുകയോ, വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അയോഗ്യതയ്ക്ക് ബാധ്യസ്ഥനാണ്. പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

 

 

 

 

Latest