National
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
2022ല്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി നടപടി.
ബെംഗളുരു|കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. 2022ല്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി നടപടി. ഫെബ്രുവരി ആറിന് കേസ് റദ്ദാക്കണമെന്ന ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സിദ്ധരാമയ്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന മന്ത്രിമാരായ എം ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദ് ചെയ്തിട്ടുണ്ട്. കേസില്‍ ആറാഴ്ചയ്ക്കുശേഷം അടുത്ത വാദം കേള്‍ക്കും.
സംസ്ഥാന ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ ബെംഗളുരുവിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈശ്വരപ്പ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച്. റോഡ് ഉപരോധിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാരോപിച്ചാണ് അന്ന് പോലീസ് കേസെടുത്തത്. സിദ്ധരാമയ്യക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡി, എം.ബി പാട്ടീല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മറ്റ് പ്രതികള്‍.